പ്രവാസികള്‍ക്ക് പ്രിയപ്പെട്ട രാജ്യം ബഹ്‌റൈനെന്ന് പഠന റിപ്പോര്‍ട്ട്
മനാമ: പ്രവാസികള്‍ക്ക് പ്രിയപ്പെട്ട രാജ്യം ബഹ്‌റൈനാണെന്ന് ലോക പ്രവാസികള്‍ക്കിടയില്‍ നടന്ന പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികളുടെ ജോലിക്കാര്യത്തില്‍ ഒന്നാംസ്ഥാനം ബഹ്‌റൈനുണ്ടെന്നും പ്രവാസികള്‍ക്ക് ജീവിക്കാനും തൊഴിലെടുക്കാനും അറബ് മേഖലയിലെ ഏറ്റവും അനുയോജ്യമായ രാജ്യം എന്ന ബഹുമതിയാണ് രാജ്യത്തിനുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടന, ലോകത്തുടനീളമുള്ള 18,135 പ്രവാസികള്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടെന്നും വാര്‍ത്തയിലുണ്ട്.
തായ്‌വാന്‍, ഇക്വഡോര്‍, മെക്‌സിക്കോ, സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രങ്ങളുടെ കൂട്ടത്തിലാണ് പ്രവാസികള്‍ക്ക് താമസിക്കാനും തൊഴിലെടുക്കാനും മുന്തിയ പരിഗണനയുള്ള രാഷ്ട്രമായി ബഹ്‌റൈനിനെയും പരിഗണിച്ചിരിക്കുന്നത്.
ബഹ്‌റൈന്‍ പ്രവാസ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമാണെന്ന് 68 രാജ്യങ്ങളിലെ പ്രവാസികളും അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്ക് ഇഷ്ടപ്പെടുന്നതും യോജിച്ചു പോകാവുന്നതുമായ സംസ്‌കാരമാണ് ബഹ്‌റൈനിലുള്ളതെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ ബഹ്‌റൈനിലെ തൊഴില്‍ ക്രമത്തിലും സമയത്തിലും 44 ശതമാനംപേരും തൊഴില്‍ സുരക്ഷിതത്വത്തില്‍ 33 ശതമാനം പേരും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തിലുള്ള ഉയര്‍ച്ചയും അതുവഴിയുള്ള സംതൃപ്തിയും പഠനത്തില്‍ എടുത്തു പറയുന്നു. ലളിതമായ താമസ സൗകര്യം ലഭിക്കുന്ന കാര്യത്തിലും വ്യക്തിപരമായ സമ്പാദ്യത്തിലും പ്രമുഖ രാഷ്ട്രങ്ങള്‍ക്കൊപ്പം 22 ാം സ്ഥാനമാണ് ബഹ്‌റൈനുള്ളത്.
ഈ വര്‍ഷം ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 7 വരെയുള്ള ദിവസങ്ങളിലായി നടന്ന പഠനങ്ങളുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മിഡില്‍ ഈസ്റ്റ് മേഖലയില്‍ പ്രവാസികള്‍ക്ക് അനുയോജ്യമായ രാഷ്ട്രമാണ് ബഹ്‌റൈനെന്ന് വ്യക്തമാക്കുന്ന ചില പഠന റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു.
എന്നാല്‍ ഈയിടെയായി രാജ്യത്ത് ജീവിതച്ചെലവുകള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും ഇത് പ്രവാസികള്‍ക്ക് തിരിച്ചടിയായേക്കുമെന്ന പ്രതികരണമാണ് ഓണ്‍ലൈനില്‍ ചിലര്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."