'നിരോധനാജ്ഞ ലംഘിച്ചു, സമാധാനാന്തരീക്ഷം തകര്‍ത്തു!'; ഹാത്രസില്‍ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുത്ത് യു.പി പൊലിസ്
ലഖ്‌നോ: ഹാത്രസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പോകുകയായിരുന്ന കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയെ യു.പി പൊലിസ് കസ്റ്റഡിയിലെടുത്തു. മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെയാണ് മഥുര പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
നിരോധനാജ്ഞ ലംഘിച്ചു, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് അറസ്റ്റിലായ സിദ്ദീഖ്. അഴിമുഖം.കോമിലെ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് മുമ്പ് തേജസ്, തത്സമയം ദിനപത്രങ്ങളുടെയും ലേഖകനായിരുന്നു. യു.പി പൊലിസിന്റെ നടപടിയില്‍ കെ.യു.ഡബ്ല്യു.ജെ അപലപിച്ചു. കേരള മുഖ്യമന്ത്രിമാര്‍ക്കും സംസ്ഥാന ഡി.ജി.പിമാര്‍ക്കും പരാതി നല്‍കി. ക്യാമ്പസ് ഫ്രണ്ട് ഭാരവാഹികളായ മൂന്നു പേരെയും സിദ്ദീഖിനൊപ്പം യു. പി പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകനാണെന്ന് അറിയിച്ചിട്ടും സിദ്ദിഖിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിദ്ദിഖിന്റെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണും ലാപ് ടോപ്പ് അടക്കമുള്ളവയും പൊലിസ് പിടിച്ചുവച്ചിരിക്കുകയാണ്.
ഹാത്രസില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളെ കടത്തുന്നത് വിലക്കിയിരുന്നു. പിന്നീട് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരെ പൊലിസ് കടത്തി വിട്ടത്.
യോഗി ആദിത്യനാഥ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുപി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാജ്യാന്തര ഗൂഡാലോചനയാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് രാജ്യദ്രോഹ കുറ്റങ്ങള്‍ അടക്കമുള്ളവ കേസില്‍ ചുമത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."