വാഹന ഇന്‍ഷുറന്‍സ് തുകയില്‍ മൂന്നുമാസത്തിനിടെ രണ്ടാം വര്‍ധന
കല്‍പ്പറ്റ: വാഹന ഇന്‍ഷുറന്‍സ് തുകയില്‍ മൂന്നുമാസത്തിനിടെ രണ്ടാം വര്‍ധനയും വരുത്തി ഐ.ആര്‍.ഡി.എ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി). ഫെബ്രുവരിയില്‍ കൂട്ടിയ 350 രൂപക്ക് പുറമെയാണ് ജൂണ്‍ ഒന്നു മുതല്‍ വീണ്ടും 300 രൂപ വര്‍ധിപ്പിക്കാനുള്ള ഉത്തരവ് ഐ.ആര്‍.ഡി.എ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് വാഹന ഉടമകളുടെ വയറ്റത്തടിക്കുന്ന നിലപാടാണ്. സാമ്പത്തിക പരാധീനതകള്‍ക്ക് ഇടയിലാണ് വാഹന ഇന്‍ഷുറന്‍സ് തുക തോന്നുംപോലെ കൂട്ടി ഐ.ആര്‍.ഡി.എ ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 350 രൂപയുടെ വര്‍ധന വരുത്തിയിരുന്നു. ഇത് വാഹന ഉടമക്കുള്ള ഇന്‍ഷുറന്‍സ് തുകയില്‍ വര്‍ധന വരുത്താനാണെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ അവകാശവാദം. വാഹനാപകടത്തില്‍ ഉടമ മരിച്ചാല്‍ ലഭിക്കുന്ന തുകയിലാണ് ഈ വര്‍ധനവ്. മുന്‍പ് ഉടമ മരിച്ചാല്‍ നിയമ നടപടികളൊന്നുമില്ലാതെ നല്‍കിയിരുന്ന ഇന്‍ഷുറന്‍സ് തുക ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും മറ്റു വാഹനങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുമായിരുന്നു. ഇത് പ്രീമിയം തുകയില്‍ 350 രൂപയുടെ വര്‍ധന വരുത്തിയതോടെ എല്ലാ വാഹന ഉടമകള്‍ക്കും 15 ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിയമ നടപടികള്‍ ഒന്നും ഇല്ലാതെയാണ് ഈ തുക വാഹന ഉടമകളുടെ ആശ്രിതര്‍ക്ക് ലഭിക്കുകയെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നത്.
ഈ 350 രൂപയുടെ വര്‍ധനക്ക് പിന്നാലെ തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തിലാണ് വീണ്ടും 300 രൂപയുടെ വര്‍ധനവ് ജൂണ്‍ ഒന്നു മുതല്‍ പ്രാബല്ല്യത്തില്‍ വരാന്‍ പോകുന്നത്. വാഹനാപകടത്തില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് തുക നല്‍കി വരുന്നത് കോടതി വിധിക്കുന്ന തുകയാണ്. ഇത് ഭീമമായ സംഖ്യകളായിരിക്കുമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നത്. ഇത്തരത്തില്‍ ഭീമമായ തുക നല്‍കുന്നത് കമ്പനികള്‍ക്ക് കടുത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിവയ്ക്കുന്നത്. ഇതേ തുടര്‍ന്ന് കമ്പനികള്‍ ഐ.ആര്‍.ഡി.എക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തില്‍ വര്‍ധന വരുത്തിയത്.
ഇത് ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഐ.ആര്‍.ഡി.എ മാര്‍ച്ച് 31ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വര്‍ധന വരുത്തരുതെന്ന് കാണിച്ച് നോട്ടിസ് നല്‍കി. ഒപ്പം തെരഞ്ഞെടുപ്പിനു ശേഷം വര്‍ധന വരുത്താമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വരുന്ന ജൂണ്‍ ഒന്നുമുതല്‍ പ്രീമിയം തുകയില്‍ വര്‍ധന വരുത്തുമെന്നാണ് വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നത്. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ വാഹന ഇന്‍ഷുറന്‍സ് ഇനത്തിലെ വര്‍ധനവിന്റെ ഏറ്റവും ചെറിയ തുകയാണ് 650 (350+300). 1000 സി.സിക്ക് താഴെയുള്ള വാഹനങ്ങള്‍ക്കാണ് ഈ 650 രൂപയുടെ വര്‍ധന വന്നത്. 1000-1500 സി.സി വാഹനങ്ങള്‍ക്കിത് 787 രൂപയാണ്. ഗുഡ്‌സ് വാഹനങ്ങള്‍ക്ക് ഈ തുക ആയിരവും കടന്നുപോകും. 7500 കിലോഗ്രാം ഭാരം വരുന്ന ഗുഡ്‌സ് വാഹനങ്ങള്‍ക്ക് 1700 രൂപയിലധികം വര്‍ധന വരും.
ഇതിന് മുകളിലേക്കുള്ള ഓരോ വാഹനങ്ങള്‍ക്കും 2000 മുതല്‍ 5000 രൂപ വരെ വര്‍ധനയാണ് ജൂണ്‍ മുതല്‍ വരാന്‍ പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ഐ.ആര്‍.ഡി.എയുടെ ഈ തീരുമാനമെന്നാണ് വാഹന ഉടമകളുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."