സര്‍വേ ഫലങ്ങളെ തള്ളിയും ശബരിമല ഇഫക്ടിനെ തള്ളാതെയും സി.പി.എം
ടി.കെ ജോഷി
കോഴിക്കോട്: ഫലമറിയാന്‍ ഇനി രണ്ടുനാള്‍ മാത്രം ശേഷിക്കേ പുറത്തുവന്ന എക്‌സിറ്റ്‌പോളുകളെ പൂര്‍ണമായും തള്ളിക്കളയുമ്പോഴും ശബരിമല ഇഫക്ടിനെ തള്ളാതെ സി.പി.എം. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സി.പി.എമ്മും ഇടതുസര്‍ക്കാരും സ്വീകരിച്ച നിലപാട് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരിക്കാമെന്ന് ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയെ കേരളം ഏറെ ചര്‍ച്ച ചെയ്ത ശബരിമല യുവതീ പ്രവേശന വിഷയം വിധിയെഴുത്തില്‍ നിര്‍ണായകമായെന്ന പാര്‍ട്ടിയുടെ ഏറ്റുപറച്ചിലായിട്ടുവേണം വിലയിരുത്താന്‍.
കാര്യമായ ഭരണവിരുദ്ധ തരംഗമില്ലാതെയായിരുന്നു പിണറായി സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. മാത്രമല്ല, ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടക്കെതിരേയുള്ള പോരാട്ടമുള്‍പ്പെടെ ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനാകുന്ന അനുകൂലമായ ഏറെ ഘടകങ്ങളുമുണ്ടായിരുന്നു. എന്നാല്‍ സുപ്രിംകോടതിയുടെ വിധിയുടെ ചുവടുപിടിച്ചാണെങ്കിലും ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരും പൊലിസും സ്വീകരിച്ച നിലപാട് വിനയായി എന്ന വിലയിരുത്തല്‍ തന്നെയാണ് സി.പി.എമ്മിന് ഇപ്പോഴുള്ളത്.
വിവാദങ്ങളെ രാഷ്ട്രീയമായി മുതലെടുക്കാന്‍ യു.ഡി.എഫിനും ബി.ജെ.പിക്കും കഴിഞ്ഞു. ശബരിമലയില്‍ ചെയ്യാത്ത കുറ്റം സര്‍ക്കാരിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ വര്‍ഗീയ കോമരങ്ങള്‍ക്ക് സാധിച്ചുവെന്നും ജനങ്ങളെ കബളിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്ന കടകംപള്ളിയുടെ പ്രസ്താവനയും ഈ വിലയിരുത്തലില്‍ നിന്നുള്ളതാണ്.
ബി.ജെ.പി പ്രത്യക്ഷ സമരവുമായി മുന്‍പിലുണ്ടായിരുന്നുവെങ്കിലും വിശ്വാസികളായ സ്ത്രീകള്‍ മുന്നിട്ടിറങ്ങിയ സമരമായിരുന്നു ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്നത്. ഈ സ്ത്രീവോട്ടര്‍മാര്‍ തെക്കന്‍ കേരളത്തില്‍ ബി.ജെ.പിക്കും വടക്കന്‍ കേരളത്തില്‍ യു.ഡി.എഫിനും വോട്ടുചെയ്തുവെന്നാണ് സി.പി.എം വിലയിരുത്തുന്നത്. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, ആലത്തൂര്‍ തുടങ്ങി എല്‍.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലങ്ങളെ ഇത് ബാധിച്ചേക്കാം. അതോടൊപ്പം ഇവിടങ്ങളിലെ ബി.ജെ.പി വോട്ടുകളും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയേക്കാമെന്നും സി.പി.എം കണക്കുകൂട്ടുന്നുണ്ട്.
അക്രമരാഷ്ട്രീയത്തെ വലിയ തിരിച്ചടിക്ക് കാരണമായി സി.പി.എം വിലയിരുത്തുന്നില്ലെങ്കിലും വടകരയില്‍ പി. ജയരാജന്റെ സ്ഥാനാര്‍ഥിത്വത്തോടെയുണ്ടായ സാഹചര്യവും കാസര്‍കോട്ടെ ഇരട്ടകൊലപാതകവും എല്‍.ഡി.എഫിനെ പ്രതിരോധത്തിലാക്കി എന്നത് വസ്തുതയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേട്ടമുണ്ടാക്കുമെന്ന് സര്‍വേഫലങ്ങള്‍ പറയുമ്പോള്‍ ബി.ജെ.പി കണ്ണുവയ്ക്കുന്നത് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കൂടിയാണ്. വടകരയിലെ മുരളീധരന്റെ വിജയം യു.ഡി.എഫിനേക്കാളേറെ ബി.ജെ.പിയാണ് ആഗ്രഹിക്കുന്നത്.
കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുന്നത് വരാന്‍ പോകുന്ന മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാകുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സഹായകരമാകുമെന്ന ചര്‍ച്ചയും ബി.ജെ.പി ക്യാംപില്‍ നടന്നിരുന്നു. കെ. മുരളീധരന്‍ ജയിച്ചാല്‍ വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ ഇപ്പോള്‍ അവിടെ രണ്ടാം കക്ഷിയായ തങ്ങള്‍ക്ക് ജയിച്ചുകയറാമെന്ന് ബി.ജെ.പിക്ക് കണക്കുകൂട്ടലുണ്ട്.
മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ചില കേന്ദ്രങ്ങളില്‍നിന്നു കൂടി സഹായം ലഭിച്ചാല്‍ നിയമസഭയിലെത്താമെന്ന കണക്കുകൂട്ടലും ബി.ജെ.പിക്കുണ്ട്.
ഈ രണ്ടു നിയമസഭാ ഉപതെരഞ്ഞെടുപ്പിലും വിജയിക്കാനായാല്‍ സഭയില്‍ മുന്നണിയുടെ അംഗസംഖ്യ നാലാകും. ഇത് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമാണ്.
നേമം എം.എല്‍.എ ഒ. രാജഗോപാലിന് പുറമെ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജും ഇപ്പോള്‍ എന്‍.ഡി.എ പക്ഷത്താണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുത്തുന്ന രാഷ്ട്രീയ മാറ്റത്തില്‍ ഇത് നാല് അംഗമായാല്‍ ബി.ജെ.പിക്ക് നിയമസഭയിലും കരുത്താകാം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ യു.ഡി.എഫിന് വിജയം പ്രവചിച്ചുകൊണ്ട് ഏക്‌സിസ്റ്റ് പോളുകള്‍ വന്നപ്പോള്‍ എല്‍.ഡി.എഫ് 18 സീറ്റു വരെ നേടുമെന്ന് സി.പി.എം പ്രഖ്യാപിച്ചിരുന്നു.
പുറത്തു 18 അവകാശപ്പെട്ടുവെങ്കിലും ഏഴ് സീറ്റില്‍ വിജയം ഉറപ്പിച്ചായിരുന്നു പാര്‍ട്ടി മുന്നോട്ടുപോയിരുന്നതെന്നും.
എന്നാല്‍ ഇപ്പോള്‍ 10 നടുത്ത സര്‍വേകള്‍ പുറത്തുവന്നപ്പോള്‍ എല്ലാത്തിലും നാമമാത്ര സീറ്റുമാത്രമാണ് എല്‍.ഡി.എഫിന് ഉണ്ടാകൂവെന്ന സൂചനയാണ് നല്‍കുന്നത്. ഇതിനെ സി.പി.എം പൂര്‍ണമായും തള്ളിക്കളയുമ്പോഴും ആശങ്ക പാര്‍ട്ടി നേതാക്കള്‍ക്കുള്ളിലുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."