ആക്രമിച്ചാല്‍ അത് ഇറാന്റെ അവസാനമായിരിക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: യു.എസിനെയോ രാജ്യത്തിന്റെ താല്‍പര്യങ്ങളെയോ ആക്രമിക്കുകയാണെങ്കില്‍ അത് ഇറാന്റെ അന്ത്യം കുറിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പിന്നെ യു.എസിനെ ഒരിക്കല്‍കൂടി ഭീഷണിപ്പെടുത്താനാവില്ല- ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പു നല്‍കി. എന്നാല്‍, ഇറാന്‍ എന്ത് ഭീഷണിയാണ് ഇപ്പോള്‍ പുതുതായി ഉയര്‍ത്തിയിരിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചില്ല.
അതേസമയം ഇറാഖിലെ യു.എസ് എംബസിക്കു നേരെ റോക്കറ്റ് ആക്രമണമുണ്ടായതിനു പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ് വന്നത്. കഴിഞ്ഞയാഴ്ച യു.എസിന്റെ സുഹൃദ് രാജ്യമായ സഊദിയുടെ എണ്ണക്കപ്പലുകള്‍ക്കു നേരെയും തുടര്‍ന്ന് എണ്ണ പൈപ്പ്‌ലൈനുകള്‍ക്കു നേരെയും ആക്രമണം നടന്നിരുന്നു. എന്നാല്‍ കപ്പലുകള്‍ ആക്രമിച്ചതിനു പിന്നില്‍ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അതിനിടെ ഖത്തറിലെ സൈനിക താവളത്തിലേക്ക് വിമാനവാഹിനി കപ്പലും യുദ്ധവിമാനങ്ങളും യു.എസ് അയച്ചിരുന്നു. എന്നാല്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചത്. അതേസമയം യു.എസ് പടക്കപ്പല്‍ തകര്‍ക്കാന്‍ തങ്ങളുടെ ഹ്രസ്വദൂര മിസൈല്‍ മതിയെന്ന് ഇറാന്‍ സൈനിക കമാന്‍ഡര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പശ്ചിമേഷ്യയില്‍ ഖത്തര്‍ ഒഴികെയുള്ള രാജ്യങ്ങളെല്ലാം സഊദിക്കൊപ്പമാണ്. സഊദിയാകട്ടെ ഇറാനെതിരായ ആക്രമണത്തിന് യു.എസിനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗമായ എണ്ണ കയറ്റുമതിക്ക് ഇറാന്‍ ഭീഷണിയാകുന്നതാണ് സഊദി, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളെ ഭയപ്പെടുത്തുന്നത്. ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതികള്‍ കൂടുതല്‍ ദൂരപരിധിയും കൃത്യതയുമുള്ള ഡ്രോണുകള്‍ ആക്രമണത്തിനുപയോഗിക്കുന്നതും സഊദിയെ ആശങ്കയിലാക്കുന്നു. യു.എസില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് സഊദി.
അതേസമയം യു.എസും ഇറാനും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ മേഖലയില്‍ യുദ്ധമുണ്ടാവുമെന്നു കരുതുന്നില്ലെന്നാണ് ഖത്തര്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചത്. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടന്‍ ഇറാനെതിരേ കര്‍ക്കശ നിലപാടെടുക്കുമ്പോള്‍ മറ്റുള്ളവര്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന അഭിപ്രായക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."