പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കും: നഗരസഭാ ചെയര്‍മാന്‍
ആലപ്പുഴ : പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യനിര്‍മാര്‍ജ്ജനത്തിനും വലിയ പ്രാധാന്യമാണ് ആലപ്പുഴ നഗരസഭ നല്‍കുന്നതെന്ന് ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ പരിസ്ഥിതി സംഘടനയായ സീ-ഗിഫ്റ്റ് ആലപ്പുഴയും എസ്.ഡി കോളജ് ജലവിഭവ ഗവേഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ച പ്രകൃതി സംരക്ഷണ ബോധവല്‍കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വായു, ജലം എന്നീ പ്രകൃതി വിഭവങ്ങളുടെ മലിനീകരണവും വന നശീകരണവും കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നതോടൊപ്പം കൊടിയ ദുരന്തങ്ങളും വിളിച്ച് വരുത്തും. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനയായ സീ-ഗിഫ്റ്റ് ആലപ്പുഴ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ബോധവത്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച മണല്‍ ശില്പ്പം പൊതുജനങ്ങള്‍ക്കായി ചെയര്‍മാന്‍ സമര്‍പ്പിച്ചു.
ബീച്ച് വാര്‍ഡ് കൗണ്‍സിലര്‍ കരോളിന്‍ പീറ്റര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. സി.ആര്‍.എ.ആര്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.ജി. നാഗേന്ദ്രപ്രഭു മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ സി.വി.മനോജ്കുമാര്‍, എസ്.ഡി.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ്.നടരാജഅയ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സീ-ഗിഫ്റ്റ് ഡയറക്ടര്‍ ആന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫിറോസ് അഹമ്മദ് സ്വാഗതവും ടി.പി.ഉദയന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."