' ബലാത്സംഗം ചെയ്ത് കൊല്ലുക, കത്തിക്കുക, ഇരയുടെ കുടുംബത്തെ വീട്ടുതടങ്കലിലാക്കുക'- ഇതാണ് അന്താരാഷ്ട്ര ഗൂഢാലോചന- എഫ്.ഐ.ആറിനെതിരെ പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: ഹാത്രസ് കേസില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ യോഗി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രണം ചെയ്തതാണെന്നാരോപിച്ച് രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത യു.പി പൊലിസ് നടപടിയെ പരിഹസിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. 19കാരിയെ ബലാത്സംഗം ചെയ്ത് കൊല്ലുന്നതും ആരുമറിയാതെ മൃതദേഹം കത്തിച്ചു കളയുന്നതും സത്യം മറക്കാന്‍ എന്തും ചെയ്യുമെന്ന നിലപാടെടുക്കുന്നതുമാണ് യഥാര്‍ത്ഥ ഗൂഢാലോചനയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഹാത്രസ് കേസില്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന വാര്‍ത്തയും അതിനെ പരിഹസിച്ച് കൊണ്ടുള്ള കാര്‍ട്ടൂണും പങ്കുവെച്ചു കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.
'ഒരു 19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക, രക്ഷിതാക്കളുടെ അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി സംസ്‌കരിക്കുക, പ്രദേശം ലോക്ക് ഡൗണിലാക്കുക, പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടു തടങ്കലിലാക്കുക, ഫോണ്‍ പിടിച്ച് വെക്കുക, കുടുംബത്തെ കാണുന്നതില്‍ നിന്നും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിലക്കുക, പ്രതികളായ ഠാക്കൂറുകളെ കൂട്ടം കൂടാന്‍ അനുവദിക്കുക എന്നിവയാണ് ആ അന്താരാഷ്ട്ര ഗൂഢാലോചന,' പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
പ്രതിഷേധങ്ങളിലൂടെ ജാതി കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചെന്നും യോഗി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടത്തിയെന്നും പറഞ്ഞുകൊണ്ടുള്ള പുതിയ എഫ്.ഐ.ആറിനെ വിമര്‍ശിച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.
The International conspiracy to Rape&Kill 19 year old, get police to cremate body at midnight w/o consent of parents, Lockdown the village, put victim's family under house arrest, confiscate their phones, prevent media&Opposition from meeting family, allow mob of accused Thakurs! pic.twitter.com/azHzG2lfgS
— Prashant Bhushan (@pbhushan1) October 6, 2020
കഴിഞ്ഞ ദിവസമാണ് യു.പി പൊലീസ് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വെബ്‌സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും രാജ്യാന്തര ഗൂഢാലോചന നടന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. ചാന്ദ്പ പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സപ്തംബര്‍ 14നാണ് ഹാത്രസില്‍ സവര്‍ണ വിഭാഗത്തില്‍ പെട്ട നാലു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. കുട്ടിയെ നാവു മുറിക്കുകയും ഇടുപ്പെല്ല് തകരുകയും ചെയ്തിരുന്നു. രണ്ടാഴ്ചയോളം ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷം അവള്‍ മരണത്തിന് കീഴടങ്ങി. സംഭവത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്നിരുന്നു. അതിനിടക്ക് യു.പി പൊലിസ് കുട്ടിയെ മൃതദേഹം ബന്ധുക്കളെ പോലും കാണിക്കാതെ കത്തിച്ചു കളഞ്ഞു.
കുട്ടിയുടെ വീട്ടുകാരെ കാണാന്‍ ആരേയും അനുവദിച്ചിരുന്നില്ല. ഏറെ പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് ഗ്രാമത്തിലേക്ക് രാഹുലും സോണിയയുമുള്‍പെടെയുള്ള നേതാക്കളേയും മാധ്യമപ്രവര്‍ത്തകരേയുമെല്ലാം അവിടേക്ക് കടത്തി വിട്ടത്. പിന്നീട് കുടുംബത്തെ സന്ദര്‍ശിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദുള്‍പെടെ നിരവധി പേര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിരോധനാജ്ഞാ ലംഘനം മുതല്‍ രാജ്യദ്രോഹം വരെ ചാര്‍ത്തിയാണ് യു.പി പൊലിസ് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."