ബിജെപി തിരിച്ചെത്തിയാല്‍ നടന്‍ മധുപാല്‍ ആത്മഹത്യ ചെയ്യുമെന്ന് സംഘ് പരിവാര്‍ പ്രചാരണം: ജനാധിപത്യത്തിന്റെ മരണം പൗരന്റെയും മരണമെന്ന് തിരിച്ചടിച്ച് മധുപാല്‍
കൊച്ചി: ചലച്ചിത്ര സംവിധായകനും നടനും കഥാകാരനുമായ മധുപാലിനെതിരേ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം. രാജ്യത്തിന്റെ നിലനില്‍പിനായി വര്‍ഗീയതയ്‌ക്കെതിരെയുള്ള ജനവിധിയായിരിക്കണം തെരഞ്ഞെടുപ്പില്‍ ഉണ്ടാവേണ്ടത് എന്ന നിലപാട് പ്രഖ്യാപിച്ചതിനാണ് അദ്ദേഹത്തിനുനേരെ സൈബര്‍ ആക്രമണം ഉണ്ടായത്.
നാം ജീവിക്കണോ, മരിക്കണോ എന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത് എന്ന പ്രസ്താവനയ്ക്ക് നേരെയാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടി 'റീത്ത് വെച്ച് വീടിനുമുന്നില്‍ അനുശോചന സമ്മേളനം നടത്തും' എന്ന രൂപത്തിലുള്ള അസഭ്യവര്‍ഷങ്ങളുമായി അക്രമണം നടത്തിയത്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മധുപാല്‍ ആത്മഹത്യ ചെയ്യും എന്ന തരത്തില്‍ വ്യാപക പ്രചരണമാണ് തുടരുന്നത്.
എന്നാല്‍ ജനാധിപത്യത്തിന്റെ മരണം പൗരബോധത്തിന്റെയും പൗരന്റെയും മരണമാണെന്ന് മധുപാല്‍ തിരിച്ചടിച്ചു. അങ്ങനെ മരിക്കാതിരിക്കാന്‍, ജനാധിപത്യത്തിന്റെ ജ്വാല കെട്ടുപോകാതിരിക്കാന്‍, നമ്മള്‍ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കണമെന്നും മധുപാല്‍ പറഞ്ഞു. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
'ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മധുപാല്‍ ആത്മഹത്യ ചെയ്യും എന്ന തരത്തില്‍ വ്യാപകമായി പ്രചാരണം സോഷ്യല്‍ മീഡിയായില്‍ കണ്ടു. ഞാന്‍ പറഞ്ഞതെന്ത് എന്ന് മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ പൂര്‍ണമായും ഉള്‍ക്കൊണ്ടും കാര്യങ്ങളെ വളച്ചൊടിച്ച് അവരുടെ ഇഷ്ടം പോലെ തരാതരമാക്കി മാറ്റാനുള്ള ഹീനതയെ അംഗീകരിച്ചുകൊണ്ടും ഞാന്‍ പറഞ്ഞതെന്തെന്ന് വ്യക്തമാക്കാം.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടുത്തെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളെ അനുകൂലിക്കാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ അഭിപ്രായ സ്വാന്ത്ര്യത്തെ ഖണ്ഡിക്കാന്‍ ദേശഭക്തി, രാജ്യസുരക്ഷ തുടങ്ങിയ പല തന്ത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് അടുത്ത കാലത്ത് കണ്ടു.
പക്ഷേ നമ്മള്‍ മനസിലാക്കേണ്ടത്, എന്തുകൊണ്ട് എന്ന ചോദ്യമുന്നയിക്കുമ്പോഴാണ് ഒരു ജനാധിപത്യത്തില്‍ ഒരു പൗരന്‍ അയാളുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നത്. ദേശഭക്തിയും രാജ്യസ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയുന്നു, ഓരോ പൗരനും ചോദ്യം ചോദിക്കാന്‍ ധൈര്യമുള്ളവരാകണം. ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ്.
അതെ, ഞാന്‍ അങ്ങിനെ തന്നെ വിശ്വസിക്കുന്നു. ചോദ്യം ചോദിക്കുന്നതിനെ ഭരണകൂടങ്ങള്‍ ഭയപ്പെട്ടു തുടങ്ങുന്നുവെങ്കില്‍, ചോദ്യം ചോദിക്കുന്നവന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യലാണ് ഭരണകൂടം മുന്നോട്ടു വെയ്ക്കുന്ന പ്രതിവിധിയെങ്കില്‍ നമ്മള്‍ മനസിലാക്കേണ്ടത് ആ ഭരണകൂടം ജനാധിപത്യത്തില്‍ നിന്നു വ്യതിചലിച്ചു തുടങ്ങുന്നുവെന്നാണ്.
ജനാധിപത്യത്തിന്റെ മരണം പൗരബോധത്തിന്റെയും പൗരന്റെയും മരണമാണ്. അങ്ങനെ മരിക്കാതിരിക്കാന്‍, ജനാധിപത്യത്തിന്റെ ജ്വാല കെട്ടുപോകാതിരിക്കാന്‍, നമ്മള്‍ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കണം. ജനാധിപത്യം മരിക്കുമ്പോള്‍ ഭരണഘടന മരിക്കുന്നു. അതു മുന്നോട്ടുവെയ്ക്കുന്ന പൗരാവകാശങ്ങള്‍ മരിക്കുന്നു. ഓരോ ചോദ്യം ചെയ്യലും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഒരു സമരമാണ്.
ഓരോ ചോദ്യവും ജനാധിപത്യത്തിന്റെ ജീവശ്വാസമാണ്. അതു നമ്മള്‍ തുടര്‍ന്നുകൊണ്ടേയിരിക്കണം.ഇക്കുറി ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പും അതുപോലെ തന്നെ ഒരു സമരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു ജീവന്മരണ സമരമാണ്. ജനാധിപത്യം നിലനിര്‍ത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം. ഇതില്‍ വിജയിക്കേണ്ടത് ജനാധിപത്യമാണ്. അല്ലാതെ ഉള്ളുപൊള്ളയായ ദേശസ്‌നേഹത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വര്‍ഗീയതയല്ല.
ഇനിയും വോട്ടുരേഖപ്പെടുത്താന്‍ നമുക്ക് ജനാധിപത്യത്തിലൂന്നിയ തിരഞ്ഞെടുപ്പുകളുണ്ടാകണമെന്ന് ഇന്ത്യയുടെ ജനാധിപത്യമെന്നത് ജനലക്ഷങ്ങള്‍ അവരുടെ രക്തവും വിയര്‍പ്പും ജീവനും ഊറ്റിത്തന്ന് നേടിയെടുത്തും സംരക്ഷിച്ചും തന്നതാണെന്ന ബോധത്തോടുകൂടിതന്നെ നമുക്ക് നമ്മുടെ വോട്ടുകള്‍ രേഖപ്പെടുത്താനാവണം. ആ ജനാധിപത്യത്തിന്റെ സംരക്ഷണമാകണം നമ്മുടെ ലക്ഷ്യം.
ഇല്ലെങ്കില്‍ നാം മൃതതുല്യരാവുക തന്നെ ചെയ്യും.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."