ഫൈളുല്‍ ഫയ്യാള്; ചരിത്രാവിഷ്‌ക്കാരത്തിന്റെ മാപ്പിള മാതൃക
മഹത്തായ മാപ്പിള സാഹിത്യമണ്ഡലത്തിലേക്ക് ഒരു 'ചരിത്രദര്‍ശനം' തന്നെ സംഭാവന ചെയ്ത ചരിത്രകൃതിയാണ് 'ഫൈളുല്‍ ഫയ്യാള്.' അണ്ടത്തോട് കുളങ്ങരവീട്ടില്‍ ശുജായി മൊയ്തു മുസ്‌ലിയാരാണ്(1861-1919) ഈ കൃതിയുടെ കര്‍ത്താവ്. മനുഷ്യോല്‍പത്തി അഥവാ ആദം നബി മുതല്‍ അബ്ബാസി ഭരണാധികാരി മുതവക്കില്‍(847-861) വരെ നീളുന്ന അതിബൃഹത്തായ ഇസ്‌ലാമിക ചരിത്ര സംഭവങ്ങള്‍ ഹ്രസ്വമായ ദാര്‍ശനിക പരിപ്രേക്ഷ്യത്തില്‍ ഉള്ളടക്കിയതാണ് ഈ കൃതി. ഹി 1303/ക്രി.വ 1887ല്‍ അറബിമലയാളത്തില്‍ രചിക്കപ്പെട്ട ഈ കൃതിയെ കുറിച്ചു മാപ്പിള സാഹിത്യ പഠന വീഥിയില്‍ വേണ്ടവിധം വിലയിരുത്തപ്പെട്ടിട്ടില്ല. 128 വര്‍ഷം പിന്നിടുന്ന ഈ ചിരന്തന കൃതിയെക്കുറിച്ച്, ചരിത്രപരമായ അതിന്റെ പിറവിക്കു പശ്ചാത്തലമൊരുക്കിയ രാഷ്ട്രീയ, സാംസ്‌കാരിക സാഹചര്യങ്ങളുടെ മൂര്‍ത്തമായ ചുറ്റുവട്ടത്തില്‍ നിന്നു കൊണ്ട് പുനര്‍വായിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഹി. 1347/ക്രി.വ 1939 മെയ് 30ന് പൊന്നാനിയിലെ മന്‍ബഉല്‍ ഹിദായ അച്ചുകൂടത്തില്‍ മുദ്രണം ചെയ്ത ഒരു മൂന്നാം പതിപ്പ് കോപ്പിയാണ് ഈ കുറിപ്പിനവലംബം.
രചനാപശ്ചാത്തലം
കോളനിവിരുദ്ധ കലാപങ്ങളാല്‍ കലുഷിതമായ 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കേരളത്തിലെ ഇസ്‌ലാമിക വിജ്ഞാന പ്രസരണ കേന്ദ്രമായ പൊന്നാനിയിലിരുന്നുകൊണ്ട് എഴുതിയതാണ് 'ഫൈളുല്‍ ഫയ്യാള്.' പ്രൗഢമായ ഈ രചനയുടെ സാമൂഹിക, രാഷ്ട്രീയ പ്രസക്തി മനസിലാക്കണമെങ്കില്‍ പ്രധാനമായും രണ്ടു ഘടകങ്ങള്‍ വിലയിരുത്തേണ്ടിവരും. ഒന്ന്- 19-ാം നൂറ്റാണ്ടിലെ മലബാറിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം. രണ്ട്-കൊളോനിയല്‍ ആധുനികതയുടെ ഭാഗമായുള്ള ജ്ഞാനരൂപങ്ങളോടും ബ്രാഹ്മണിക് അധീശത്വ വൈജ്ഞാനിക വ്യവഹാരങ്ങളോടുമുള്ള മുസ്‌ലിം പാരമ്പര്യ പണ്ഡിതന്മാരുടെ ശക്തമായ ചെറുത്തുനില്‍പ്പ്. 1766 വരെ മലബാര്‍ കോഴിക്കോട്ടെ സാമൂതിരിമാര്‍ക്കു കീഴിലായിരുന്നുവല്ലോ. 1792ഓടുകൂടി മലബാര്‍, ടിപ്പുസുല്‍ത്താനു വേണ്ടി ഈസ്റ്റിന്ത്യാകമ്പനിക്കു വിട്ടുകൊടുക്കേണ്ടിവന്നു. പിന്നീടു ശക്തമായ ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിനൊടുവില്‍ 1799ല്‍ ടിപ്പു രക്തസാക്ഷിയായി. മലബാറിനോട് എന്നും സവിശേഷമായ താല്‍പര്യം കാണിച്ചിരുന്ന ടിപ്പുവിനോടു മാപ്പിളക്കാര്‍ക്കു പ്രത്യേകമായ മമതയുണ്ടായിരുന്നു. അതിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. ഒന്ന്-മലബാറിലെ ഫ്യൂഡല്‍-കോളനി കൂട്ടുകെട്ടിനെ ടിപ്പു ശക്തമായി എതിര്‍ത്തു. രണ്ട്-ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ അങ്ങേയറ്റം മര്‍ദിതരും ഇരകളുമായിത്തീര്‍ന്ന മാപ്പിളമാര്‍ക്ക് ടിപ്പുവിന്റെ കടുത്ത കോളനിവിരുദ്ധ നീക്കം പുതിയ പ്രതീക്ഷകള്‍ നല്‍കി. എന്നാല്‍ ടിപ്പുവിന്റെ പൊടുന്നനെയുള്ള രക്തസാക്ഷ്യം ഈ പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചു. ബ്രിട്ടീഷുകാര്‍ ഇവിടെ പഴയ ജന്മിത്വ നാടുവാഴി വ്യവസ്ഥ തന്നെ പുന:സ്ഥാപിച്ചു. തല്‍ഫലമായി, കര്‍ഷകനും ഭൂവുടമയും തമ്മിലുണ്ടായിരുന്ന സകലരമ്യതകളും വഷളായി.
ജന്മിമാര്‍ക്കു പല പരിരക്ഷകളും നല്‍കിയപ്പോള്‍ കുടിയാന്മാര്‍ക്ക് അവകാശ നിഷേധത്തിനെതിരേ കോടതി കയറാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടു. എല്ലാ കോടതിവിധികളും ജന്മിമാര്‍ക്ക് അനുകൂലമായി. കര്‍ഷകര്‍ക്കുമേല്‍ കനത്ത ഭൂനികുതി ചുമത്തപ്പെട്ടു. ഹസ്‌റത്ത് ഉമര്‍ഖാദി(1765-185)യുടെ 1819ലെ പ്രഖ്യാതമായ നികുതി നിഷേധ ആഹ്വാനം മുഴങ്ങുന്നതും ഇതിനെ തുടര്‍ന്നാണ്. ടിപ്പുവിനോടും ഇസ്‌ലാമിനോടുമുള്ള ബ്രിട്ടീഷുകാരന്റെ കലി ഉഗ്രരൂപം പൂണ്ടപ്പോള്‍ മലബാറില്‍ പള്ളികള്‍ സ്ഥാപിക്കാനും മയ്യിത്ത് മറവു ചെയ്യാനുമുള്ള പ്രാഥമിക അനുവാദം പോലും നിഷേധിക്കപ്പെട്ടു. സ്ത്രീകള്‍ക്കു നേരെയുള്ള മാനഭംഗങ്ങള്‍ തുടര്‍ക്കഥയായി. 1847ലെ ജന്നത്ത് ബീവി സംഭവവും 1859ല്‍ നിലവില്‍ വന്ന 'മാപ്പിള ഔട്ട്‌റേജസ് ആക്ടും' പ്രത്യേകം ഓര്‍ക്കുക. ഉമര്‍ഖാദിയെ ഇതിനുമുന്‍പെ 1819ല്‍ അറസ്റ്റു ചെയ്ത് കോഴിക്കോട്ടെ ഹജൂര്‍ ജയിലിലാക്കിയിരുന്നുവല്ലോ. ഇവയുടെയെല്ലാം പ്രതികരണമെന്ന നിലയില്‍ നടന്ന മാപ്പിള കലാപങ്ങള്‍ 19-ാം നൂറ്റാണ്ടിനെ 'കലാപങ്ങളുടെ നൂറ്റാണ്ട് 'എന്ന വിശേഷണത്തിനര്‍ഹമാക്കി. ഇത്തരമൊരു ദശാസന്ധിയിലാണ് ശുജായി തന്റെ ചരിത്രകൃതിയായ 'ഫൈളുല്‍ ഫയ്യാളി'ന്റെ രചന തുടങ്ങുന്നത്. ഹി.1305/ക്രി.1887ല്‍ ആരംഭിച്ച ഈ ഉദ്യമം ആറു മാസത്തിനകം തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു. ഒന്നാം സ്വാതന്ത്ര്യസമരമായി പരിഗണിക്കുന്ന ശിപായി ലഹള കഴിഞ്ഞ് 30 വര്‍ഷത്തിനു ശേഷമാണ് ഈ കൃതിയുടെ പിറവി. 19-ാം നൂറ്റാണ്ടില്‍ കോളനി വിരുദ്ധ കലാപങ്ങള്‍ക്കു ഉശിരു പകര്‍ന്നിരുന്ന രണ്ടു വ്യക്തികളായ മമ്പുറം തങ്ങളുടെയും(മ.1845) ഉമര്‍ഖാദിയുടെയും(മ.1856) തിരോഭാവങ്ങള്‍ പോരാട്ടവഴിയില്‍ വരുത്തിവച്ച ശൂന്യതയും നൈരാശ്യവും ഉജ്ജ്വലമായ ഇസ്‌ലാമിക ചരിത്രപാഠങ്ങളുടെ ത്രസിപ്പിക്കുന്ന ഓര്‍മകളിലൂടെ നികത്തുകയെന്ന താല്‍പര്യം ഈ ഉദ്യമത്തിലൂടെ ഇതിന്റെ കര്‍ത്താവിനുണ്ടായിരിക്കാമെന്നു ന്യായമായും നിരീക്ഷിക്കാം. ചരിത്രം മനുഷ്യര്‍ക്കു ഗുണപാഠവും വഴികാട്ടിയുമാണെന്നതാണല്ലോ ഇസ്‌ലാമിക ചരിത്രദര്‍ശനങ്ങളുടെ നിലപാട്. മാത്രവുമല്ല, മാനവരാശിയുടെ ഭാഗധേയവുമായി ബന്ധപ്പെട്ട ദൈവിക തീരുമാനങ്ങളുടെയും ഇച്ഛകളുടേയും മുദ്രകളാണു ചരിത്രം എന്ന ഖുര്‍ആനിക ചരിത്രദര്‍ശനവുമായി ബന്ധപ്പെട്ട മറ്റൊരു വീക്ഷണത്തില്‍ ഈ കൃതിയെ കൊളോനിയല്‍ അധിനിവേശത്താല്‍ നിരാശരായിത്തീര്‍ന്നവര്‍ക്കുവേണ്ടിയുള്ള മഹനീയമായൊരു സാന്ത്വനദര്‍ശനമായും അഭിവീക്ഷിക്കാം.
രചനാ പശ്ചാത്തലവുമായി പ്രത്യേകം കണ്ണിചേര്‍ക്കേണ്ട മറ്റൊരു സന്ദര്‍ഭം കൊളോനിയല്‍ ആധുനികതയുടെ പൗരസ്ത്യ/മുസ്‌ലിം ചരിത്രങ്ങള്‍ക്കു മേലുള്ള സാംസ്‌കാരിക കൈയേറ്റമാണ്. 18-ാം നൂറ്റാണ്ടോടുകൂടി മുസ്‌ലിം രാജ്യങ്ങളെല്ലാം കോളനിവല്‍ക്കരിക്കപ്പെട്ടതോടെ അവരുടെ ചരിത്രവും കോളനിവല്‍ക്കരിക്കപ്പെടുകയുണ്ടായി. ഓറിയന്റലിസ്റ്റുകളുടെ ഇസ്‌ലാമിക വിരുദ്ധമായ ചരിത്രരചനകള്‍ 18-ാം നൂറ്റാണ്ടില്‍ കോളനീകൃത രാജ്യങ്ങളില്‍ വിപുലമായി കൊണ്ടാടപ്പെട്ടു. പ്രഗത്ഭ സ്‌കോട്ടിഷ് ഓറിയന്റലിസ്റ്റായ വില്ല്യം മൂറി(1819-1905)ന്റെ The Life of Muhammed എന്ന പുസ്തകത്തിലെ പ്രവാചകനെ അപകീര്‍ത്തപ്പെടുത്തുന്ന പ്രസ്താവനകള്‍ കണ്ടു മനംമടുത്ത സര്‍ സയ്യിദ് അഹ്മദ്ഖാന്‍ (1817-1898) പ്രഗത്ഭ പണ്ഡിതനായ ശിബിലി നുഅ്മാനി(1857-1914)യോട് അതിനു ഖണ്ഡനമെഴുതാന്‍ ആവശ്യപ്പെട്ട പ്രകാരം ശിബിലി രചിച്ച കൃതിയായിരുന്നുവല്ലൊ 'സീറത്തുന്നബി'. രണ്ടു വാല്യങ്ങളിലായി രചിച്ച ഈ ഗ്രന്ഥം പിന്നീടു പൂര്‍ത്തിയാക്കിയത് അദ്ദേഹത്തിന്റെ ശിഷ്യന്‍ സയ്യിദ് സുലൈമാന്‍ നദ്‌വി(1884-1953)യായിരുന്നു. ശിബിലിയും നദ്‌വിയുമൊക്കെ തങ്ങളുടെ ഈ വിഷയകമായുള്ള ആക്ടിവിസം തുടങ്ങുന്നതിനുമുന്‍പെ മലബാറില്‍ നിന്ന് ശുജായി തന്റെ പ്രതിവ്യവഹാര സംവാദം (Counter Discourse) ആരംഭിച്ചിരുന്നുവെന്നു സാരം. ഗ്രന്ഥകാരന്റെ ജീവിതവും സാഹിത്യസംഭാവനകളും ചരിത്രവല്‍ക്കരിക്കപ്പെടേണ്ട പശ്ചാത്തലവും ഇവിടെയാണ്.
ജീവിതവും രചനകളും
ശുജാഇയുടെ വിശദമായൊരു ജീവിതരേഖ ചരിത്രത്തില്‍ രേഖപ്പെടുത്തി കണ്ടിട്ടില്ല. കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമും സി.എന്‍ അഹ്മദ് മൗലവിയും സംയുക്തമായി രചിച്ച 'മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യ'ത്തിലെ സാമാന്യമായ സൂചനകളാണു ഗ്രന്ഥകാരന്റെ ജീവിത ചരിത്രത്തിലേക്കു വെളിച്ചംവീശുന്ന പ്രാഥമിക രേഖകള്‍. തദടിസ്ഥാനത്തില്‍ ഹി.1278/ക്രി.1861 അദ്ദേഹം ജനിച്ചു. പിതാവ്, കുളങ്ങരവീട്ടില്‍ അബ്ദുല്‍ ഖാദിര്‍. ജന്മനാടായ അണ്ടത്തോടില്‍ പ്രാഥമിക വിദ്യാഭ്യാസം. ഉപരിപഠനം എരമംഗലം, വെളിയങ്കോട്, പൊന്നാനി ദര്‍സുകളില്‍. പ്രധാന അധ്യാപകര്‍: തുന്നന്‍വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍ (മ.1343/1924), സിയാമു മുസ്‌ലിയാര്‍, ചെറിയ കുഞ്ഞന്‍ബാവ മുസ്‌ലിയാര്‍ (മ.1341/1922). ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ക്കു പുറമെ അറബി, ഉര്‍ദു, തമിഴ് ഭാഷകളിലും ശുജായി വ്യൂല്‍പത്തി നേടി. ചരിത്രവും ആധ്യാത്മികശാസ്ത്രവുമായിരുന്നുവത്രെ ചരിത്രപുരുഷന്റെ ഇഷ്ട വിഷയങ്ങള്‍. സാരവത്തായ എട്ടു കൃതികളാണ് ശുജാഇയുടേതായി ഇന്നു നമ്മുടെ മുന്‍പിലുള്ളത്. ഒന്ന്-ഫൈളുല്‍ ഫയ്യാള് (1887), രണ്ട്-നഹ്ജു ദഖാഇഖ് (1983), മൂന്ന്-ഫത്ഹുല്‍ ഫത്താഹ് (1909), നാല്-തജ്‌വീദുല്‍ ഖുര്‍ആന്‍ എന്ന ബൈത്ത് (1906), അഞ്ച്-മന്‍ഫഉല്‍മൗത്ത്, ആറ്-മഅ്ദനുല്‍ ജവാഹിര്‍ രത്‌നമാല (1887), ഏഴ്-സഫലമാല (1899), എട്ട്-ഗുരുസ്ഥാന്‍ ഹിന്ദുസ്ഥാന്‍ പഠനസഹായി (1891). ഇവയില്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള ഗ്രന്ഥങ്ങള്‍ ഗദ്യത്തിലും ആറ്, ഏഴ് കൃതികള്‍ പദ്യത്തിലുമാണ്. എട്ടാമത്തെ കൃതിയായ 'ഗുരുസ്ഥാന്‍ ഹിന്ദുസ്ഥാന്‍ പഠനസഹായി' ഇന്നേവരെ കണ്ടെത്താനായിട്ടില്ല. എല്ലാ കൃതികളും അറബിമലയാളത്തിലാണു രചിക്കപ്പെട്ടിട്ടുള്ളത്. അറബി ഭാഷയില്‍ വൈജ്ഞാനിക വ്യവഹാരങ്ങള്‍ നടത്തിയ മഖ്ദൂമുമാരുടെ തട്ടകത്തിലിരുന്നാണ് ഈ കൃതികളെല്ലാം പ്രാദേശിക ഭാഷാഭേദത്തില്‍ രചിക്കപ്പെട്ടതെന്ന കാര്യം മുഖവിലക്കെടുക്കുമ്പോള്‍ ശുജാഈ രചനകളുടെ ജനകീയ താല്‍പര്യം ബോധ്യപ്പെടും.
ഘടനയും ഉള്ളടക്കവും
ദൈവിക നിര്‍ഗമം, ദര്‍ശന പ്രവാഹം എന്നൊക്കെ അര്‍ഥ കല്‍പന നല്‍കാവുന്ന ഈ പ്രൗഢകൃതിയില്‍ മൊത്തം 312 പുറങ്ങളിലായി 306ഓളം വിഷയ സൂചികകള്‍ ഉള്‍ക്കൊള്ളുന്നു. പഠനസൗകര്യാര്‍ഥം ഗ്രന്ഥകാരന്‍ കൃതിയിലെ മൊത്തം ഉള്ളടക്കത്തെ നാലു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ഒന്ന്-മുന്നണി (മുഖദ്ദിമ). രണ്ട്-11 ഉപഖണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാലു ഖണ്ഡങ്ങള്‍. മൂന്ന്-പിന്നണി (മുഅഖിറത്ത്). നാല്-അവസാനഭാഗം (ഖാതിമത്). ഈ നാലു ഭാഗങ്ങളിലായി ബഹുലവും സമഗ്രവുമായൊരു ഉള്ളടക്കത്തെ ഗ്രന്ഥകാരന്‍ കാലാനുഗതമായി (Chronological Base) ക്രമീകരിച്ചിരിക്കുന്നു. ഇതിലൂടെ ചരിത്രസംഭവങ്ങളുടെ അനുക്രമമായൊരു വായന സുസാധ്യമാക്കിയിരിക്കുന്നു. ഉള്ളടക്ക പട്ടികയുടെ തലവാചകം 'ഈ കിതാബില്‍ അകപ്പെടുത്തപ്പെട്ട ഇന്നിന്ന വക ഭാഗഭാഗമെന്നറിയിക്കുന്ന സൂചക പത്രിക', എന്നു കാണാം. ആമുഖഭാഗത്ത് അനുവാചകര്‍ക്കുള്ള പൊതു നിര്‍ദേശങ്ങള്‍, അവലംബ ഗ്രന്ഥങ്ങള്‍, ചരിത്രം, ജീവചരിത്രം (സീറ) എന്നിവയുടെ സാമാന്യ നിര്‍വചനങ്ങള്‍ എന്നിവ നല്‍കിയിട്ടുണ്ട്. മുഖ്യ അവലംബങ്ങളായി സൂചിപ്പിച്ചിട്ടുള്ളത്, ഖുലാസതു സീറത്തു സുഹ്‌രി, സീറതു ദിംയാതി, സീറത്തു ഇബ്‌നുഹിശാം, സീറത്തു ഇബ്‌നു ഹലബി, സീറത്തു താരീഖുല്‍ ഖമീസ്, സീറത്തു ശഹാഹിന്ദു നുബുവ്വ, സീറത്തു സുര്‍ഖാനി തുടങ്ങിയ ബൃഹത്തായ ഗ്രന്ഥങ്ങളാണ്.
ഒന്നാം ഖണ്ഡത്തില്‍ ആദംഹവ്വമാരുടെ സൃഷ്ടിപ്പ്, അവരുടെ വിവാഹം, അവരില്‍ ജനിച്ച 20 ആണ്‍മക്കള്‍, 20 പെണ്‍മക്കള്‍ എന്നിവ വിവരിക്കുന്നു. ഇതിനുശേഷം, ശീശ്, നൂഹ്, ഇബ്‌റാഹിം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യൂസുഫ്, മൂസ, ഹാറൂന്‍, ദാവൂദ്, സുലൈമാന്‍, ബല്‍ഖീസ്, ഇര്‍മിയാന, ദാനിയാല്‍, ഈസ തുടങ്ങിയവരുടെ ജീവചരിത്രവും പ്രതിപാദിക്കുന്നു. ഇതിനെ തുടര്‍ന്നു പ്രവാചകന്റെ പിതാക്കന്മാരായ അദ്‌നാന്‍, മുളര്‍, ഇല്യാസ്, മുദ്‌രിക്ക, ഖുസൈമ, കിനാന, മുളര്‍, മാലിക്, ഫിഹ്ര്‍, ഗ്വാലിബ്, ലുഅയ്യ് തുടങ്ങിയവരിലൂടെ തിരുമേനിയുടെ പിതാവായ അബ്ദുല്ലയില്‍ എത്തുന്നു. ഈ ചര്‍ച്ച പ്രവാചകന്റെ തിരുപ്പിറവി വരെ ചെന്നു നില്‍ക്കുന്നു.
രണ്ടാം ഖണ്ഡം തിരുപ്പിറവിയുമായി ബന്ധപ്പെട്ട അതിശയ സംഭവങ്ങള്‍ മുതല്‍ ഹസ്‌റത്ത് ഖദീജയുമായുള്ള അവിടത്തെ വിവാഹം വരേയുള്ള സംഭവങ്ങളും ചുരുക്കി വിവരിക്കുന്നു. മൂന്നാം ഖണ്ഡം പ്രവാചകത്വലബ്ധി മുതല്‍ ഹിജ്‌റ വരെ നീളുന്നു. നാലാം ഖണ്ഡത്തോടെ പ്രവാചകന്റെ മദീനാ കാലഘട്ടം ആരംഭിക്കുന്നു. ഈ ഭാഗത്തെ വീണ്ടും 11 ഉപഖണ്ഡങ്ങളായി ഗ്രന്ഥകാരന്‍ വിഭജിച്ചിരിക്കുന്നു. ഹി. ഒന്നു മുതല്‍ 11 വരെയുള്ള സംഭവ പരമ്പരകളുടെ രത്‌നചുരുക്കമാണതില്‍ പ്രതിപാദിച്ചിട്ടുള്ളത്. മദീനാ പ്രവേശം മുതല്‍ തിരുമേനിയുടെ മരണത്തിനു തൊട്ടുമുന്‍പ് മുസൈലിമ, അസ്‌വദ് എന്നീ കള്ള പ്രവാചകന്മാര്‍ക്കെതിരില്‍ ഉസാമ ബിന്‍ സൈദിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക നീക്കം വരെ ഇതില്‍ കാണാം. ഇതിനെ തുടര്‍ന്നു വരുന്ന മൂന്നാം ഖണ്ഡം പ്രവാചകന്റെ സെക്രട്ടറിമാര്‍, ഖാദിമാര്‍, പ്രവാചകന്‍ ഉപയോഗിച്ച കുതിരകള്‍, കൊടി, വടി, ചമയങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മവും അമൂല്യവുമായ വിശദാംശങ്ങളും പ്രതിവാദിക്കുന്നു. ഖാതിമ എന്ന അവസാന ഭാഗത്ത് സച്ചരിത ഖലീഫമാരുടെ 30 വര്‍ഷത്തെ ഭരണകാലം (ക്രി.661-750) അബുല്‍ അബ്ബാസ് മുതല്‍ മുതവക്കില്‍ വരെയുള്ള 111 വര്‍ഷ (ക്രി 846-861)ത്തെ അബ്ബാസി ഭരണകാലം എന്നിവ ഉള്‍ക്കൊള്ളുന്നു.
കൃതി
അവലോകനം
മാപ്പിള സാഹിത്യരചനകളുടെ പ്രാതസ്മരണീയമായ ഗണത്തില്‍ എണ്ണപ്പെടേണ്ട ഈ ചിരന്തന കൃതിയെ കുറിച്ചു ഗൗരവതരമായ പഠനങ്ങള്‍ക്കു വലിയ പ്രസക്തിയുണ്ട്. മലയാള ഭാഷയിലെ ചരിത്രസാഹിത്യമണ്ഡലത്തില്‍ ആദ്യകൃതിയായി പരിഗണിച്ചുപോരുന്നതു 'കേരളോല്‍പത്തി'യാണല്ലോ. വെറും ഐതിഹ്യങ്ങളെ ആധാരമാക്കി രചിച്ച ഈ കൃതിയുടെ രചന നടന്നത് 18-ാം നൂറ്റാണ്ടിലാണെന്നാണ് അനുമാനിക്കപ്പെടുന്നത്. പിന്നീട് 'കേരളപ്പഴമ' എന്നൊരു ചരിത്രഗ്രന്ഥം 1868ല്‍ ഡോ. ഗുണ്ടര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. 1498-1581 വരെയുള്ള കേരളചരിത്രമാണ് അതിന്റെ ഉള്ളടക്കം. ഗുണ്ടര്‍ട്ടിന്റെ പ്രഖ്യാതമായ ഈ രചനയ്ക്കുശേഷം 19 വര്‍ഷം കഴിഞ്ഞാണ് ശുജാഇ തന്റെ 'ഫൈളുല്‍ ഫയ്യാള് ' രചിക്കുന്നത്. പോര്‍ച്ചുഗീസുകാര്‍ രേഖപ്പെടുത്തിയ കുറിപ്പുകളുടെ സമാഹാരമായിരുന്നുവല്ലോ ഗുണ്ടര്‍ട്ടിന്റെ 'കേരളപ്പഴമ.' എന്നാല്‍, ഇസ്‌ലാമിക ലോകത്തിന്റെ സാര്‍വത്രികമായൊരു ചരിത്രമാണ് ഫയ്യാളിന്റെ ഉള്ളടക്കം. ഈ പ്രഖ്യാത കൃതി പ്രസിദ്ധീകരിച്ച് 25 വര്‍ഷം കഴിഞ്ഞാണ് കെ.പി പത്മനാഭ മേനോന്റെ 'കൊച്ചിരാജ്യചരിത്രം' 1912ല്‍ പുറത്തിറങ്ങുന്നത്. ഇതില്‍ നിന്നു മലയാളത്തിലെ പ്രാദേശിക ചരിത്രരചനകളോടൊപ്പം തന്നെ കേരളത്തില്‍നിന്നുള്ള ഇസ്‌ലാമിക ചരിത്രരചനയും വികാസം പ്രാപിച്ചിരിന്നുവെന്നു മനസിലാക്കാം.
മാപ്പിള മലയാളത്തിലെ പ്രഥമ ലോക ചരിത്രസംഗ്രഹം എന്ന നിലയില്‍ ഈ കൃതിയുടെ ഭാഷാപരമായ സവിശേഷതകളും അവലോകനമര്‍ഹിക്കുന്നു. സൂക്ഷ്മമായ പദവിന്യാസം, പ്രാസപ്പൊരുത്തമുള്ള വാക്കുകളുടെ പ്രയോഗം, നാടകീയമായ ആമുഖങ്ങള്‍, സംഭവങ്ങളുടെ കാലഗണനപ്രകാരമുള്ള അവതരണം, ഭക്തിസാന്ദ്രമായ തുടക്കവും ഒടുക്കവും, പ്രതിപാദനങ്ങള്‍ക്കിടയില്‍ സാന്ദര്‍ഭികമായി കടന്നുവരുന്ന അറബി കാവ്യശീലുകള്‍ അങ്ങനെ ആദ്യമധ്യാന്തം 'ഫൈളുല്‍ ഫയ്യാള് ' ലക്ഷണമൊത്തൊരു ചരിത്രസാഹിത്യകൃതിയായി നിലകൊള്ളുന്നു. വിജ്ഞാന കുതുകികളുടെയും ചരിത്രാന്വേഷകരുടെയും മനം കവര്‍ന്നെടുക്കാന്‍ ആവശ്യമായ സകലചേരുവകളും ഗ്രന്ഥകാരന്‍ ഇതില്‍ ഭാവനാപൂര്‍വം ഉള്ളടക്കിയിരിക്കുന്നു.
ഈ ചരിത്രകൃതിയെ സവിശേഷപ്പെടുത്തുന്ന മറ്റൊരു സംഗതി അതിന്റെ ഭാഷാമിശ്രിതത്വം (Hybridity) ആണ്. അറബിമലയാളസാഹിത്യങ്ങളുടെ പൊതുസ്വരൂപം അപ്രകാരമാണല്ലോ. മലയാളപദങ്ങളോടൊപ്പം അറബി, തമിഴ് പ്രയോഗങ്ങളും ഇതിലെ പരാവര്‍ത്തനങ്ങളില്‍ കടന്നുവരുന്നു. ഉദാഹരണമായി കൃതിയിലെ 'മുഖദ്ദിമ' എന്ന മുന്നണിയില്‍ ഗ്രന്ഥകര്‍ത്താവിന്റെ പ്രാരംഭമൊഴി ശ്രദ്ധിക്കുക. ''അല്ലാഹു സുബ്ഹാനഹുവതആല അവന്‍ തന്റെ കുന്‍ഹുദാതുയെന്ന മനോഹര ശുദ്ധസ്വരൂപം തന്‍ തനിമ എന്ന ഉള്ളകമിയ സാരാന്തകാരണത്തില്‍ മറഞ്ഞ കാലമല്ലാകാലം ഹഖുതന്റെ സുല്‍ത്വാനുല്‍ ഉള്മാ എന്ന വണ്ണ വലിപ്പ രാജങ്കത്തെ വെളിപ്പെടുത്തേണ്ടതിന്നായി സ്വന്തതിരുവൊളിവിനാല്‍ അവന്‍ തന്റെ ഹബീബായ സയ്യിദ്‌നാ മുഹമ്മദ് (സ) തങ്ങളുടെ സാരസ്വരൂപമെന്ന ഒളിവിനെ വളര്‍മ്മയില്‍ വെളിപ്പെടുത്തി''.
ഇസ്‌ലാമിക ചരിത്രപഠനത്തില്‍ അനിവാര്യമായും കടന്നുവരുന്ന അറബി സാങ്കേതിക ശബ്ദങ്ങളെ അതിന്റെ മൂലരൂപത്തില്‍ത്തന്നെ രേഖപ്പെടുത്തി അവ അനുവാചകര്‍ക്ക് ലളിതമായി വിശദീകരിച്ചുകൊടുക്കുന്ന ഒരു ആഖ്യാനശൈലിയാണു ഗ്രന്ഥകാരന്‍ ഈ രചനയില്‍ അവലംബിച്ചിട്ടുള്ളത്. ഉദാഹരണമായി, ഗ്വസ്‌വ, സറായ, ഹില്‍ഫുല്‍ ഫുളൂല്‍, ഗ്വനീമ, ജിസ്‌യ, ഖറാജ്, ഉഷ്ര്‍, സക്കാത്ത്, സ്വദഖ തുടങ്ങിയ സംജ്ഞകളുടെ സരളമായ നിര്‍വചനവും അവയുടെ കൃത്യമായ വിശദീകരണവും കാണാം. ഇപ്രകാരം ഈ കൃതിയുടെ വായന പണ്ഡിതന്മാര്‍ക്കെന്നപോലെത്തന്നെ സാമാന്യരായ വായനക്കാര്‍ക്കും സുസാധ്യമാക്കിതീര്‍ത്തിരിക്കുന്നു. മഹത്തായ ഇസ്‌ലാമിക ചരിത്രസംഭവങ്ങളെ തദ്ദേശീയരിലേക്കെത്തിക്കാനുള്ള ഒരു ജനായത്ത ഇടപെടലായി ഈ ഉദ്യമത്തെ പൊതുവില്‍ അഭിവീക്ഷിക്കാം.
കൃതിയെ സൂക്ഷ്മമായി അപഗ്രഥിക്കുമ്പോള്‍ കണ്ടെത്താവുന്ന മറ്റൊരു സംഗതി ഗ്രന്ഥകാരന്‍ പൊതുവില്‍ രണ്ടു തരം ആഖ്യാന ശൈലികള്‍ ഇതില്‍ പ്രയോഗിച്ചതാണ്:
ഒന്ന്-സാമാന്യവും സംക്ഷിപ്തവുമായ ആഖ്യാനങ്ങള്‍. രണ്ട്-ഗഹനവും തത്ത്വചിന്താപരവുമായ ആഖ്യാനങ്ങള്‍. രചനയില്‍ പൊതുവില്‍ ഒന്നാമത്തെ രീതിയാണ് അവലംബിച്ചിട്ടുള്ളത്. എന്നാല്‍ നിഗൂഢാത്മകമായ പരികല്‍പനകളും സന്ദര്‍ഭങ്ങളും പ്രതിപാദിക്കേണ്ടിവരുന്ന സമയത്തു രണ്ടാമത്തെ രീതിയാണു സ്വീകരിച്ചിട്ടുള്ളത്. ഉദാഹരണമായി, ആദമിന്റെ സൃഷ്ടിപ്പ്, പ്രവാചകന്റെ ആദിമ ഒളിവ്, മിഅ്‌റാജ്, ഹിജ്‌റയുടെ പൊരുള്‍, നുബുവ്വത്ത് തുടങ്ങിയ സന്ദര്‍ഭങ്ങള്‍ ഇത്തരം ആവിഷ്‌ക്കാരഭംഗിയില്‍ മുങ്ങി നില്‍ക്കുന്നു.
അറബിയിലും അറബിമലയാളത്തിലും വിരചിതമായ മാപ്പിള സാഹിത്യഭണ്ഡാകാരത്തിലെ ഒരു പ്രധാന തര(genre)മാണു ചരിത്ര, ജീവചരിത്ര സാഹിത്യങ്ങള്‍. ഇവയില്‍ 16-ാം നൂറ്റാണ്ടില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ (1512-1618) അറബി ഭാഷയില്‍ രചിച്ച 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' നിര്‍ണായകമായൊരു ചരിത്രഘട്ടത്തെ പ്രതിനിധീകരിക്കുന്നു. തുഹ്ഫയുടെ ഭാഷയും സത്തയും സവിശേഷമായൊരു സാമൂഹികരാഷ്ട്രീയത്തെയാണ് അടയാളപ്പെടുത്തുന്നതെങ്കില്‍ ശുജാഇയുടെ 'ഫൈളുല്‍ ഫയ്യാള് ' മഖ്ദൂം കോറിയിട്ട തുഹ്ഫയുടെ ആശയക്കനലുകളില്‍ നിന്നു വീര്യമുള്‍ക്കൊണ്ടു മറ്റൊരു സാംസ്‌കാരിക പ്രതിരോധമാണു തീര്‍ക്കുന്നത്. അതായത്, കോളനിവിരുദ്ധ സമരങ്ങള്‍ക്കു മുന്‍പന്തിയിലുണ്ടായിരുന്ന ഒരു സമൂഹത്തിനു ചരിത്രപാഠങ്ങളിലൂടെ ദിശാബോധം പകരലായിരുന്നു ഈ രചനയുടെ പിന്നിലുള്ള മുഖ്യപ്രേരകങ്ങളിലൊന്ന് എന്നും നിരീക്ഷിക്കപ്പെടാവുന്നതാണ്.
കേരളീയ മുസ്‌ലിം പാരമ്പര്യ/സാഹിത്യപഠനമേഖലയ്ക്കു വ്യക്തമായൊരു ആക്ടിവിസത്തെ നിലപാടായി ഈ കൃതി മുന്നോട്ട് വയ്ക്കുന്നു. മഖ്ദൂമീ ജ്ഞാനമണ്ഡലത്തില്‍ അനിവാര്യമായും കടന്നുവരേണ്ട ചരിത്രപഠനത്തിന്റെ ആവശ്യകതയെക്കൂടി ഇതു വിളംബരം ചെയ്യുന്നു. പൊന്നാനി ദര്‍സ് പാഠ്യക്രമത്തില്‍ ഒരു കാലത്തും ചരിത്രപഠനം ഔപചാരിക വിഷയമായിരുന്നില്ല എന്നത് ഒരു ചരിത്രവസ്തുതയാണ്. തഫ്‌സീറിന്റെയും ഹദീസിന്റെയും ഭാഗമായി കടന്നുവരുന്ന ചരിത്രഭാഗം പഠിതാക്കള്‍ സാമാന്യമായി പഠിച്ചുപോരുകയാണുണ്ടായത്. അതിനപ്പുറത്തേക്ക് ഒരു സ്വതന്ത്ര പഠനവിഷയമായി അതു വികസിച്ചിരുന്നില്ല. ഈ കുറവ് പൊതുവായനാ മണ്ഡലങ്ങളിലൂടെ നികത്തപ്പെടുന്നതിന് ഒരു സഹായമായി ശുജായിയുടെ ചരിത്രരചനാ പരിശ്രമമെന്നത് ഏറെ പ്രസ്താവ്യമത്രെ. അതോടൊപ്പം ഇസ്‌ലാമിലെ ജ്ഞാനവ്യവഹാരങ്ങള്‍ കാലോചിതമായി വിപുലീകരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യേണ്ട അനിവാര്യത കൂടി ഈ കൃതി വിളിച്ചറിയിക്കുന്നു. ഫയ്യാള് രചിച്ച് 12 വര്‍ഷം കഴിഞ്ഞ് ഇതിന്റെ പദ്യാവിഷ്‌കാരമായ 'സഫലമാല'യും അതിന്റെ 10 വര്‍ഷം കഴിഞ്ഞ് 'ഫത്ഹുല്‍ ഫത്താഹ് ' നാല് വാല്യങ്ങളിലും പ്രസിദ്ധീകരിച്ചു. ഇതില്‍ തുര്‍ക്കി ഖലീഫ സുല്‍ത്താല്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ (മ.1842) കാലം വരെയുള്ള ചരിത്രസംഭവങ്ങളാണ് ഉള്ളടക്കിയിട്ടുള്ളത്. അഥവാ ഗ്രന്ഥകര്‍ത്താവിന്റെ ജീവിതകാലംവരെയുള്ള മുസ്‌ലിം ലോകത്തെ സംഭവവികാസങ്ങള്‍. ചരിത്രത്തെ ഇത്രമേല്‍ അപ്‌ഡേറ്റ് ചെയ്ത ഒരു പണ്ഡിതനെ ശുജാഇക്കു മുന്‍പും ശേഷവും മാപ്പിളസാഹിത്യചരിത്രത്തില്‍ കാണാനാവില്ല. ആ നിലയില്‍ ഈ കൃതിയെ കേവലമൊരു 'ചരിത്ര റീഡര്‍' എന്നതിലുപരി മഹത്തായൊരു സ്‌കോളാസ്റ്റിക് ആക്ടിവിസത്തിന്റെ ഉല്‍പന്നം എന്ന നിലയിലും അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ക്കുവേണ്ടിയുള്ള സമരായുധമെന്ന നിലയിലുമാണ് അടയാളപ്പെടുത്തേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."