'ഹാത്രസിലെത്തിയത് വെറുതെ വന്നു പോകാനല്ല, ഇവിടുണ്ടാവും രാജ്യത്തെ പെണ്‍കുട്ടികള്‍ക്കായി ശബ്ദമുയര്‍ത്താന്‍'; ലാത്തിയെ നേരിടാന്‍ തയ്യാറെന്നും രാഹുല്‍
ചണ്ഡീഗഡ്: പ്രതിബന്ധങ്ങള്‍ തകരണം ചെയ്ത് താന്‍ ഹാത്രസിലെത്തിയത് വെറുതെ വന്നു പോകാനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലൈംഗികാതിക്രത്തിന് ഇരയാവുന്ന ഓരോ സ്ത്രീകള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്താന്‍ സ താന്‍ ഇവിടെ തന്നെ ഉണ്ടാവുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ നടത്തുന്ന ഖേതി ബച്ചാവോ റാലിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള യാത്രക്കിടെ യു.പി പൊലിസില്‍ നിന്നുണ്ടായ അതിക്രമത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
ഹാത്രാസിലേക്കുള്ള യാത്രക്കിടെ തന്നെ മര്‍ദ്ദിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തത് വലിയ കാര്യമായി താന്‍ എടുക്കില്ലെന്നും ഈ രാജ്യത്തെ ഒന്നടങ്കം മോദി സര്‍ക്കാര്‍ ഒരു മൂലയിലേക്ക് തള്ളിമാറ്റിയിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
'രാജ്യത്തെ മുഴുവന്‍ ഒരു മൂലയിലേക്ക് അവര്‍ തള്ളിയിടുകയാണ്. പിന്നെ എന്നെ തള്ളിയിട്ടതാണോ വലിയ കാര്യം? രാജ്യത്തെ സംരക്ഷിക്കുകയെന്നതാണ് ഞങ്ങളുടെ ജോലി. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാന്‍ ഞങ്ങളുണ്ട്. സര്‍ക്കാരിനെതിരെ നില്‍ക്കുന്നവരെയെല്ലാം അവര്‍ ഇത്തരത്തില്‍ തള്ളിയിടും. അവരുടെ ലാത്തിയേയും തള്ളിമാറ്റലുകളേയും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്'- അദ്ദേഹം ആവര്‍ത്തിച്ചു.
യഥാര്‍ത്ഥത്തില്‍ ഇവിടെ തള്ളിമാറ്റലുകള്‍ അനുഭവിക്കേണ്ടി വന്നത് ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിനാണെന്നും രാഹുല്‍ പറഞ്ഞു.
'പെണ്‍മക്കളുള്ള ആളുകള്‍ക്ക് ഇത് മനസ്സിലാകും. നിങ്ങള്‍ക്ക് ഒരു മകളില്ലെങ്കില്‍ ഇതൊരു കൊലപാതകമായെങ്കിലും തോന്നും. ഒന്ന് ആലോചിച്ചുനോക്കൂ, ആരെങ്കിലും നിങ്ങളുടെ മകനെ കൊന്ന് നിങ്ങളെ വീട്ടില്‍ പൂട്ടിയിടുന്നു. ജില്ലാ മജിസ്‌ട്രേറ്റ് വന്ന് നിങ്ങളെ ഭീഷണിപ്പെടുത്തുന്നു. അവര്‍ നിങ്ങളോട് പറയുന്നു വായ തുറക്കരുതെന്ന്. എന്നിട്ട് പറയുന്നു രാഹുല്‍ ഗാന്ധി വന്നിട്ട് പോകും പക്ഷേ യു.പി സര്‍ക്കാര്‍ ഇവിടെ തന്നെ ഉണ്ടാകും എന്ന്. അതുകൊണ്ട് കൂടിയാണ് ഞാന്‍ അവിടെ പോയത്. അവര്‍ ഒറ്റയ്ക്കല്ല എന്ന് അവരെ തോന്നിപ്പിക്കണം. ലൈംഗികാതിക്രമം നേരിടുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞാന്‍ ഇവിടെ ഉണ്ടാകും. രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരണപ്പെട്ട് നാലാമത്തെ ദിവസമായിരുന്നു രാഹുലും പ്രിയങ്കയും ഹാത്രാസിലേക്ക് പുറപ്പെട്ടത്. എന്നാല്‍ രാഹുലിനും പ്രിയങ്കയ്ക്കും നേരെ വലിയ അതിക്രമമായിരുന്നു യു.പി പൊലിസില്‍ നിന്നും ഉണ്ടായത്.
രണ്ട് ദിവസത്തിന് ശേഷം കോണ്‍ഗ്രസിന്റെ 30 എം.പിമാര്‍ അടങ്ങുന്ന സംഘം രാഹുലിനൊപ്പം വീണ്ടും ഹാത്രസിലേക്ക് യാത്ര തിരിച്ചു. അവസാന നിമിഷം വരെ യാത്ര തടയാന്‍ യു.പി പൊലിസ് ശ്രമിച്ചിരുന്നെങ്കിലും മടങ്ങിപ്പോകില്ലെന്ന് ഉറച്ച നിലപാടെടുത്തതോടെ രാഹുലിനും പ്രിയങ്കയ്ക്കും കുടുംബത്തെ കാണാന്‍ അനുമതി നല്‍കുകയായിരുന്നു പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."