റോഡപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു: പരിശോധനയില്ലാതെ പൊലിസ്
കൊടുങ്ങല്ലൂര്‍: റോഡപകടങ്ങള്‍ തുടര്‍ക്കഥയാക്കി ഇരുചക്രവാഹനങ്ങള്‍ക്കു ശരവേഗം. പരിശോധനയില്ലാതെ പൊലിസ്.
ഒരാഴ്ച്ചക്കിടയില്‍ രണ്ട് കുരുന്നു ജീവനുകളെടുത്ത വാഹനാപകടങ്ങള്‍ ഇരുചക്രവാഹനങ്ങളുടെ അമിതവേഗതയിലേക്കും അശ്രദ്ധമായ ഡ്രൈവിങിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.
കഴിഞ്ഞയാഴ്ച്ച എടവിലങ്ങ് കാരയില്‍ മോട്ടോര്‍ ബൈക്കിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരണമടഞ്ഞതിന്റെ നടുക്കം മാറും മുന്‍പാണ് എറിയാട് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും സമാനമായ അപകടത്തില്‍ മരിച്ചത്. എറിയാട് കടപ്പൂര്‍ പള്ളിക്കു സമീപം പെണ്‍കുട്ടിയെ ഇടിച്ചു വീഴ്ത്തിയ ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തിനിടയാക്കിയ ബൈക്ക് യാത്രികന്‍ സംഭവസ്ഥലത്ത് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പൊലിസിന്റെ വാഹന പരിശോധന മേഖലയില്‍ പതിവില്ല. അതു കൊണ്ടു തന്നെ മോട്ടോര്‍ വാഹന നിയമ ലംഘനം വ്യാപകമാണുതാനും. ഹെല്‍മറ്റ് ധരിക്കണമെന്നത് നിര്‍ബന്ധമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ട്രാഫിക് പൊലിസിന്റെ കണ്‍മുന്നിലൂടെ ഹെല്‍മറ്റില്ലാതെയും മൂന്ന് പേര്‍ ഇരുന്നും ഇരുചക്രവാഹനങ്ങള്‍ ചീറിപ്പായുകയാണ്. പ്രായപൂര്‍ത്തിയാകാത്തവരും ലൈസന്‍സ് ഇല്ലാത്തവരും വാഹനമോടിക്കുന്നത് പതിവു കാഴ്ച്ചയാകുമ്പോള്‍ റോഡുകളില്‍ അപകടം മണക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."