HOME
DETAILS

ഹത്രാസിലെ ചിതയില്‍ തെളിയുന്നത്

  
backup
October 07 2020 | 02:10 AM

hathras

 

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പറഞ്ഞിട്ടില്ലാത്ത ഒരു ശിക്ഷ ഉത്തര്‍പ്രദേശില്‍ പ്രാബല്യത്തിലുണ്ട്. അതാണ് ബലാത്സംഗം. ഠാക്കൂര്‍ കുമാരന്മാര്‍ക്ക് ദലിത് പെണ്‍കുട്ടികളുടെ മേല്‍ പ്രയോഗിക്കാനുള്ള പരമ്പരാഗതമായ ശിക്ഷാരീതിയാണത്. ജാതിവാഴ്ചയുടെ നിലനില്‍പ്പ് ഈ ശിക്ഷയില്‍ അധിഷ്ഠിതമാണ്. ജാതിയുടെ മേല്‍ക്കോയ്മ അംഗീകരിക്കാതിരിക്കുക, ജാതി മാറി പ്രണയിക്കുക, വിദ്യാഭ്യാസം നേടാന്‍ ശ്രമിക്കുക എന്നിങ്ങനെ ദലിതര്‍ക്ക് ബാധകമായ നിരവധി കുറ്റങ്ങള്‍ ഈ ശിക്ഷയുടെ പരിധിയിലുണ്ട്.


അമ്മയോടൊപ്പം പുല്ല് ചെത്താന്‍ പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയാണ് കാണാമറയത്ത് അതിക്രൂരമായ കൊടുംപീഡനത്തിന് ഇരയായത്. നാവ് മുറിഞ്ഞ്, നട്ടെല്ല് തകര്‍ന്ന്, ചോര വാര്‍ന്ന് നഗ്നയായി കിടക്കുന്ന മകളെയാണ് അന്വേഷണത്തിനൊടുവില്‍ അമ്മ കണ്ടെത്തിയത്. നാക്കിലെ മുറിവ് ഭേദമായപ്പോള്‍ അവള്‍ നിര്‍ഭയം മൊഴി നല്‍കി. അയല്‍ക്കാരായ നാല് പേരുടെ പേരുകള്‍ അവള്‍ പറഞ്ഞു. നാവരിഞ്ഞാലും നിശബ്ദയാവില്ലെന്ന നിശ്ചയദാര്‍ഢ്യത്തിന്റെ പ്രചോദനം പകരുന്ന പ്രതീകമായി മാറി ഹത്രാസിലെ പെണ്‍കുട്ടി.
ബലാത്സംഗത്തിന്റെ ചരിത്രത്തിന് മനുഷ്യന്റെ ചരിത്രത്തോളം പഴക്കമുണ്ടാകും. വിസമ്മതിക്കുന്ന പെണ്ണിനെ കീഴ്‌പ്പെടുത്തുകയെന്നതാണ് ബലാത്സംഗത്തിന്റെ പ്രധാനപ്പെട്ട കാരണം. അത് ലൈംഗികമായ അഭിനിവേശവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ മേല്‍ക്കോയ്മ ഉള്‍പ്പെടെ വേറെയും കാരണങ്ങളുണ്ട്. സ്ത്രീക്കുമേല്‍ പുരുഷന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആധിപത്യം അവയില്‍ ഒന്നു മാത്രമാണ്. യുദ്ധത്തില്‍ പരാജയപ്പെടുന്നവരുടെ പെണ്ണുങ്ങള്‍ വിജയിയുടെ സ്വന്തമാകുന്നു. ഹത്രാസിലെ കശ്മലരുടെ ഉദ്ദേശ്യം ഇതില്‍ ഏതെങ്കിലുമോ അല്ലെങ്കില്‍ പലതും ചേര്‍ന്നതോ ആകാം. മലയപ്പുലയന്റെ വാഴക്കുല മാത്രമല്ല അവന്റെ മാടത്തിലെ പെണ്ണും തമ്പ്രാക്കള്‍ക്ക് അവകാശപ്പെട്ടതാണ്.


ജീവിച്ചിരുന്നപ്പോള്‍ ആ കുട്ടിയോട് കാണിച്ച നൃശംസതയേക്കാള്‍ ഒട്ടും കുറഞ്ഞതായിരുന്നില്ല മരണാനന്തരം അവളുടെ ദേഹത്തോട് ഭരണകൂടം കാണിച്ചത്. മൃതദേഹം കുടുംബത്തിനു വിട്ടുകൊടുക്കുന്നതിനു പകരം രാത്രിയുടെ മറവില്‍ പൊലിസ് സ്വകാര്യമായി ദഹിപ്പിച്ചു. അവള്‍ അജ്ഞാതയായിരുന്നില്ല. അവളുടെ മൃതദേഹം ഏറ്റുവാങ്ങി അന്തസോടെ സംസ്‌കരിക്കുന്നതിന് മാതാപിതാക്കള്‍ ഉണ്ടായിരുന്നു. പക്ഷേ മാലിന്യം കത്തിക്കുന്നതുപോലെ ചപ്പു ചവറുകള്‍ കൂട്ടി പെട്രോള്‍ ഒഴിച്ച് ആ മൃതദേഹം കത്തിച്ചുകളയുകയാണുണ്ടായത്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ജയിലില്‍ രഹസ്യത്തില്‍ നടത്തി മൃതദേഹം രഹസ്യത്തില്‍ മറവ് ചെയ്യുകയും ചെയ്തു. അതിനുശേഷമാണ് കുടുംബാംഗങ്ങള്‍ വിവരമറിഞ്ഞത്. വ്യക്തികളെ ഇവിടെ താരതമ്യപ്പെടുത്തുന്നില്ല. അതിന്റെ ആവശ്യവുമില്ല. പക്ഷേ സംഭവങ്ങള്‍ക്ക് സാദൃശമുണ്ട്. അഫ്‌സല്‍ ഗുരുവിന്റെ സംഭവത്തിനുശേഷം സുപ്രിം കോടതി ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള ബന്ധുക്കളുടെ അവകാശത്തെക്കുറിച്ച് അവയില്‍ പറയുന്നുണ്ട്.


വ്യക്തിയുടെ അന്തസ് ഭരണഘടനയുടെ ആമുഖവാഗ്ദാനമാണ്. ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല മരണാനന്തരവും നിലനിര്‍ത്താനുള്ളതാണ് അത്. മൃതദേഹത്തോടുള്ള അനാദരവ് അന്തസിന്റെ നിരാസമാണ്. മാന്യമായ ശവസംസ്‌കാരം മൃതദേഹത്തോടുള്ള ആദരവിന്റെ ഭാഗമാണ്. ഹത്രാസിലെ പെണ്‍കുട്ടിക്ക് അത് നിഷേധിക്കപ്പെട്ടു. തൊപ്പിയെടുത്ത് മൃതദേഹത്തോട് ആദരവ് പ്രകടിപ്പിക്കുന്ന രീതി പൊലിസിനുണ്ട്. അത് അര്‍ഥമറിയാതെ നടത്തുന്ന ആചാരം മാത്രമായി മാറിയതുകൊണ്ടാണ് ഹത്രാസിലെ പൊലിസ് അങ്ങനെ ചെയ്തത്.


മനുഷ്യാവകാശങ്ങളുടെ നാടകീയാവിഷ്‌കാരം ആദ്യം നടത്തിയത് സോഫോക്‌ളിസാണ്. തീബ്‌സിലെ രാജകുമാരന്റെ പ്രതിശ്രുതവധുവായിരുന്ന ആന്റിഗണിയിലൂടെയാണ് സോഫോക്‌ളിസ് ആ വിഷയം അവതരിപ്പിച്ചത്. ആന്റിഗണിയുടെ സഹോദരന്മാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരാള്‍ രാജാവിനുവേണ്ടിയും മറ്റേയാള്‍ രാജാവിനെതിരായും നിലപാടെടുത്തവരാണ്. തനിക്കുവേണ്ടി മരിച്ചയാളുടെ മൃതദേഹം ബഹുമതിയോടെ സംസ്‌കരിക്കുന്നതിനും തനിക്കെതിരായി നിന്നയാളുടെ മൃതദേഹം മറവുചെയ്യാതെ കഴുകനും കുറുനരിക്കുമായി വിട്ടുകൊടുക്കാനും രാജാവ് കല്‍പിച്ചു. ഈ വിലക്ക് ലംഘിച്ച് ആന്റിഗണി സഹോദരന്റെ മൃതദേഹം മറവുചെയ്തു. രാജശാസന ലംഘിച്ചതിന് അവള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. മകന്റെ വധുവാകേണ്ടവളാണ് അവള്‍ എന്ന ചിന്തപോലും രാജാവിനുണ്ടായില്ല. ഭരണകൂടത്തിന്റെ നിയമത്തേക്കാള്‍ ഉന്നതമായ നിയമം ഉണ്ടെന്നും അതനുസരിക്കാന്‍ താന്‍ ബാധ്യസ്ഥയായിരുന്നുവെന്നുമാണ് ആന്റിഗണി വാദിച്ചത്.
സോഫോക്‌ളിസ് പ്രഖ്യാപിക്കുന്ന ഉന്നതമായ നിയമം നീതിയുടെ നിയമമാണ്. ആകാശത്തുനിന്ന് പുറപ്പെടുവിക്കപ്പെടുന്ന നിയമം. അതാണ് നൂറ്റാണ്ടുകളിലൂടെ പരിണമിച്ച് മനുഷ്യാവകാശങ്ങള്‍ എന്ന പേരില്‍ ഇന്നറിയപ്പെടുന്നത്. ജീവിക്കുന്നതിനുള്ള അവകാശം അതില്‍പ്പെടുന്നു. അന്തസോടെ മരിക്കുന്നതിനും മരണാനന്തരം മാന്യമായി സംസ്‌കരിക്കപ്പെടുന്നതിനുമുള്ള അവകാശവും അതില്‍പ്പെടുന്നു. എല്ലാ അവകാശങ്ങളും ആ പെണ്‍കുട്ടിക്ക് നിഷേധിക്കപ്പെട്ടു. പത്തൊന്‍പത് വര്‍ഷം അവള്‍ എത് പേരിലാണോ അറിയപ്പെട്ടത് ആ പേരും അവള്‍ക്ക് നഷ്ടമായി. അവള്‍ ഹത്രാസിലെ ബലാത്സംഗം ചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടി മാത്രമായി.


ദൈവനിന്ദയും രാജ്യദ്രോഹവും ആയിരുന്നു യേശുവിന്റെ വധശിക്ഷയ്ക്ക് കാരണമായ കുറ്റങ്ങള്‍. അന്നും ഇന്നും ഇവ രണ്ടും മഹാപരാധങ്ങള്‍തന്നെ. എന്നിട്ടും മരണാനന്തരം യേശുവിന്റെ ശരീരം കുരിശില്‍നിന്നിറക്കി യഹൂദരുടെ രീതിയനുസരിച്ച് സംസ്‌കരിക്കുന്നതിന് പീലാത്തോസ് അനുവാദം നല്‍കി. ഭരണാധികാരികള്‍ അനുവര്‍ത്തിക്കേണ്ടതായ ഒരു തത്ത്വം ഈ സംഭവത്തിലുണ്ട്. ഹിറ്റ്‌ലര്‍ നടത്തിയ കൂട്ടക്കൊലയില്‍ ഈ തത്ത്വം പാലിക്കാന്‍ കഴിയുമായിരുന്നില്ല. ഇരകളെ അപമാനിച്ചും വേദനിപ്പിച്ചും അയാള്‍ കൊന്നു. മരണാനന്തരവും അയാള്‍ അവരോട് ദയ കാണിച്ചില്ല.
ഹിറ്റ്‌ലറുടെ പ്രത്യയശാസ്ത്രം മാത്രമല്ല ഭരണരീതിയും അനുകരണീയമായി കരുതുന്നവരാണ് ഡല്‍ഹിയിലും ലക്‌നൗവിലും ഭരണം നടത്തുന്നത്. അതുകൊണ്ട് മുന്തിയ ചോരയ്ക്ക് താഴ്ന്ന ചോരയെ കീഴ്‌പ്പെടുത്താന്‍ അവകാശമുണ്ട്. ചോര ചൂടാകുമ്പോള്‍ സാമൂഹികമായ അസ്പൃശ്യത ഇല്ലാതാകുന്നു. വികാരമടങ്ങിയാല്‍ പിന്നെ ആ ജീവന്‍ തല്ലിക്കെടുത്തണമെന്ന ചിന്ത എങ്ങനെയുണ്ടാകുന്നു? തെളിവ് നശിപ്പിക്കുന്നതിനുവേണ്ടിയാകാം ഇത്. ബലാത്സംഗത്തിന് വധശിക്ഷയേക്കാള്‍ കൂടിയ ശിക്ഷ ഉണ്ടോ എന്നന്വേഷിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. ഇരയെ കൊന്നാല്‍ ബലാത്സംഗക്കേസില്‍നിന്ന് ഒഴിയാന്‍ കഴിഞ്ഞേക്കുമെന്ന ചിന്ത ചിലര്‍ക്കുണ്ടായേക്കാം. കൊലപാതകം പലര്‍ക്കും കൈകാര്യം ചെയ്യാവുന്ന കുറ്റമാണ്. ബലാത്സംഗവും അപ്രകാരം അനായാസം ഒതുക്കിത്തീര്‍ക്കാവുന്ന അപരാധമായിരിക്കുന്നു.


പൊലിസ് സംസ്ഥാന ലിസ്റ്റില്‍ പെട്ട വിഷയമാണ്. ഇന്ത്യയിലെ ഏറ്റവും മോശം പൊലിസ് ഏതെന്നു ചോദിച്ചാല്‍ മത്സരിക്കുന്നതിന് പല സംസ്ഥാനങ്ങളും മുന്നിലുണ്ടാകും. യൂണിഫോമിട്ട ഗുണ്ടാസംഘമെന്നാണ് ഉത്തര്‍പ്രദേശിലെ പൊലിസിനെ അലഹബാദ് ഹൈക്കോടതിയില്‍ ജസ്റ്റിസ് മുള്ള ശകാരത്തിന്റെ ഭാഷയില്‍ വിശേഷിപ്പിച്ചത്. അന്നെന്നപോലെ ഇന്നും ആ ശകാരം പ്രസക്തമാണ്. ഇരയോടും അവളുടെ കുടുംബത്തോടും മാത്രമല്ല മാധ്യമങ്ങള്‍, പ്രതിഷേധക്കാര്‍ എന്നിങ്ങനെ എല്ലാവരോടും യു.പി പൊലിസ് സ്വീകരിച്ച മുറകള്‍ അത്യന്തം ഗര്‍ഹണീയമായി. എസ്.പി ഉള്‍പ്പെടെ ഉന്നതരായ പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഭരണകൂടത്തിന് ഇക്കാര്യം സമ്മതിക്കേണ്ടിവന്നു.


വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നിരാകരിച്ചുകൊണ്ട് നീതിക്കുവേണ്ടിയാണ് ആ പെണ്‍കുട്ടിയുടെ പിതാവ് യാചിച്ചത്. ആ നാല് ഠാക്കൂര്‍ കശ്മലര്‍ ഒരു പെണ്‍കുട്ടിയെ ആണ് പിച്ചിച്ചീന്തിയതെങ്കില്‍ നിയമവാഴ്ചയിലാണ് പൊലിസ് കൈവച്ചത്. നിയമവാഴ്ചയുടെ സംരക്ഷകര്‍ നിയമവാഴ്ചയുടെ അന്തകരാകുന്ന കാഴ്ച നാം കണ്ടു. രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വല്‍ക്കരണംപോലെതന്നെ അപകടമുളവാക്കുന്നതാണ് ക്രൈമിന്റെ രാഷ്ട്രീയവല്‍ക്കരണം. പൊലിസിന്റെ വീഴ്ചകള്‍ക്ക് പല കാരണങ്ങളും ചൂണ്ടിക്കാണിക്കാനുണ്ട്. പക്ഷേ ഒന്നും വീഴ്ചകള്‍ക്ക് ന്യായീകരണമാകരുത്. ബലാത്സംഗം ചെയ്യുന്നവര്‍ക്കൊപ്പം ദൃഢൈക്യത്തോടെ പൊലിസ് കൂട്ടുചേരുന്നത് എത്രയോ നിര്‍ഭാഗ്യകരമായ അവസ്ഥയാണ്. ഹത്രാസിലെ ചിതയില്‍ യു.പി പൊലിസിന്റെ പണ്ടേ ഇല്ലാത്ത ആത്മാഭിമാനംകൂടി കത്തിയമര്‍ന്നു. ഐ.പി.എസ് എന്നീ അക്ഷരങ്ങള്‍ക്ക് എന്തു വിലയാണ് നാം കല്‍പിക്കേണ്ടത്?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  18 days ago