വീട്ടിലേക്ക് മടങ്ങാനുള്ള മോഹം ബാക്കി; സീത യാത്രയായി
വടക്കാഞ്ചേരി: ദുരിതാശ്വാസ ക്യാംപില്‍നിന്ന് വീട്ടിലേക്ക് മടങ്ങാനുള്ള മോഹം ബാക്കിവച്ച് സീത യാത്രയായി.
ദേശമംഗലം കൊറ്റമ്പത്തൂര്‍ കോളനിയിലെ സീത (63)യാണ് ഇന്നലെ ദേശമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മരിച്ചത്.
ദേശമംഗലം പ്രദേശത്തെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഓഗസ്റ്റ് 16 മുതല്‍ സീതയും സഹോദരി ചിന്നമ്മയും ഉള്‍പ്പെടെ പ്രദേശത്തെ 63 പേര് ദുരിതാശ്വാസ ക്യാംപിലാണ് കഴിഞ്ഞിരുന്നത്. ആദ്യം പള്ളം സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ ക്യാംപിലെത്തിയ ഇവരെ പിന്നീട് ദേശമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിരുന്നു.
ശ്വാസതടസത്തിന് ചികിത്സയിലായിരുന്ന സീത ക്യാംപില്‍ ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ഡോക്ടര്‍മാരെത്തി ചികിത്സ നല്‍കിയിരുന്നു.
ഇന്നലെ കാലത്ത് ശ്വാസതടസം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇവര്‍ മരിച്ചത്. യു.ആര് പ്രദീപ് എം.എല്‍.എ, ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം. മഞ്ജുള എന്നിവര്‍ ക്യാംപിലെത്തി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."