യാത്രക്കാര്‍ക്ക് ശങ്ക തോന്നിയാല്‍ 'കടമ്പ' കടക്കണം
ചെറുവത്തൂര്‍: ട്രെയിനുകളിലെ ശുചിമുറികളുടെ മുന്‍വശം പാര്‍സല്‍ വാഹനങ്ങളേക്കാള്‍ കഷ്ടം. വലിയ കെട്ടുകള്‍ കയറ്റി വയ്ക്കുന്നതിനാല്‍ ശുചിമുറികളിലെത്താന്‍ യാത്രക്കാര്‍ 'സര്‍ക്കസ് ' പഠിക്കണം. പാസഞ്ചര്‍ ട്രെയിനുകളിലാണ് ഏറെ വിഷമം.
മംഗളൂരുവിലേക്കും അവിടെ നിന്നു തിരികെയും ചെലവില്ലാതെ സാധനങ്ങള്‍ എത്തിക്കാനുള്ള മാര്‍ഗമാണ് പലര്‍ക്കും ട്രെയിന്‍. ഇത്തരത്തില്‍ കയറ്റുന്ന വലിയ ലഗേജുകളാകട്ടെ കുത്തിനിറയ്ക്കുന്നതു ശുചിമുറികള്‍ക്കു മുന്നിലും. സാധനങ്ങള്‍ കയറ്റിയവര്‍ ഒന്നുമറിയാത്ത ഭാവത്തില്‍ മാറി നില്‍ക്കും. ശങ്ക തോന്നി ആരെങ്കിലും എത്തിയാല്‍ അവര്‍ക്ക് ശുചിമുറികളിലേക്കു പോകാനുള്ള സഹായം കൂടി ഇവര്‍ ചെയ്യുകയുമില്ല. സ്ത്രീകളാണ് വലിയ ദുരിതമനുഭവിക്കുന്നത്.
രാവിലെ മംഗളൂരുവിലേക്കുള്ള പാസഞ്ചറില്‍ ഒട്ടുമിക്ക കംപാര്‍ട്ടുമെന്റുകളിലും ഈ 'വഴിതടയല്‍'കാണാം. വീടുകളില്‍ നിന്നു ശേഖരിക്കുന്ന പഴയ വസ്ത്രങ്ങള്‍ മംഗളൂരുവിലേക്ക് എത്തിക്കുന്നതു ട്രെയിന്‍ വഴിയാണ്. വലിയ കെട്ടുകളാക്കി ഇവ ശുചിമുറികള്‍ക്കു മുന്നില്‍ അടുക്കി വയ്ക്കും. തിരികെ വരുമ്പോള്‍ തുണികള്‍ നല്‍കുന്നതിനു പകരമായി ലഭിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ കയറ്റി വയ്ക്കുന്നതും ഇവിടെ തന്നെ. ഇത്തരത്തില്‍ ശുചിമുറികള്‍ക്കു മുന്നില്‍ കയറ്റി വയ്ക്കുന്ന പച്ചക്കറികള്‍ക്കും മറ്റും ഇടയിലാണ് ലഹരി വസ്തുക്കള്‍ കടത്തുന്നതെന്നും നേരത്തെ കണ്ടെത്തിയിരുന്നു.
എന്നിട്ടും ഇതു തടയാനോ പരിശോധിക്കാനോ അധികൃതര്‍ക്ക് കഴിയുന്നില്ല. ഇതിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."