സഊദിയില്‍ ബിനാമി ബാര്‍ബര്‍ ഷോപ്പ് നടത്തിയ ഇന്ത്യക്കാരനെ നാട് കടത്താന്‍ കോടതി വിധി
റിയാദ്: ബിനാമി ബിസിനസിനെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തുന്ന സഊദിയില്‍ ഇന്ത്യക്കാരന്‍ പിടിയിലായി. ബാര്‍ബര്‍ഷോപ്പ് നടത്തിയിരുന്ന ഇന്ത്യക്കാരന്‍ ബിനാമി ബിസിനസാണ് നടത്തിയതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കേസില്‍ പിഴ ചുമത്തുകയും പുതിയ വിസയില്‍ തിരിച്ചു വരാന്‍ പറ്റാത്ത രീതിയില്‍ നാട് കടത്താനും തീരുമാനിച്ചതായി സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂട്ട് നിന്ന സഊദി പൗരനെതിരെയും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിട്ടുണ്ട്. സഊദിയിലെ സകാക അല്‍ ജൗഫിലാണ് കേസിനാസ്പദമായ സംഭവം.
ഇവിടെ ഇന്ത്യക്കാരനായ മുഹമ്മദ് ഖാലിദ് അബ്ദുല്‍ അസീസ് സ്വന്തമായി ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു. സഊദി പൗരന്റെ ഭാര്യയുടെ പേരില്‍ തുടങ്ങിയ സ്ഥാപനത്തിനായി മാസം തോറും അറുന്നൂറ് റിയാല്‍ സ്ഥാപനം തുടങ്ങാന്‍ കൂട്ട് നിന്ന സഊദി പൗരനും 800 റിയാല്‍ കടയുടെ വാടകയിനത്തിലും ചിലവഴിക്കുകയും ബാക്കി ലഭിക്കുന്ന അയ്യായിരം റിയാല്‍ സ്വന്തമായി എടുക്കുകയുമാണ് ചെയ്യുന്നതെന്ന് കോടതി കണ്ടെത്തി. ഇക്കാര്യം അദ്ദേഹം കോടതിയില്‍ സമ്മതിക്കുകയും ചെയ്തതായി വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു. ബിനാമി സ്ഥാപനമെന്ന സംശയത്തെ തുടര്‍ന്നു നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ സ്ഥാപനം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതാണെന്നു കണ്ടെത്തുകയും അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു. സഊദി പൗരനും പിഴ വിധിക്കുകയും സ്ഥാപനം അടച്ചു പൂട്ടാനും രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ഉത്തരവിട്ടു.
രാജ്യത്തു നിന്നും വിദേശങ്ങളിലേക്ക് പണം ഒഴുകുന്നതിന് പ്രധാന കാരണം ബിനാമി ബിസിനസാണെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്. ബിനാമി കേസ് പ്രതികള്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്ഷം വരെ തടവുമാണ് നിയമം അനുശാസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."