പട്ടാപ്പകല്‍ കാട്ടാനകളും കാട്ടുപോത്തുകളും; മറയൂരിലെ കര്‍ഷകര്‍ പൊറുതിമുട്ടി
മറയൂര്‍: പട്ടാപ്പകലും കൃഷിയിടങ്ങളില്‍ വിഹരിക്കുന്ന കാട്ടുപോത്തുകളും കാട്ടാനകളും മറയൂരിലെ കര്‍ഷകര്‍ക്കു ദുരിതമാകുന്നു. വരള്‍ച്ച കൊണ്ട് പൊറുതിമുട്ടുന്നതിനിടയിലാണു വന്യ മൃഗങ്ങളിലൂടെയുള്ള നാശനഷ്ടവും കര്‍ഷകര്‍ക്കു നേരിടേണ്ടി വരുന്നത്.
കീഴാന്തൂര്‍ മേഖലയിലെ കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടുപോത്തുകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. രാത്രിയും പകലുമായി കാട്ടാനകളും കാട്ടുപോത്തിന്‍കൂട്ടവും കൃഷിയിടങ്ങളില്‍ വിഹരിക്കുകയാണ്. മറയൂര്‍, കാന്തല്ലൂര്‍ റോഡരികിലായി കൃഷിയിടത്തില്‍ കാട്ടുപോത്തുകളിറങ്ങി കൃഷി നശിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് തലവേദനയായി മാറുകയാണ്.
റോഡരികിലുള്ള കൃഷിയിടത്തില്‍ വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികള്‍ പുല്ല് മേയുന്ന തരത്തിലാണ് കാട്ടുപോത്തുകള്‍ കര്‍ഷകരുടെ കൃഷിയിടങ്ങളിലെത്തി വിളകള്‍ തിന്നുനശിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ നാട്ടുകാരെ കണ്ടാല്‍ ഓടിപ്പോയിരുന്ന കാട്ടുപോത്ത് ഇപ്പോള്‍ പട്ടാപ്പകല്‍ പോലും ഭയമില്ലാതെ കൃഷിയിടത്തില്‍ ഇറങ്ങി വിളകള്‍ നശിപ്പിക്കുന്ന കാഴ്ചയാണുള്ളത്.
ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെയും ഷോല നാഷനല്‍ പാര്‍ക്കിന്റെയും അതിര്‍ത്തിപ്രദേശമായ ഈ ഭാഗത്തേക്ക് വന്യജീവികള്‍ നിരന്തരമായി ഇറങ്ങി കൃഷിനാശം വരുത്തിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാത്തതും ശാശ്വത പരിഹാരമായി ട്രഞ്ച് എടുക്കുവാനോ ശാസ്ത്രീയമായ രീതിയില്‍ സൗരോര്‍ജ വേലി സ്ഥാപിക്കുവാനോ വനം വകുപ്പ് തയാറാകുന്നില്ലെന്ന ആക്ഷേപമുണ്ട്.
വന്യജീവികളുടെ നിരന്തരമായ ശല്യത്തെ തുടര്‍ന്ന് കരിമുട്ടി ഭാഗത്ത് വളരെ കുറച്ച് ഭാഗത്ത് മാത്രം സൗരോര്‍ജ വേലി സ്ഥാപിച്ചെങ്കിലും അശാസ്ത്രീയമായ രീതിയിലുള്ള നിര്‍മാണമായതിനാല്‍ തികച്ചും പരാജയമാണെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."