ആര്‍.എസ്.എസ് പ്രചാരകിന്റെ വധം: പ്രജ്ഞാ സിങ് താക്കൂറിനെതിരായ കേസ് വീണ്ടും തുറക്കുന്നു
ന്യൂഡല്‍ഹി: മലെഗാവ് കേസിലെ പ്രതിയും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ പ്രജ്ഞാ സിങ് താക്കൂര്‍ ഉള്‍പ്പടെയുളളവര്‍ പ്രതികളായ കേസ് മധ്യപ്രദേശ് സര്‍ക്കാര്‍ വീണ്ടും തുറക്കുന്നു. ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷി കൊല്ലപ്പെട്ട കേസില്‍ പ്രജ്ഞാ സിങ് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഈ കേസാണ് വീണ്ടും പുനരന്വേഷിക്കാനായി കമല്‍നാഥ് സര്‍ക്കാര്‍ തീരുമാനിച്ചത്.
കേസില്‍ അപ്പീല്‍ നല്‍കുന്നതിന് നിയമോപദേശം തേടിയ ശേഷം മുന്നോട്ടുപോകുമെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി.സി ശര്‍മ്മ പറഞ്ഞു. മലെഗാവ്, സംഝോത, അജ്മീര്‍ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്തിയ പ്രജ്ഞ ഉള്‍പ്പെടെയുള്ള സംഘത്തിന്റെ ഭാഗമായിരുന്ന സുനില്‍ ജോഷി 2007 ഡിസംബര്‍ 29ന് ദേവാസിലെ ചൂനാകദനിലെ വീടിനു മുന്നില്‍ കൊല്ലപ്പെടുകയായിരുന്നു.
ബൈക്കിലെത്തിയ രണ്ടുപേരാണ് ജോഷിയെ വീട്ടിനുള്ളില്‍ നിന്ന് ഫോണില്‍ വിളിച്ചുപുറത്തേക്ക് വരുത്തി വെടിവച്ചു കൊന്നത്.
ഗുജറാത്തിലെ ശബരി കുംഭമേളയ്ക്കിടെ നടന്ന ഗൂഢാലോചനാ യോഗത്തിനിടെ പ്രജ്ഞയോട് ജോഷി മോശമായി പെരുമാറുകയും പിണങ്ങുകയും ചെയ്തിരുന്നു. സംഘത്തിന്റെ രഹസ്യങ്ങള്‍ ജോഷി പരസ്യമാക്കുമെന്ന് ഭയപ്പെട്ട് പ്രജ്ഞയും സംഘവും ജോഷിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മഹാരാഷ്ട്ര ഭീകരതാവിരുദ്ധ സംഘവും പിന്നീട് സി.ബി.ഐയും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. കേസില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രജ്ഞയുള്‍പ്പടെയുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ഈ വിധിക്കെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഒരു കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി കൂടിയായിരുന്നു കൊല്ലപ്പെടുമ്പോള്‍ ജോഷി. കേസ് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവാസ് കലക്ടറോട് ആവശ്യപ്പെട്ടതായി പി.സി ശര്‍മ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."