ചതിയുടെ ചങ്ങലവ്യാപാരം
കുത്തകകളെ പൊളിക്കാനെന്ന നാട്യത്തില്‍ ഡയരക്ട് മാര്‍ക്കറ്റിങ് എന്ന ഓമനപ്പേരില്‍ വേരൂന്നാന്‍ മോഹനവാഗ്ദാനവുമായി ഇറങ്ങിയ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനികളും മണി ചെയിന്‍ തട്ടിപ്പുവീരന്മാരും കൊവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും മുതലെടുക്കാനുള്ള മത്സരത്തിലാണ്. ജോലി നഷ്ടപ്പെട്ട് വരുമാന മാര്‍ഗമൊന്നുമില്ലാതെ മാനത്തേക്കു നോക്കിയിരിക്കുന്ന നേരം ഒരു ലക്ഷം നിക്ഷേപിച്ചാല്‍ ദിവസം തോറും 1000 രൂപ 300 ദിവസം ലഭിക്കുമെന്ന വാഗ്ദാനവുമായി ആളുകള്‍ വരുമ്പോള്‍ ഉള്ളതു പെറുക്കിവിറ്റ് സ്വപ്നലോകത്തേക്ക് കടക്കുകയാണ് പലരും. ഏറ്റവും സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്ന ഫിക്‌സഡ് ഡെപ്പോസിറ്റിന് (എഫ്.ഡി) ഇന്ത്യയിലെ കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച പലിശ നല്‍കിയ സ്ഥാപനം ഇന്‍ഡസിന്റ് ബാങ്ക് ആണ്. അതില്‍ പോലും പലിശയായി നല്‍കിയത് വര്‍ഷത്തില്‍ ഏഴു ശതമാനം മാത്രം. അഥവാ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവന് ഏഴായിരം രൂപയാണ് ലഭിച്ചത്.
മികച്ച റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് 18 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ തന്നെ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവന് 18,000 രൂപ മാത്രമേ ലഭിക്കുകയുള്ളൂ. ഇവിടെയാണ് ഒരു ലക്ഷത്തിനു മൂന്നു മുതല്‍ ഒന്‍പത് ലക്ഷം വരെ (300 ശതമാനം മുതല്‍ 900 ശതമാനം വരെ) ലാഭവാഗ്ദാനവുമായി ചിലര്‍ സ്വപ്നവ്യാപാരം നടത്തുന്നതും ആളുകള്‍ അതില്‍ മുങ്ങിത്താഴുന്നതും.
ഇത്ര മികച്ച റിട്ടേണ്‍ ലഭിക്കുന്നത് എങ്ങനെയെന്ന് സാമാന്യ ബുദ്ധികൊണ്ട് ചോദ്യം ചെയ്താല്‍ തീരുന്നതേയുള്ളൂ ഈ വിഷയങ്ങളൊക്കെ. 'മറ്റുള്ളവനെ പറ്റിച്ചായാലും പ്രശ്‌നമില്ല, എനിക്ക് ഉണ്ടാക്കണം' എന്ന സിദ്ധാന്തം തന്നെയാണ് ഇവിടെ ഭരിക്കുന്നത്. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങും ചെയിന്‍ ബിസിനസും അങ്ങനെ തഴച്ചുവളരുന്നതാണ്.
മണിചെയിന്‍ കമ്പനികളില്‍നിന്ന് വസ്തു വാങ്ങിയ വ്യക്തിക്ക് പാരിതോഷികം ലഭിക്കുന്നു. പിന്നീട് ആ വ്യക്തി അതിന്റെ പ്രചാരകനായി മാറുകയും അദ്ദേഹത്തിന്റെ പ്രേരണയാല്‍ ചിലര്‍ കമ്പനിയില്‍ ചേര്‍ന്ന് ഉല്‍പന്നം വാങ്ങുകയും അവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നതിനനുസരിച്ച് ആദ്യത്തെ വ്യക്തിക്ക് വലിയ തുക കമ്മിഷനായി കമ്പനി നല്‍കിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ ഓരോ ഉപഭോക്താവും മറ്റുള്ളവരെ സാധനങ്ങള്‍ വാങ്ങാന്‍ കണ്ണിചേരാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന രീതിയാണ് മണി ചെയിന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കമ്പനിയിലേക്ക് ആളുകളെ ചേര്‍ക്കുന്നതിനനുസരിച്ച് ചേര്‍ക്കുന്നവന് കമ്മിഷന്‍ ലഭിക്കും. ഇതിനു ലെവല്‍ ക്രമങ്ങളുണ്ടാകും. നേരെ മുകളിലുള്ളവന് ഡയരക്ട് റഫറല്‍ കമ്മിഷന്‍ 40 ശതമാനം വരെ നല്‍കിയ കമ്പനികളുണ്ട്. അതിനു മുകളിലേക്ക് ബൈനറി കമ്മിഷനുകള്‍ കുറഞ്ഞുവരുന്നു. ഒന്നാമനില്‍ നിന്ന് രണ്ടു പേര്‍. ആ രണ്ടു പേരും രണ്ടു പേരെ വീതം ചേര്‍ത്താല്‍ ഒന്നാമന് മുടക്കുമുതല്‍ തിരിച്ചുകിട്ടും. പിന്നീട് താഴെ ഇതേപ്രകാരം ചേര്‍ത്തതനുസരിച്ച് മുകളിലെ ആള്‍ക്കു വിഹിതം കിട്ടും. ഇതില്‍ ചില കമ്പനികള്‍ രൂപഭേദം വരുത്തി പല രൂപത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരു പ്രൊഡക്ടും നല്‍കാതെ കണ്ണിചേര്‍ക്കുന്നതിന് റഫറല്‍, ബൈനറി കമ്മിഷനുകളും ആര്‍.ഒ.ഐകളും നല്‍കി പിടിച്ചുനില്‍ക്കുന്ന കമ്പനികളാണ് ഇന്ന് വിലസി നടക്കുന്നവര്‍. റഫറല്‍, ബൈനറി കമ്മിഷനുകളും ആര്‍.ഒ.ഐകളുമായി നല്ല തുക ആദ്യമാദ്യം ചേര്‍ന്നവര്‍ക്കു ലഭിക്കുമ്പോള്‍ അവര്‍ അടുത്ത ഇരകളെ സംഘടിപ്പിച്ചുകൊടുക്കുന്നു. താഴേത്തട്ടില്‍ നിന്ന് ലഭിക്കുന്ന പണം ദിനേന മുകളിലേക്കുള്ളവര്‍ക്കു വീതംവച്ചു കൊടുക്കുന്ന ഏര്‍പ്പാടാണ് പച്ചയില്‍ പറഞ്ഞാല്‍ നടക്കുന്നത്. ഇതില്‍ ഏറ്റവും താഴേത്തട്ടിലുള്ളവര്‍ ചതിക്കപ്പെടുമെന്നുറപ്പ്. അവര്‍ക്കു പണം തിരിച്ചുനല്‍കണമെങ്കില്‍ പിന്നെയും ചെയിനില്‍ ആളുകള്‍ ചേരണം. അതു സാധിക്കാതെ വരുമ്പോള്‍ കമ്പനി പൂട്ടിപ്പോകുന്നു. ശൃംഖല മുറിഞ്ഞാല്‍ അതുവരെയുള്ളവര്‍ അടച്ച പണം കമ്പനിക്ക്. തടിയൂരാന്‍ ഇന്ത്യന്‍ നിയമത്തെ പഴിചാരും. രക്ഷപ്പെടാന്‍ ഒപ്പമുള്ള ആളുകളെക്കൊണ്ട് കേസ് കൊടുപ്പിച്ച് കേസ് കാരണം പൂട്ടിപ്പോയി എന്ന് പറഞ്ഞു തടിയൂരുന്ന അതിവിദഗ്ധരുമുണ്ട്.
ആളുകളുടെ അജ്ഞത മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ നിരവധിയാണ്. ഡെപ്പോസിറ്റ് ചെയ്യുന്ന പണത്തിന് ഒരു രേഖയുമില്ലെന്ന് അറിഞ്ഞുകൊണ്ട് ചതിക്കുഴിയിലേക്ക് എടുത്തുചാടുന്നവരും നിരവധിയുണ്ട്. അമേരിക്കന്‍ ഡോളര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു മണിചെയിന്‍ കമ്പനി ദിനേന മൂന്നു ശതമാനം മുതല്‍ പത്തു ശതമാനം വരെയാണ് റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ പകുതി അക്കൗണ്ട് ഹോള്‍ഡറുടെ വാലറ്റിലേക്കും പകുതി വീണ്ടും മൂലധനത്തിലേക്കുമാണ് വാഗ്ദാനം ചെയ്യുന്നത്. അഥവാ 500 ഡോളര്‍ നിക്ഷേപിച്ചയാളുടെ തത്തുല്യമായ തുക ശേഖരിച്ച് ഡെയ്‌ലി ബോണസിലൂടെ വീണ്ടും ഇരട്ടി ലാഭം നിക്ഷേപകനു ലഭിക്കുമെന്ന്. ഇപ്പോള്‍ കമ്പനിയുടെ അറിയിപ്പ് അതു ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയില്‍ നിക്ഷേപിക്കുമെന്നാണ്. എന്താണ് ബ്ലോക്ക് ചെയിനെന്ന് മനസിലാകാത്തവര്‍ അതുകേട്ട് സായൂജ്യമടയുന്നു.
ലിസ്റ്റ് ചെയ്യാത്ത ക്രിപ്‌റ്റോ കറന്‍സിയുടെ പേരിലാണ് താന്‍ പണം മുടക്കുന്നതെന്ന് ബോധമുണ്ടായിരിക്കെയാണ് റഫറലും ബൈനറിയും ആര്‍.ഒ.ഐയും മോഹിച്ച് പലരും കുഴിയില്‍ ചാടിയത്. എങ്ങനെ ഇത്ര ഭീമമായ റിട്ടേണ്‍ തരാന്‍ സാധിക്കുന്നു എന്ന് ചിന്തിക്കാന്‍ ആരും മിനക്കെടുന്നില്ല. ട്രേഡിങ്ങിലൂടെ ലഭിക്കുന്ന ലാഭവിഹിതമാണെന്നാണ് അവകാശവാദം. അങ്ങനെ ട്രേഡ് ചെയ്യാന്‍ ഇതിനേക്കാള്‍ കുറഞ്ഞ പലിശനിരക്കില്‍ ബാങ്കുകള്‍ കടം കൊടുക്കും. അതിലൂടെ ഇത്രത്തോളം ഭീമമായ ലാഭവിഹിതം ഓഹരിവയ്‌ക്കേണ്ട ആവശ്യമോ നിയമക്കുരുക്കോ ഇല്ല. എന്നിട്ടും അതിനു മുതിരാതെ മണി ചെയിനിലൂടെ തന്നെ പണം ശേഖരിക്കുന്നത് എന്തിനാണെന്നു വ്യക്തം. എന്തു ബിസിനസാണ് ഇവരുടേത്? തന്റെ പണമിറക്കി നടത്തുന്ന ബിസിനസെന്ത്? ക്രിപ്‌റ്റോ ട്രേഡിങ്ങിലൂടെയാണെന്ന് പറയുന്നവര്‍ ബിറ്റ്‌കോയിനും എത്തരീയവും മറ്റ് ക്രിപ്‌റ്റോ കറന്‍സികളും വില കുത്തനെ ഇടിയുമ്പോഴും ഇവിടെ ഉയര്‍ന്ന ലാഭവിഹിതം നല്‍കുന്നു. സ്വര്‍ണത്തിലാണ് നിക്ഷേപമെന്ന് അവകാശപ്പെടുന്നവര്‍ സ്വര്‍ണവില കുത്തനെ ഇടിയുമ്പോഴും ഉയര്‍ന്ന ആര്‍.ഒ.ഐ നല്‍കുന്നു. ഓഹരിവിപണിയിലാണെന്ന് പറയുന്നവര്‍ ഓഹരിവിപണി കുത്തനെ കൂപ്പുകുത്തി കരടി തുള്ളിക്കളിച്ച് ബൈറിഷ് ആയി നില്‍ക്കുമ്പോഴും റിട്ടേണിന് ഒരു കുറവുമില്ലെന്ന് പറയുന്നു. ഇങ്ങനെ ഇരകളുടെ മേല്‍ പിടിമുറുക്കുകയാണ് കമ്പനികള്‍.
ദ പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീം (ബാനിങ്) ആക്ട് 1978 പ്രകാരം നോക്കുമ്പോള്‍ ക്രമാതീതമായ ലാഭം വാഗ്ദാനം ചെയ്യുന്നു എന്നതിനാല്‍ ഇന്ത്യയില്‍ ഇത് ശിക്ഷാര്‍ഹമാണ് . ഐ.പി.സി 420 പ്രകാരവും ഇതു ശിക്ഷാര്‍ഹമാണ്. മണി ചെയിനും മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങും ഇതേ ഗണത്തില്‍ പെടുന്നു. ഇവയെല്ലാം ചെറിയ വ്യത്യാസങ്ങള്‍ മാത്രമുള്ള തട്ടിപ്പിന്റെ ബിസിനസുകളാണ്. ലോക്ക്ഡൗണ്‍ സീസണില്‍ നിരവധി കമ്പനികള്‍ പൊട്ടിപ്പോയിട്ടുണ്ട്. അവര്‍ അടുത്തദിവസം തന്നെ പുതിയ പേരില്‍ അവതരിക്കുകയും മലയാളി അതില്‍ ആകൃഷ്ടനാകുകയും ചെയ്യും. പരാതിപറയാന്‍ ആത്മാഭിമാനം സമ്മതിക്കാത്തതിനാല്‍ കേസും കോളും വാര്‍ത്തയുണ്ടാകാറില്ലെന്നു മാത്രം.
2015ല്‍ കെവാറ്റ് ആക്ട് 2003 പ്രകാരം എം.എല്‍.എം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചതാണ്. എന്നാല്‍ ഇങ്ങനെ ഒരു പതിവ് ഇത്തരം കമ്പനികള്‍ക്കില്ല. പ്രവര്‍ത്തിക്കുന്ന പലരും പേരിന് രജിസ്റ്റര്‍ മാത്രം ചെയ്ത് നിഷ്‌കര്‍ഷിക്കുന്ന ഫയലുകളും അഫിഡവിറ്റുകളും നല്‍കാത്തവരാണ്. ഇതിനുനേരെ നിയമം കണ്ണടയ്ക്കുന്നത് അവസാനിപ്പിച്ചാലേ ഈ സാമ്പത്തിക തട്ടിപ്പുകള്‍ അവസാനിക്കൂ.
വ്യക്തമായി വിശകലനം ചെയ്താല്‍ കേവലം കമ്മിഷന്‍, ലാഭം തുടങ്ങിയവയല്ല ഇത്തരം കമ്പനികളുടെ അടിസ്ഥാനമെന്നു കാണാം. ഇതു പച്ചയായ ചൂതാട്ടം, കൊള്ള, അതിമോഹം ഇവയെല്ലാം കൊണ്ടും നടത്തുന്ന ചതിയുടെ വ്യാപാരമാണ്. അതിനാല്‍ ഇതിനെ അംഗീകരിക്കാന്‍ പറ്റില്ല. താഴെ വരുന്ന കണ്ണികളുടെ പണം മുകളിലുള്ളവര്‍ ആസ്വദിക്കുമ്പോള്‍ തന്നെ പുതിയ കണ്ണികളെ കണ്ടെത്താനാവാതെ അവസാന കണ്ണികള്‍ വഞ്ചിക്കപ്പെടുമെന്നവര്‍ മനസിലാക്കുന്നുണ്ട്. ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതില്ല. അതു നിഷിദ്ധ വരുമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."