അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ഹനാന്‍; ഡ്രൈവറുടെ മൊഴിയില്‍ പൊരുത്തക്കേട്
കൊച്ചി: കോഴിക്കോടുനിന്ന് എറണാകുളത്തേക്ക് താന്‍ സഞ്ചരിച്ച വാഹനം അപടത്തില്‍പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഹനാന്‍.
അപകടം മനഃപൂര്‍വം വരുത്തിയതാണെന്ന് സംശയിക്കുന്നതായും അപകടത്തില്‍ നട്ടെല്ലിന് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഹനാന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ രണ്ടിന് വൈകിട്ട് ആറുമണിക്കാണ് ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം കോഴിക്കോടുനിന്നും യാത്ര പുറപ്പെട്ടത്. പകല്‍മുഴുവന്‍ യാത്രയും പരിപാടികളുമായതിനാല്‍ താന്‍ നല്ല ക്ഷീണിതയായിരുന്നു. യാത്ര ആരംഭിച്ച് രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരുസ്ഥലത്ത് നിര്‍ത്തി ഭക്ഷണം കഴിച്ചു. തുടര്‍ന്ന് താന്‍ ഉറക്കത്തിലായി. പിന്നീട് വാഹനം പോസ്റ്റിലിടിച്ച് നില്‍ക്കുമ്പോഴാണ് ഉണരുന്നത്.
സാധാരണഗതിയില്‍ കോഴിക്കോടുനിന്ന് അഞ്ചുമണിക്കൂറിനുള്ളില്‍ എറണാകുളത്തെത്തുന്നതാണ്. എന്നാല്‍ യാത്ര പുറപ്പെട്ട് ഏതാണ്ട് പന്ത്രണ്ട് മണിക്കൂറോളം കഴിഞ്ഞിട്ടാണ് കൊടുങ്ങല്ലൂരെത്തിയത്. ഇക്കാര്യം ഡ്രൈവറോട് ചോദിച്ചപ്പോള്‍ താന്‍ ഇടക്ക് വാഹനം നിര്‍ത്തി ഉറങ്ങുകയായിരുന്നുവെന്നാണ് മറുപടിലഭിച്ചത്.
എന്നാല്‍ ഉറക്കത്തില്‍ വാഹനം ഇടക്ക് നിര്‍ത്തിയാല്‍ താന്‍ അറിയുമെന്നും ഇടയ്ക്ക് ഡ്രൈവര്‍ ആരോടൊക്കെയോ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നെന്നും തനിക്ക് പരിചിതമല്ലാത്ത വഴിയിലൂടെ ഏറെ നേരം സഞ്ചരിച്ചതായി തോന്നിയെന്നും ഹനാന്‍ പറഞ്ഞു.
ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന സുഹൃത്തിന്റെതായായിരുന്നു വാഹനം. സുഹൃത്ത് തന്നെയാണ് അവരുടെ അകന്ന ബന്ധുകൂടിയായ ആളെ ഡ്രൈവറായി ഏര്‍പ്പാടാക്കിയത്. വാഹനം പോസ്റ്റിലിടിച്ച് നിര്‍ത്തുന്നതുപോലെയാണ് തോന്നിയത്. ആരും വട്ടം ചാടുന്നതായും ശ്രദ്ധയില്‍പെട്ടില്ല. സംഭവം നടന്നയുടന്‍ തന്നെ ഡ്രൈവര്‍ വാഹനത്തില്‍നിന്നു ഒരുപരുക്കും പറ്റാതെ ഇറങ്ങുകയായിരുന്നു.
ആശുപത്രിയിലെത്തിയിപ്പോള്‍ രേഖപ്പെടുത്തിയ മൊഴിയിലും പൊരുത്തക്കേടുണ്ടായിരുന്നു. താന്‍ അയാളുടെ ബന്ധുവാണെന്നും യാത്രയില്‍ താന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ യാത്രയുടെ തുടക്കം മുതല്‍ തന്നെ താന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല.
സംഭവം നടന്നയുടന്‍ തന്നെ ഒരു ഓണ്‍ലൈന്‍ മാധ്യമം സ്ഥലത്തെത്തി. ഇവര്‍ എങ്ങനെയെത്തിയെന്ന് അറിയില്ല. തന്റെ സമ്മതം കൂടാതെ ഇവര്‍ ലൈവ് നല്‍കുകയായിരുന്നു. എന്നാല്‍ ഡ്രൈവര്‍ പൊലിസിനോട് പറഞ്ഞത് ലൈവ് നല്‍കാന്‍ താന്‍ സമ്മതം നല്‍കിയെന്നാണ്.
ഈ വിവരങ്ങളെല്ലാം താന്‍ ആശുപത്രി അധികൃതരെ ധരിപ്പിച്ചിട്ടുണ്ടെന്നും പൊലിസില്‍ ഉടന്‍ പരാതി നല്‍കുമെന്നും ഹനാന്‍ പറഞ്ഞു.
അതേസമയം നട്ടെല്ലിന് സാരമായി പരുക്കേറ്റ ഹനാന്‍ ശസ്ത്രക്രിയയ്ക്കുശേഷം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരികയാണ്. കഴിഞ്ഞദിവസം തന്നെകാണാന്‍ പിതാവ് ഹമീദ് എത്തിയതോടെ ഏറെ സന്തോഷത്തിലാണ് ഹനാന്‍. ഇപ്പോള്‍ ആരുമില്ലെന്ന തോന്നലില്ലെന്നും സുഖംപ്രാപിച്ചതിനുശേഷം പിതാവിനൊപ്പമായിരിക്കും താന്‍ വീട്ടിലേക്ക് പോകുകയെന്നും ഹനാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."