ശ്രീകോവില്‍ കുത്തിത്തുറന്ന് കവര്‍ച്ച; മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി
കൊട്ടാരക്കര: ക്ഷേത്ര ശ്രീകോവില്‍ കുത്തി തുറന്നു കാണിക്കവഞ്ചി പൊളിച്ച് പണം അപഹരിച്ച മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പിച്ചു. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിനു സമീപമുള്ള പനയ്ക്കല്‍ കാവ് ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ ശ്രീ കോവില്‍ കുത്തി തുറന്നാണ് കാണിക്ക വഞ്ചി പൊളിച്ചു പണം അപഹരിച്ചിരിക്കുന്നത്.
തെന്മല ഇടമണ്‍ മുപ്പത്തിനാല് പട്ടയകൂപ്പ് ചരുവിള പുത്തന്‍ വീട്ടില്‍ സുരേഷ് (31)നെയാണ് നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ 5ന് ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് ശ്രീ കോവില്‍ തുറന്നു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീ കോവിലിനകത്തു സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചി പൊളിച്ച നിലയില്‍ കാണുകയായിരുന്നു.
ഉടന്‍ തന്നെ ജീവനക്കാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. രാവിലെ 7 മണിയോടെ ക്ഷേത്രോപദേശക സമിതിയീഗങ്ങളാണ് ഗണപതി അമ്പലത്തിന്റെ കുളക്കടവില്‍ അപരിചിതനായ ഒരാളെ സംശയാസ്പതമായി കണ്ടത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ഒരാഴ്ച്ച കാലമായി ഇയാള്‍ ഗണപതി അമ്പല ക്ഷേത്ര പരിസരത്തും, പനയ്ക്കല്‍ കാവ് ക്ഷേത്ര പരിസരത്തും കറങ്ങി നടന്നിരുന്നതായി അറിയാന്‍ കഴിഞ്ഞു.
തുടര്‍ന്ന് നാട്ടുകാര്‍ ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞു. തുടര്‍ന്ന് പൊലിസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പുലര്‍ച്ചെ രണ്ടിനാണ് ശ്രീകോവിലിന്റെ പൂട്ട് ഇരുമ്പ് കമ്പി ഉപയോഗിച്ച് പൊളിച്ച് അകത്ത് കടന്ന് കാണിക്കവഞ്ചി എടുത്ത് പുറത്ത് കൊണ്ട് വന്ന് കുത്തി തുറന്നതെന്ന് പ്രതി പൊലിസിനോട് പറഞ്ഞു. കാണിക്ക വഞ്ചിയിലുണ്ടായിരുന്ന നാണയങ്ങളും കാണിക്ക വഞ്ചിയും ശ്രീകോവിലിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പൊലിസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാഗില്‍ നിന്നും 5000 ത്തോളം രൂപ കണ്ടെടുത്തു. നിരവധി മോഷണ കേസില്‍ പ്രതിയായ ഇയാള്‍ 8 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്.
കൊല്ലം ജില്ലയിലെ മിക്ക സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുകളുണ്ട്. വിരലടയാള വിദഗ്ദ സംഘം സംഭവസ്ഥലം പരിശോധിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."