പകര്‍ച്ചവ്യാധി പ്രതിരോധം 'ശ്രദ്ധ'യോടെ ആരോഗ്യവകുപ്പ്
കൊച്ചി: പ്രളയത്തിന് ശേഷം ഫീല്‍ഡ് തലത്തിലുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ജില്ലാ ആരോഗ്യ വകുപ്പ്. ജില്ലയില്‍ ആരംഭിച്ച 'ശ്രദ്ധ' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും പ്രളയബാധിത മേഖലകളിലെ ഒട്ടുമിക്ക വീടുകളിലും ഒരു വട്ടം സന്ദര്‍ശനം ശ്രദ്ധയോടെ പൂര്‍ത്തീകരിക്കുവാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചു.
പ്രളയഘട്ടത്തിലും തുടര്‍ന്നുമായി നടത്തി വന്ന ഫീല്‍ഡ് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെമ്പാടും ഏകീകരിക്കുക , പകര്‍ച്ചവ്യാധി കേസുകളെല്ലാം ആരംഭത്തിലേ കണ്ടെത്തി കൃത്യസമയത്ത് തന്നെ പ്രതിരോധനടപടികള്‍ ആരംഭിക്കുക , കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷന്‍ ഉറപ്പ് വരുത്തുക , രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുക എന്നി ലക്ഷ്യങ്ങളുമായാണ് 'ശ്രദ്ധ' ആരംഭിച്ചത്.
ജില്ലയില്‍ വിവിധ ആരോഗ്യസ്ഥാപനങ്ങളുടെ കീഴിലുള്ള 280 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും, 426 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ക്കും പുറമെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും താത്ക്കാലികമായി നിയമിച്ച 85 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, 1995 ആശ പ്രവര്‍ത്തകര്‍ എന്നിവരും ശ്രദ്ധയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. കൂടാതെ അതത് പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തുന്ന സന്നദ്ധ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി ടീമുകള്‍ രൂപീകരിച്ചാണ് ശ്രദ്ധ പരിപാടിയുടെ ഭാഗമായുള്ള ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഒരു ദിവസം ചുരുങ്ങിയത് 40 വീടുകള്‍ ഓരോ സംഘവും സന്ദര്‍ശിക്കുന്നുണ്ട്. ശ്രദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആഗസ്റ്റ് 30 ന് 831 സംഘങ്ങളും, 31 ന് 923 സംഘങ്ങളും, സെപ്റ്റംബര്‍ 1 ന് 1415 സംഘങ്ങളും, 2 ന് 111 ഉം, 3 ന് 1345 സംഘങ്ങളും, 4 ന് 1404 സംഘങ്ങളും, 5 1887 സംഘങ്ങളും, 6 ന് 750 സംഘങ്ങളും ഭവനസന്ദര്‍ശനം നടത്തി. ഇത് വരെ 1,62,546 വീടുകള്‍ ശ്രദ്ധയുടെ ഭാഗമായി സന്ദര്‍ശിച്ചു.
ഈ സന്ദര്‍ശനങ്ങളിലൂടെ 3915 പനി കേസുകള്‍ കണ്ടെത്തി നേരത്തെ തന്നെ ചികിത്സ ഉറപ്പ് വരുത്തുവാനും, 566 വയറിളക്ക ബാധിതരെ കണ്ടെത്തി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാനും സാധിച്ചു. അതാത് പ്രദേശത്തെ കുടിവെള്ളസ്രോതസ്സുകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും, പ്രളയശേഷം ക്ലോറിനേഷന്‍ നടത്താത്ത സ്വകാര്യ, പൊതു കിണറുകളുടെ സൂപ്പര്‍ ക്ലോറിനേഷനും ഓരോ സംഘവും ഇതോടൊപ്പം നടത്തുന്നുണ്ട്. 1,09,727 ക്ലോറിന്‍ ടാബ്‌ലെറ്റുകളൂം, ബോധവല്‍ക്കരണ നോട്ടീസുകളും ശ്രദ്ധയുടെ ഭാഗമായി വീടുകളില്‍ വിതരണം ചെയ്തു. കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള 1,13,451 ഉറവിടങ്ങളും സംഘം നിര്‍മാര്‍ജ്ജനം ചെയ്തു.
'ശ്രദ്ധ'യുടെ പരിപാടി ജില്ലയിലൊട്ടാകെ നടപ്പിലാക്കാനാണ് തീരുമാനമെങ്കിലും ഏറ്റവും പ്രളയബാധിതമായ 10 ഹെല്‍ത്ത് ബ്ലോക്കുകള്‍ക്ക് ഏറ്റവും മുന്‍ഗണന നല്‍കികൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."