HOME
DETAILS
MAL
ഉയരത്തിലെ കാവല്‍ക്കാര്‍
backup
October 07 2020 | 04:10 AM
ഇന്ത്യന്‍ സേനയിലെ മൂന്നു പ്രമുഖ വിഭാഗങ്ങളില്‍ ഒന്നാണ് ഭാരതീയ വായുസേന അഥവാ ഇന്ത്യന്‍ വ്യോമസേന. കരസേന, നാവികസേന എന്നിവയാണ് മറ്റു രണ്ടു വിഭാഗങ്ങള്‍. ഇന്ത്യയുടെ വ്യോമസൈനിക പ്രവര്‍ത്തനങ്ങളുടെ ചുമതലയുളള സേനാവിഭാഗമാണ് ഇന്ത്യന്‍ വായുസേന.
ഏതൊരു ഭാരതീയന്റെയും അഭിമാനമാണ് വ്യോമസേന. സ്വതന്ത്ര ഭാരതം നേരിട്ട പ്രതിസന്ധികളിലെല്ലാം സ്തുത്യര്‍ഹമായ സേവനം നിര്‍വഹിച്ച് ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയിപ്പിച്ച ചരിത്രമാണ് നമ്മുടെ വ്യോമസേനയ്ക്കുളളത്. 1932 ഒക്‌ടോബര്‍ 8-നാണ് ഇന്ത്യന്‍ വ്യേമസേന രൂപീകൃതമായത്.
തുടക്കത്തില്‍ ആറ് ഓഫിസര്‍മാരും 10 സൈനികരും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ വിമാനങ്ങളുടെ എണ്ണം മൂന്നായി ഉയരുകയും ഒരു സ്‌ക്വാഡ്രണ്‍ നിലവില്‍ വരികയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യന്‍ വ്യോമസേന ഏറെ പ്രായോഗികാനുഭവങ്ങള്‍ നേടി.
യുദ്ധം മാത്രമല്ല
യുദ്ധമുണ്ടാവുമ്പോള്‍ ശത്രുവിനെ പരാജയപ്പെടുത്തുക മാത്രമല്ല വ്യോമസേനയുടെ ജോലി. വെള്ളപ്പൊക്കം മൂലമോ മറ്റു കാരണങ്ങളാലോ ഒറ്റപ്പെട്ടു പോവുന്ന സ്ഥലങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങളും മറ്റും ആകാശമാര്‍ഗം വിതരണം നടത്തേണ്ടി വരുമ്പോഴും വളരെ വേഗത്തില്‍ ചരക്കു കയറ്റിറക്ക് നിര്‍വഹിക്കേണ്ടി വരുമ്പോഴും വ്യോമസേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നു.
കരസേനയ്ക്കാവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുക, മര്‍മപ്രധാനമായ സ്വന്തം സ്ഥാപനങ്ങള്‍ ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളില്‍നിന്നു കാത്തുരക്ഷിക്കുക, സമുദ്രത്തിനു മുകളിലൂടെ നിരീക്ഷണ പറക്കലുകള്‍ നടത്തി നാവികസേനയ്ക്ക് ആവശ്യമായ സഹകരണം നല്‍കുക, വ്യോമാതിര്‍ത്തി വിദേശ വിമാനങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക, ശത്രുരാജ്യങ്ങളില്‍നിന്ന് ആക്രമണ സാധ്യതയുണ്ടെങ്കില്‍ അതു തടയാന്‍ വേണ്ടതു ചെയ്യുക, സൈനിക ആവശ്യത്തിനുള്ള ചരക്കു കയറ്റിറക്ക് നിര്‍വഹിക്കുകയും ഉപകരണങ്ങള്‍ എത്തിക്കുകയും ചെയ്യുക എന്നിവയാണ് വ്യോമസേനയുടെ പ്രധാന ചുമതലകള്‍.
ആര്‍.കെ.എസ് ബദൂരിയ ആണ് ഇന്ത്യന്‍ വ്യോമസേനയുടെ ഇപ്പോഴത്തെ മേധാവി. വ്യോമസേനയുടെ കേന്ദ്രകാര്യാലയം ന്യൂഡല്‍ഹിയില്‍ സ്ഥിതിചെയ്യുന്നു. ഏഴ് കമാന്‍ഡുകളും സ്വാതന്ത്രമായ ഒരു ഗ്രൂപ്പും (Operational Group) ഇന്ത്യന്‍ വ്യോമസേനയില്‍ നിലവിലുണ്ട്. സെന്‍ട്രല്‍ എയര്‍കമാന്‍ഡ് (അലഹബാദ്), ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡ് (ഷില്ലോങ്), ട്രെയിനിങ് കമാന്‍ഡ് (ബാംഗ്ലൂര്‍), മെയിന്റനന്‍സ് കമാന്‍ഡ് (നാഗ്പൂര്‍), വെസ്റ്റേണ്‍ കമാന്‍ഡ് (ന്യൂഡല്‍ഹി), സൗത്ത്‌വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് (ഗാന്ധിനഗര്‍), സതേണ്‍ എയര്‍ കമാന്‍ഡ് (തിരുവനന്തപുരം) എന്നിവയാണ് ഏഴ് കമാന്‍ഡുകള്‍.
സ്വാതന്ത്ര്യത്തിനു ശേഷം പ്രധാനപ്പെട്ട നാലു യുദ്ധങ്ങളില്‍ പങ്കെടുക്കുകയും ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന അതിര്‍ത്തികളിലും വിഭിന്ന കാലാവസ്ഥകളിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി ഇന്ത്യന്‍ വ്യോമസേന ഇന്ന് ശക്തിയിലും കഴിവിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിലും ഒരു വന്‍ ശക്തിയായി വളര്‍ന്നിട്ടുണ്ട്.
ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റുകള്‍ തികച്ചും പ്രതികൂല സാഹര്യങ്ങളില്‍ പോലും അതിസൂക്ഷ്മത നിറഞ്ഞതും അത്യാധുനികവുമായ യുദ്ധവിമാനങ്ങള്‍ പറത്തുന്നതിലും അവ ശത്രുരാജ്യങ്ങള്‍ക്കു നേരെ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നതിലും എല്ലാം പരിശീലനം നേടിക്കഴിഞ്ഞിരിക്കുന്നു.
യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിലും യുദ്ധവിമാന നിര്‍മാണ രംഗത്തും ഇന്ത്യന്‍ വിദഗ്ധന്‍മാര്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്.
മുദ്രാവാക്യം
വ്യോമസേനയുടെ മുദ്രാവാക്യം നഭ: സ്പര്‍ശദീപ്തം (ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി-Touch the sky with Glory) എന്നതാണ്.
കരുത്ത്
രണ്ടാം ലോകമഹായുദ്ധത്തില്‍ വഹിച്ച പങ്ക് കണക്കിലെടുത്ത് വായുസേനയ്ക്ക് റോയല്‍ എന്ന ബഹുമതി പദം നല്‍കിയതോടെ ഇതിന്റെ പേര് റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നായി. 1950 ജനുവരി 26-ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്ന പേരു സ്വീകരിച്ചു. ഏകദേശം 1,70,000 അംഗബലമുള്ള ഇന്ത്യന്‍ വായുസേന ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ്.
ആദ്യകാലത്ത് സേനയുടെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങളിലെല്ലാം ബ്രിട്ടീഷുകാരായിരുന്നു നിയമിക്കപ്പെട്ടിരുന്നത്. ക്രമേണ ഇന്ത്യാക്കാരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കാന്‍ തുടങ്ങി. പരിശീലകരായും സാങ്കേതിക വിദഗ്ധരായും കൂടുതല്‍ ഇന്ത്യക്കാര്‍ നിയമിക്കപ്പെട്ടു.
പുതിയ പ്രതീക്ഷകളും ചിഹ്നങ്ങളും പ്രത്യക്ഷപ്പെട്ടു. എയര്‍മാര്‍ഷല്‍ സുബ്രതോ മുഖര്‍ജി ഇന്ത്യന്‍ വ്യോമസേനാ മേധാവിയായി നിയമിതനായതോടെ വ്യോമസേന പൂര്‍ണമായും നമ്മുടേതായി. സേനയുടെ ആത്മവിശ്വാസം ഉയര്‍ത്തിപ്പിടിക്കാനും അത് രാജ്യത്തിനു നല്‍കിവരുന്ന സേവനത്തെ ഓര്‍മപ്പെടുത്താനുള്ളതാണ് വ്യോമസേനാ ദിനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."