ഇന്ത്യയില്‍ നിയമവാഴ്ച തകര്‍ന്നു, മുസ്‌ലിംകള്‍ക്കെതിരായ ഭരണകൂട വേട്ടയില്‍ ആശങ്ക
ബ്രസല്‍സ്: ഇന്ത്യയില്‍ നിയമവാഴ്ച തകര്‍ന്നത് അത്യധികം ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്നും ഇന്ത്യയുമായുള്ള തങ്ങളുടെ പ്രത്യേക ബന്ധത്തില്‍ നിയമവാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണുള്ളതെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് (ഇ.പി) മനുഷ്യാവകാശ സമിതി അധ്യക്ഷ മേരി അറീന.
ഇന്ത്യയില്‍ പാര്‍ശ്വവല്‍ക്കൃത സമുദായങ്ങളും മതന്യൂനപക്ഷങ്ങളും പ്രത്യേകിച്ച് മുസ്‌ലിംകള്‍, സര്‍ക്കാര്‍ നയങ്ങളുടെ വിമര്‍ശകര്‍ തുടങ്ങിയവര്‍ കാലങ്ങളായി കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചുവരുകയാണെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ ഇന്ത്യ യു.എന്‍ മനുഷ്യാവകാശ സമിതിയിലെ സിറ്റിങ് അംഗമാണെന്നും പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.
ഫെബ്രുവരിയില്‍ തലസ്ഥാനത്ത് നടന്ന കലാപത്തില്‍ ഡല്‍ഹി പൊലിസ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ റിപ്പോര്‍ട്ടിനെയും അവര്‍ പരാമര്‍ശിച്ചു.
രാജ്യത്തെ നിയമനിര്‍വഹണ ഏജന്‍സികളുടെ നിയമലംഘനങ്ങളെക്കുറിച്ച് സമഗ്രവും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണം. വിവാദമായ സി.എ.എ-എന്‍.ആര്‍.സി നിയമങ്ങള്‍ അനിയന്ത്രിതമായി തടങ്കലില്‍ വയ്ക്കുന്നതിനും അനാവശ്യമായി ജീവന്‍ നഷ്ടപ്പെടുന്നതിനും കാരണമായെന്നും തീവ്രവാദ വിരുദ്ധ, രാജ്യദ്രോഹ നിയമങ്ങള്‍ പ്രകാരം മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാരിന്റെ വിമര്‍ശകരേയും അറസ്റ്റ് ചെയ്യുന്നത് തുടരുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ പ്രവര്‍ത്തകരെ ഭരണകൂടം നിരന്തരം ലക്ഷ്യമിടുകയാണ്. യൂറോപ്യന്‍ യൂനിയന്‍-ഇന്ത്യ മനുഷ്യാവകാശ ചര്‍ച്ചകളില്‍ ഈ ആശങ്കകള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് മുന്‍കൈയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതിനിടെ സര്‍ക്കാര്‍ വേട്ടയെ തുടര്‍ന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതമായതില്‍ ആശങ്ക പ്രകടിപ്പിച്ച മേരി അറീനയ്ക്ക് ആംനസ്റ്റി നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."