സഊദിയിൽ ഐ ടി, ടെലികമ്യൂണിക്കേഷൻ സഊദി വത്ക്കരണം പ്രഖ്യാപിച്ചു
റിയാദ്: സഊദിയിൽ ഐ ടി, ടെലികമ്യൂണിക്കേഷൻ മേഖലകളിൽ സഊദി വത്ക്കരണം നടപ്പാക്കാൻ തീരുമാനം. സഊദി മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ ഘട്ടമെന്നോണം വൻകിട സംരംഭങ്ങളിലും വലിയ സ്ഥാപനങ്ങളിലുമാണ് ഐ ടി, ടെലികമ്യൂണിക്കേഷൻ മേഖലകളിൽ വിദേശ തൊഴിലാളികളെ ഒഴിവാക്കി സഊദി പൗരന്മാരെ നിയമിക്കുക. സഊദി മാനവ വിഭവശേഷി മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ രാജ്‍ഹി യാണ് തിങ്കളാഴ്ച്ച ഈ മേഖലകളിൽ സഊദി വത്‌കരണ പ്രഖ്യാപനം അറിയിച്ചത്.
 കമ്യൂണിക്കേഷൻ്റ് ആൻ്റ് ഐ ടി എഞ്ചിനീയറിംഗ് ജോലികൾ, അപ്ളിക്കേഷൻ ഡെവലപ്മെൻ്റ്, പ്രോഗ്രാമിംഗ് ആൻ്റ് അനലൈസിസ്, ടെക്നിക്കൽ സപ്പോർട്ട്, ടെലികമ്യൂണിക്കേഷൻ ടെക്നിക്കൽ തൊഴിലുകൾ എന്നിവയിലാണ് സഊദി വത്ക്കരണം നടപ്പാക്കുന്നത്. ഈ പ്രൊഫഷനുകളിൽ അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണു സഊദി വത്ക്കരണ പരിധികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ സഊദി വത്‌കരണ പ്രഖ്യാപനത്തിലൂടെ 9000 പേർക്ക് തൊഴിൽ അവസരം ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഈ മേഖലയിൽ സ്വദേശികൾക്ക് അടിസ്ഥാന ശമ്പളവും നിശ്ചയിച്ചിട്ടുണ്ട്. വിദഗ്ധ ജോലിക്കാർക്ക് ചുരുങ്ങിയത് 7000 റിയാലും സാങ്കേതിക മേഖലയിലുള്ളവർക്ക് 5000 റിയാലും പ്രതിമാസ വേതനമായാണ് നിശ്ചയിരിക്കുന്നത്. രാജ്യത്ത് സ്വദേശികൾക്ക് തൊഴിലവസരങ്ങൾ നേടുന്നതിന് പ്രത്യേക യോഗ്യതകളുള്ള ബിരുദധാരികളെ പ്രാപ്തരാക്കുന്നതിനായി സർക്കാർ, സൂപ്പർവൈസറി ഏജൻസികളുമായുള്ള സഹകണത്തോടെ തൊഴിലുകൾ സഊദി വത്‌കരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. കഴിഞ്ഞ മാസം സഊദിയിൽ എഞ്ചിനീയറിങ് മേഖലയിലും സഊദി വത്ക്കരണം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."