ഗോകുലത്തിന് തോല്‍വി; പുറത്ത്
ലുധിയാന: തുടര്‍ വിജയങ്ങളുമായി ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗ് സെമിഫൈനലിലെത്തിയ ഗോകുലത്തിന് മണിപ്പൂര്‍ പൊലിസിന് മുന്പില് കാലിടറി. ആവേശകരമായ സെമിഫൈനല്‍ പോരാട്ടത്തില്‍ 4-2നാണ് ഗോകുലത്തിന്റെ തോല്‍വി. ഇന്ത്യന്‍ വനിതാ ലീഗിലെ ഫൈനലെന്ന് വിശേഷിപ്പിച്ച മത്സരത്തില്‍ ബാലാദേവിയുടെ ഹാട്രിക് മികവിലാണ് മണിപ്പൂര്‍ പൊലിസിന്റെ വിജയം. നാല് ഗോള്‍ നേടിയ ബാലാദേവി ഗോകുലത്തിന്റെ കിരീട മോഹങ്ങള്‍ കാറ്റില്‍പറത്തി.
മത്സരത്തില്‍ മണിപ്പൂര്‍ പൊലിസ് 10 പേരായി ചുരുങ്ങിയിട്ടും ഗോകുലത്തിന് അവസരം മുതലെടുക്കാനായില്ല. 15ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബാലാദേവിയാണ് മണിപ്പൂര്‍ പൊലിസിന്റെ ഗോളടിമേളത്തിന് തുടക്കമിട്ടത്. 34ാം മിനുട്ടില്‍ സെല്ഫ്ഗോളിലൂടെ സമനില പിടിച്ച ഗോകുലം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലീഡെടുത്തതിന് ശേഷം മത്സരം കൈവിടുകയായിരുന്നു. 47ാം മിനുട്ടില്‍ ബോക്സില്‍വച്ച് പന്ത് കൈകൊണ്ട് തടഞ്ഞ മണിപ്പൂരി താരം റോമി ദേവിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു. ഗോകുലത്തിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി രഞ്ജന ചാനു ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചു. പത്ത് പേരുമായി ചുരുങ്ങിയിട്ടും പൊരുതിയ മണിപ്പൂര്‍ പൊലിസ് ഗോകുലം പ്രതിരോധത്തെ ഇടക്കിടെ പരീക്ഷിച്ചു കൊണ്ടേയിരുന്നു. 68ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ബാലാദേവി മണിപ്പൂര്‍ പൊലിസിനെ ഒപ്പമെത്തിച്ചു. 80, 81 മിനുട്ടുകളില്‍ വീണ്ടും ഗോകുലത്തിന്റെ വലയില്‍ പന്തെത്തിച്ച് ബാലാദേവി മണിപ്പൂര്‍ പൊലിസിനെ അനായാസം ഫൈനലിലെത്തിച്ചു. ആറ് മത്സരങ്ങളില്‍ നിന്ന് 26 ഗോളുകളുമായി ഇന്ത്യന്‍ വനിതാ ലീഗ് ഗോള്‍വേട്ട പട്ടികയില്‍ ഒന്നാമതാണ് ബാലാദേവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."