പ്രളയസഹായം: കിറ്റുകളുടെ വിതരണം പൂര്‍ത്തിയായി
തൃശൂര്‍: പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചു നല്‍കിപ്പോന്ന കിറ്റുകളുടെ വിതരണം ജില്ലയില്‍ പൂര്‍ത്തിയായി. 105813 കിറ്റുകളാണ് ഏഴ് താലൂക്ക് ഓഫിസുകള്‍ വഴി ജില്ലയില്‍ വിതരണം ചെയ്തത്. ഓഗസ്റ്റ് 22 നാണ് ജില്ലയില്‍ കിറ്റുകള്‍ തയാറാക്കി തുടങ്ങിയത്. ഇതിനായി വി.കെ.എന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും എന്‍ജിനിയറിങ് കോളേജിലും പ്രത്യേക കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കിറ്റുകള്‍ തയാറാക്കാന്‍ സന്നദ്ധരായി രംഗത്തെത്തി. ഏകദേശം 26000 ത്തിലേറെ സന്നദ്ധപ്രവര്‍ത്തകരാണ് കിറ്റുകള്‍ തയാറാക്കിയത്. ആയിരത്തി ഇരുനൂറിലേറെ ലോഡുകളിലായി 15000 ടണ്‍ സാധനങ്ങള്‍ കിറ്റുകള്‍ തയാറാക്കാന്‍ ഉപയോഗിച്ചു. ഒരാഴ്ചക്കുളളില്‍ അറുപത്തി അയ്യായിരം കിറ്റുകള്‍ തയാറാക്കി വിതരണം ചെയ്ത തൃശൂര്‍ ജില്ല മറ്റ് ജില്ലകള്‍ക്ക് മാതൃകയായി.
തിരുവോണദിവസം പോലും ആയിരങ്ങള്‍ കിറ്റ് തയാറാക്കാനായി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തി. മന്ത്രിമാരായ ഏ.സി മൊയ്തീന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, അഡ്വ. വി.എസ് സുനില്‍കുമാര്‍, ജില്ലാ കലക്ടര്‍ ടി.വി അനുപമ എന്നിവര്‍ പലതവണകളില്‍ കേന്ദ്രങ്ങളിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ പ്ലാനിങ് ഓഫിസര്‍ ഡോ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു കിറ്റുകള്‍ തയാറാക്കലും വിതരണവും നടന്നത്. അരി, ചെറുപയര്‍, പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍, മഞ്ഞള്‍പ്പൊടികള്‍, പഞ്ചസാര, സവാള, ചെറിയ ഉളളി, ഉരുളകിഴങ്ങ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും സോപ്പ്, പേസ്റ്റ്, ബ്രഷ് തുടങ്ങിയ അവശ്യസാധനങ്ങളുമടക്കം ഇരുപത്തിരണ്ടിനങ്ങള്‍ ഉള്‍ക്കൊളളുന്നതായിരുന്നു ഓരോ കിറ്റും.
കിറ്റ് വിതരണം പൂര്‍ത്തീകരിച്ച് നടന്ന അവലോകനയോഗത്തില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഡോ. എം സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."