മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആളുമാറി ശസ്ത്രക്രിയ ; മൂക്കിന് വേണ്ട ശസ്ത്രക്രിയ ചെയ്തത് വയറിന്
മഞ്ചേരി: ഡോക്ടറുടെ അശ്രദ്ധ മൂലം ആളുമാറി ഓപറേഷന്‍ ചെയ്തു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കരുവാരക്കുണ്ട് കേരളാ എസ്റ്റേറ്റ് തയ്യില്‍ മജീദ്, ജഹാന ദമ്പതികളുടെ മകന്‍ ഏഴുവയസുകാരന്‍ മുഹമ്മദ് ഡാനിഷിനെയാണ് ആളുമാറി ശസ്ത്രക്രിയ നടത്തിയത്. പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണികൃഷ്ണന്‍ കുഞ്ഞിലക്ഷമി ദമ്പതികളുടെ മകന്‍ ധനുഷ്(ആറ്)നാണ് ഹെര്‍ണിയക്ക് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്.
ചെവ്വാഴ്ച രാവിലെ എട്ടിനാണ് ഇരുവരെയും ഓപറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചത്. ഡാനിഷിന് മൂക്കിലെ ദശ മാറ്റുന്നതിനും ധനുഷിന് ഹെര്‍ണിയ നീക്കം ചെയ്യുന്നതിനുമാണ് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്.
പത്തരയോടെ ഡാനിഷിന്റെ ഓപറേഷന്‍ കഴിഞ്ഞതോടെ പുറത്തുനില്‍ക്കുന്ന രക്ഷിതാവിനെ വിളിച്ച് കുട്ടിയെ കാണിച്ചു കൊടുത്തു. ഈ സമയത്താണ് മൂക്കിന് പകരം വയറില്‍ ഓപറേഷന്‍ ചെയ്തായി രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കുട്ടിക്ക് ഹെര്‍ണിയ ഉണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞെന്നും അതുകൊണ്ടാണ് വയറിന് ഓപറേഷന്‍ ചെയ്തതെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണമെന്ന് രക്ഷിതാവ് പറഞ്ഞു. ഡോക്ടര്‍ പെട്ടെന്ന് കുട്ടിയെ വീണ്ടും തിയറ്ററില്‍ പ്രവേശിപ്പിച്ച് മൂക്കിലെ ദശ മാറ്റുന്നതിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇതോടെ മകന്റെ മൂക്കിന് പകരം വയറിനു ശസ്ത്രക്രിയ നടത്തിയെന്ന പരാതിയുമായി പിതാവ് തയ്യില്‍ മജീദ് രംഗത്തെത്തി.
ശസ്ത്രക്രിയയ്ക്കു മുന്‍പ് രോഗികളുടെ കൈയിലെ ടാഗില്‍ എഴുതിയ പേര് തെറ്റായി വായിച്ചതാണ് ഇതിനു കാരണമായതെന്നാണു നിഗമനം. എന്നാല്‍ കൈയില്‍ ഒട്ടിച്ച ടാഗില്‍ രോഗിയുടെ പേരിന് പുറമെ രോഗ വിവരവും ഓപറേഷന്‍ ചെയ്യേണ്ട അവയവവും വിഭാഗവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ശ്രദ്ധിക്കാതെ ഓപറേഷന് വിധേയമാക്കുകയായിരുന്നുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ജനുവരി 21നാണ് മുഹമ്മദ് ഡാനിഷിനെ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഒ.പിയില്‍ ആദ്യമായി കാണിച്ചത്. ശേഷം മൂന്നു തവണ ഒ.പിയില്‍ ചികിത്സതേടി. ശസ്ത്രക്രിയക്ക് തിയതി ലഭിച്ചതോടെ ഡാനിഷിനെ തിങ്കളാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ഓപറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുഞ്ഞിന് മൂക്കിനാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നതെന്നും വയറിന് ഓപറേഷന്‍ ചെയ്യുന്നതിന് മുന്‍പ് തങ്ങളോട് അനുമതി വാങ്ങിയിരുന്നില്ലെന്നും രക്ഷിതാവ് പറഞ്ഞു. അതേസമയം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."