അധ്യാപക യൂനിയന്‍ ജൂണ്‍ മൂന്നു മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു
തിരുവനന്തപുരം: ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ഏകീകരണം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച അധ്യാപക സംഘടനകളുടെ യോഗം അലസിപ്പിരിഞ്ഞു. പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗമാണ് ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അലസിപ്പിരിഞ്ഞത്.
ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാര്‍ യോഗത്തില്‍ നിലപാടെടുത്തു. ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനകളെല്ലാം ഒറ്റക്കെട്ടായിനിന്ന് ഏകീകരണത്തെ എതിര്‍ക്കുകയും ചര്‍ച്ച ബഹിഷ്‌കരിക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം ഹൈസ്‌കൂള്‍ അധ്യാപകരുടെ പ്രതിപക്ഷ സംഘടനയും ഏകീകരണത്തെ എതിര്‍ത്ത് നിലപാട് എടുത്തു. ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ഏകീകരണത്തിനെതിരേ ജൂണ്‍ മൂന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് അടക്കം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അധ്യാപകസംഘടനാ പ്രതിനിധികള്‍ അറിയിച്ചു. പ്രവേശനോത്സവം ബഹിഷ്‌കരിക്കുമെന്നും വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയുമായി ഇനിയും ചര്‍ച്ച നടത്തുമെന്നും ഖാദര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ അതിനെ ശക്തമായി നേരിടുമെന്നും സംയുക്ത അധ്യാപക സമിതി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഖാദര്‍ കമ്മിറ്റി ശുപാര്‍ശ അനുസരിച്ചാണ് സര്‍ക്കാര്‍ ഏകീകരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്.
ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളെ ആകെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ശ്രമം. ചര്‍ച്ചക്കു ശേഷമേ തീരുമാനം എടുക്കൂവെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ഈ അധ്യയനവര്‍ഷം ഖാദര്‍ കമ്മിറ്റിയുടെ മൂന്ന് ശുപാര്‍ശകള്‍ നടപ്പാക്കാനാണ് നീക്കം. ഹെഡ്മാസ്റ്ററും പ്രിന്‍സിപ്പലുമുള്ള സ്‌കൂളിലെ സ്ഥാപന മേധാവി ചുമതല പ്രിന്‍സിപ്പലിന് നല്‍കും. പൊതുവിദ്യാഭ്യാസവകുപ്പും ഹയര്‍സെക്കന്‍ഡറി ഡയരക്ടറേറ്റും വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റും ലയിപ്പിക്കും.
ഒരു ഡയരക്ടറുടെ കീഴിലാക്കും. മൂന്ന് പരീക്ഷാ ബോര്‍ഡുകളും ഏകീകരിക്കും. പക്ഷെ ഒന്നും അനുവദിക്കില്ലെന്ന നിലപാടിലാണ് ഹയര്‍സെക്കന്‍ഡറിയിലെ നാല് അധ്യാപക സംഘടനകളും. ഹൈസ്‌കൂള്‍ തല അധ്യാപക സംഘടനയില്‍ ഭരണാനുകൂല അധ്യാപക സംഘടനകള്‍ ലയനത്തെ അനുകൂലിക്കുന്നുണ്ട്.
എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം വകുപ്പ്മന്ത്രിയുടെ സാന്നിധ്യത്തില്‍ ഈ മാസം 28ന് രാവിലെ 11ന് എല്ലാ അധ്യാപക, അനധ്യാപക സംഘടനകളുമായും ഉച്ചയ്ക്ക് ശേഷം മാനേജ്‌മെന്റ്, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായും ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ അറിയിച്ചു. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നുമുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഇത്തവണ പഠനോത്സവത്തിന് പിന്നാലെ പ്രവേശനോത്സവം നടത്തി ഒരേ ദിവസം ക്ലാസുകള്‍ ആരംഭിക്കും.
ഈ അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ കഴിഞ്ഞ അധ്യയനവര്‍ഷം അവസാനം തന്നെ തയാറായിക്കഴിഞ്ഞു. ഇത് പ്രകാരം ക്ലാസുകള്‍ നടക്കുമെന്നും ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുന്‍പ് ലഭിക്കുന്ന എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച് ഗുണകരമായ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."