മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റില്‍
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജിന് എതിവശം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്നു നടത്തിയ മോഷണത്തിലെ പ്രതി അറസ്റ്റില്‍. ബംഗാള്‍ ജെയ്‌പെല്‍ പാരാട്ടുകുരി രണ്ടാം വാര്‍ഡ് ദൂപൗകുരിയില്‍ ഷാംസിയായുടെ മകന്‍ തന്തു ഇസ്‌ലാം (32) ആണു പിടിയിലായത്.
78,000 രൂപ വിലമതിക്കുന്ന എട്ട് മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളുമാണു മോഷണം പോയത്. പുന്നപ്ര പൊലിസും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയില്‍ പ്രതി കടയുടെ സമീപത്ത് മറന്നുവച്ച ബാഗില്‍നിന്നു ലഭിച്ച തിരിച്ചറിയല്‍ രേഖകളില്‍നിന്നാണു പ്രതിയെ കണ്ടെത്താനായത്. പ്രതിയെക്കുറിച്ച് എല്ലാ പൊലിസ് സ്റ്റേഷനുകളിലേക്കും വിവരം അറിയിച്ചതനുസരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി തൃശൂരിലുണ്ടെന്നു വിവരം ലഭിച്ചതോടെ ഗ്രേഡ് എസ്.ഐ റഹീമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തി. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ മോഷണമുതല്‍ കണ്ടെടുക്കുകയും വണ്ടാനത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു. പ്രതിയെ ഇന്ന് അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കും. എ.എസ്.ഐമാരായ സിദ്ദീക്ക്, വേണു ബി. ജേഷ് എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."