സഊദിയില്‍ കാറിനു നേരെ വെടിവയ്പ്; മലയാളി അത്ഭുതകരമായി രക്ഷപ്പെട്ടു
ജിദ്ദ: സഊദി തലസ്ഥാനമായ റിയാദില്‍ കാറിനു നേരെ അക്രമിയുടെ വെടിവയ്പ്്. കാറിലുണ്ടായിരുന്ന മലയാളി അത്ഭുതകരമായി രക്ഷപെട്ടു. റിയാദിന് സമീപം സുവൈരിയ എക്‌സിറ്റ് 25-ല്‍ പത്തനംതിട്ട സ്വദേശി മനീഷ് കുമാറിന് നേരെയാണ് വെടിവയ്പുണ്ടായത്. സെയില്‍സ് മാനായ മനീഷ് കുമാര്‍ കടയില്‍ സാധനം ഇറക്കിയ ശേഷം തിരിച്ച് കാറിലെത്തി ഡോര്‍ ലോക്ക് ചെയ്ത ഉടന്‍ അക്രമികള്‍ ഓടിയെത്തുകയായിരുന്നു. ആദ്യ ശ്രമമെന്നോണം ഡോര്‍ തുറക്കാന്‍ നോക്കിയെങ്കിലും അത് പരാജയപ്പെട്ടതോടെ അക്രമികള്‍ കാറിന്റെ മുന്നിലെത്തി ചില്ലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകരാത്തതിനെ തുടര്‍ന്ന് അടിച്ചു തകര്‍ക്കാനായി ശ്രമം. ഇതിനിടയില്‍ വീണ്ടും വെടിയുതിര്‍ത്തതോടെ മനീഷ് കുമാര്‍ കാര്‍ പിറകിലേക്കെടുത്ത് ഓടിച്ചുപോയതിനെ തുടര്‍ന്ന് കൊള്ളക്കാര്‍ പിന്തുടര്‍ന്ന് പിടികൂടാനായി ശ്രമം. എക്‌സിറ്റ് 19 വരെ കാര്‍ പിന്തുടര്‍ന്നു നോക്കിയെങ്കിലും ഒടുവില്‍ ഇവര്‍ പിന്‍വലിയുകയായിരുന്നു. പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. റിയാദിലും പരിസരങ്ങളിലും മലയാളികളടക്കം വിദേശികള്‍ കൊള്ളക്കാരുടെ ആക്രമണങ്ങള്‍ക്കിരയാകുന്നത് നിത്യ സംഭവമായതോടെ വിദേശികള്‍ പുറത്തിറങ്ങി നടക്കാന്‍ തന്നെ ഭയപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."