മധ്യപ്രദേശ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി നീക്കം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഭോപ്പാല്‍: എക്‌സിറ്റ് പോള്‍ ഫലത്തില്‍ ബി.ജെ.പിക്ക് മുന്‍തൂക്കമെന്ന പ്രവചനം വന്നതോടെ മധ്യപ്രദേശ് സര്‍ക്കാരിനെതിരേ ബി.ജെ.പി നടത്തിയ നീക്കത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും മധ്യപ്രദേശ് സര്‍ക്കാരിനെ അനാവശ്യമായി അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി ഭരണകാലത്തുണ്ടായിരുന്ന വിവിധ അഴിമതികളില്‍ അന്വേഷണം ഉണ്ടായേക്കുമെന്ന ഭയമാണ് കമല്‍നാഥ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പി നീക്കത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭയില്‍ സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. എന്നിട്ടും അനാവശ്യമായി ഇടപെട്ട് ഭരണത്തെ മറിച്ചിടാനാണ് ബി.ജെ.പിയുടെ നീക്കം. ബി.ജെ.പി എന്ത് ഗൂഢാലോചന നടത്തിയാലും സര്‍ക്കാരിനെ മറിച്ചിടാന്‍ കഴിയില്ല. ബി.ജെ.പി ഭരണകാലത്തുനടന്ന വലിയ അഴിമതികളെല്ലാം കമല്‍നാഥ് സര്‍ക്കാര്‍ വെളിച്ചത്തുകൊണ്ടുവരുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
വിവിധ കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനോട് നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന് ബി.ജെ.പി കത്ത് നല്‍കിയിരുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി തയാറാണ്. നേരത്തെതന്നെ സ്ഥിരതയുള്ള സര്‍ക്കാര്‍ എങ്ങനെയായിരിക്കണമെന്ന് തെളിയിച്ചയാളാണ് കമല്‍നാഥ്. അധികാരത്തിലേറിയ ഉടനെ ഭൂരിപക്ഷം തെളിയിച്ച സര്‍ക്കാര്‍ പിന്നീട് ബജറ്റ് സെഷനിലും സപ്ലിമെന്ററി ബജറ്റ് സെഷനിലുമെല്ലാം ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ട്. പിന്നീട് എന്തിനാണ് അനാവശ്യമായി വീണ്ടും ഭൂരിപക്ഷം തെളിയിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."