കേരള പുനര്‍നിര്‍മാണം നെതര്‍ലന്‍ഡ്‌സ് മാതൃകയും പരിഗണിച്ച്
തിരുവനന്തപുരം: തന്റെ യൂറോപ്യന്‍ സന്ദര്‍ശനം ഫലപ്രദമായിരുന്നുവെന്നും സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇത് മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം തടയാനും പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും നെതര്‍ലന്‍ഡ്‌സ് മികച്ച പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള ആ മാതൃകകള്‍ ഉള്‍ക്കൊണ്ടായിരിക്കും നവകേരളം നിര്‍മിക്കുന്നതെന്നും വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി കേരളത്തില്‍ തിരിച്ചെത്തിയ ശേഷം വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പ്രളയ പുനര്‍നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥരുടെ യോഗം അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത വിളിച്ചു ചേര്‍ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നെതര്‍ലന്‍ഡ്‌സിലെ വ്യവസായ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഡച്ച് കമ്പനികളുടെ പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രിസിഷന്‍ ഫാമിങ്, വിള വൈവിധ്യവല്‍ക്കരണം, കോള്‍ഡ് സ്റ്റോറേജ്, കടല്‍നിരപ്പിന് താഴെയുള്ള കൃഷി, ഉപ്പുവെള്ളത്തിലെ കൃഷി എന്നീ മേഖലകളെ സംബന്ധിച്ച് വാഗ്‌നിന്‍ഗെന്‍ സര്‍വകലാശാല അധികൃതരുമായി ചര്‍ച്ച നടത്തി. വാഗ്‌നിന്‍ഗെന്‍ സര്‍വകലാശാലയുടെ കാര്‍ഷിക ഗവേഷണ പരീക്ഷണ കേന്ദ്രം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വാഴപ്പഴത്തിന്റെ ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കുന്നതിനും കാര്‍ഷിക വൈവിധ്യവല്‍ക്കരണം സാധ്യമാക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളാനൊരുങ്ങുകയാണ്. ഇക്കോ ടൂറിസത്തിന്റെ സാധ്യതകള്‍ കേരളത്തില്‍ മെച്ചപ്പെടുത്താനും ശ്രമിക്കും. ചീഫ് സെക്രട്ടറിക്കായിരിക്കും ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളുടെ ചുമതല.
നെതര്‍ലന്‍ഡ്‌സിലെ കൃഷി സെക്രട്ടറി ജനറലുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അവരുടെ സഹകരണത്തോടെ കേരളത്തില്‍ പുഷ്പഫല മേഖലയില്‍ ഒരു സെന്റര്‍ ഓഫ് എക്‌സലന്‍സ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് കൃഷിമന്ത്രാലയവുമായും ഡല്‍ഹിയിലുള്ള ഡച്ച് എംബസിയുമായും ബന്ധപ്പെടുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കൂടാതെ നെതര്‍ലന്‍ഡ്‌സിലെ മന്ത്രി കോറ വാന്‍ ന്യൂവെന്‍ ഹ്യൂസനുമായുള്ള ചര്‍ച്ച ഏറെ പ്രയോജനപ്പെട്ടു. മന്ത്രിയെ കേരളത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. ജല-സമുദ്രതല-ഷിപ്പിങ് മേഖലകള്‍ക്കാകെ സമഗ്രമായി പ്രയോജനപ്പെടുന്ന വിധത്തിലുള്ള ഒരു ബിസിനസ് പ്രതിനിധി സംഘത്തോടൊപ്പം മന്ത്രി കേരളം സന്ദര്‍ശിക്കും.
യു.എന്‍.ഡി.പിയുടെ ക്രൈസിസ് റെസ്‌പോണ്‍സ് യൂനിറ്റിന്റെ ഡയരക്ടറായ അസാക്കോ ഒക്കായിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് യു.എന്‍.ഡി.പിയില്‍നിന്ന് സാമ്പത്തികവും സാങ്കേതികവുമായ സഹായം ലഭ്യമാക്കുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞു.
തുടര്‍സഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി കോ-ഓഡിനേറ്റ് ചെയ്യാന്‍ യു.എന്‍.ഡി.പിയുടെ പ്രതിനിധിയായി ഒരംഗത്തെ നിയോഗിക്കാമെന്ന് ഡയരക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."