കണക്കന്‍ കടവിലെ ഷട്ടറുകള്‍ അടച്ചില്ല: രൂക്ഷമായ ജലക്ഷാമത്തിന് സാധ്യത
മാള: ചാലക്കുടി പുഴയിലേക്ക് ഉപ്പ് വെള്ളം കയറാതിരിക്കുന്നതിനും അമിതമായി വെള്ളം ഒഴുകി പോകാതിരിക്കുന്നതിനുമായി കണക്കന്‍ കടവില്‍ സ്ഥാപിച്ചിട്ടുള്ള റഗുലേറ്ററിലെ ഷട്ടറുകള്‍ അടക്കാത്തത് മൂലം വിവിധ പ്രദേശങ്ങളില്‍ അധികം വൈകാതെ ജലക്ഷാമത്തിന് സാധ്യത .
ഇത് കാരണം ചാലക്കുടി പുഴയുടെ ഇരു കരകളിലുമുള്ള ആളുകള്‍ ആശങ്കയിലാണ്. പ്രളയക്കെടുതിയെ തുടര്‍ന്ന് ചാലക്കുടി പുഴയെ ആശ്രയിക്കുന്നവര്‍ ഇനി നേരിടാന്‍ പോകുന്നത് കടുത്ത വരള്‍ച്ചയെയാണെന്നാണ് സൂചന. കണക്കന്‍കടവിലുള്ള മേജര്‍ ഇറിഗേഷന്റെ ഷട്ടറുകള്‍ താഴ്ത്താത്തതിനാല്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതാണ് വിവിധ പ്രദേശങ്ങളില്‍ വരള്‍ച്ച ഭീഷണി സൃഷ്ടിക്കുന്നത്. കാടുകുറ്റി , അന്നമനട, കുഴൂര്‍, പാറക്കടവ്, കുന്നുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലൂടെയാണ് ചാലക്കുടി പുഴ ഒഴുകുന്നത്. കൂടാതെ മാള, ആളൂര്‍, പുത്തന്‍ചിറ, പൊയ്യ പഞ്ചായത്തുകളും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയും കുടിവെള്ളത്തിനായി ചാലക്കുടി പുഴയെയാണ് ആശ്രയിക്കുന്നത് . പ്രളയത്തില്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെയാണ് കണക്കന്‍ കടവിലെ 11 ഷട്ടറുകളും തുറന്നത്. പ്രളയം ഒഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഷട്ടറുകള്‍ താഴ്ത്താത്തത് ചാലക്കുടി പുഴയില്‍ നിന്ന് വെള്ളം അമിതമായി ഒഴുകി പോകാന്‍ ഇടയാക്കിയതായി നാട്ടുകാര്‍ പറയുന്നു .
പ്രളയത്തില്‍ ഒഴുകിയെത്തിയ തടികളും മറ്റ് മാലിന്യങ്ങളും ഷട്ടറുകള്‍ക്കിടയില്‍ തടഞ്ഞ് നില്‍ക്കുന്നതിനാലാണ് ഷട്ടറുകള്‍ അടക്കാന്‍ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതിനുള്ള നടപടി വൈകുന്നതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട് . ഷട്ടറുകള്‍ താഴ്ത്തുന്നതോടൊപ്പം പെരിയാറിലെ ഉപ്പ് വെള്ളം കയറാതിരിക്കുന്നതിനായി താല്‍ക്കാലിക തടയണ നിര്‍മാണവും നടത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."