ജൂണ്‍ മൂന്നിലെ സമരത്തില്‍ നിന്ന് അധ്യാപകര്‍ പിന്മാറണം
ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി ഏകീകരണം സംബന്ധിച്ച് അധ്യാപക സംഘടനാ പ്രതിനിധികള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ഷാജഹാനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരിക്കുകയാണ്. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ജൂണ്‍ മൂന്നു മുതല്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള ശക്തമായ സമരം ആരംഭിക്കുമെന്ന് അധ്യാപക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് അധ്യാപക സംഘടനകള്‍ നിലപടെടുത്തതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
ജൂണ്‍ മൂന്നു മുതല്‍ പണിമുടക്കടക്കമുള്ള സമരമുറകള്‍ ആരംഭിക്കുമെന്ന അധ്യാപക സംഘടനകളുടെ നിലപാട് അപക്വമാണ്. സ്‌കൂള്‍ തുറക്കുന്ന ദിവസംതന്നെ അധ്യാപകര്‍ സമരം ചെയ്യുന്നത് ശരിയല്ല. ചര്‍ച്ചയുടെ വാതില്‍ അടഞ്ഞിട്ടില്ലെന്നും ഇനിയും ചര്‍ച്ചയുണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ച സ്ഥിതിക്ക് കാത്തിരിക്കാന്‍ അധ്യാപക സംഘടനകള്‍ ബാധ്യസ്ഥരാണ്. ജൂണ്‍ മൂന്ന് പ്രവേശനോത്സവമായും പഠനോത്സവമായും സര്‍ക്കാര്‍ ആഘോഷിക്കാന്‍ തീരുമാനിച്ചത് കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കാനും പുതിയ അന്തരീക്ഷവുമായി ഇണങ്ങിച്ചേരാനുമാണ്. കുട്ടികള്‍ ആഹ്ലാദത്തോടെ സ്‌കൂളിലേക്ക് വരുമ്പോള്‍ അധ്യാപകര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത് ശുഭകരമല്ല. അധ്യാപകരുടെ ആവശ്യങ്ങള്‍ ന്യായമായിരിക്കാം. പരിഹരിക്കാന്‍ ഇനിയും അവസരമുണ്ട്. ഈ മാസം 28ന് വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് ചര്‍ച്ച നടത്തുന്നുമുണ്ട്. അത്തരമൊരവസരം കാത്തുനില്‍പുണ്ടെന്നിരിക്കെ അവസാനത്തെ ആയുധമായ പണിമുടക്ക് തുടക്കത്തില്‍തന്നെ എടുത്ത് പ്രയോഗിച്ചു കുട്ടികളുടെ പ്രവേശനോത്സവ പുത്തരിയില്‍ അധ്യാപകര്‍ കല്ലുകടിയുണ്ടാക്കരുത്. ഇപ്പോള്‍ പൊതുസമൂഹത്തില്‍നിന്ന് കിട്ടുന്ന അനുഭാവം ഇല്ലാതാക്കാന്‍ മാത്രമേ ഇത്തരം നിലപാടുകള്‍ ഉപകരിക്കൂ.
എസ്.സി.ഇ.ആര്‍.ടി മുന്‍ ഡയരക്ടര്‍ ഡോ. എം.എം ഖാദര്‍ ചെയര്‍മാനും ജി. ജ്യോതിചൂഡന്‍, ഡോ. സി. രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത് പ്രീസ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസാക്രമത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു. അക്കാദമികവും ഭരണപരവുമായ ഒട്ടനവധി പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് കമ്മിറ്റി നല്‍കിയത്. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി എന്നിവ ഒരു ഡയരക്ടറേറ്റിനു കീഴില്‍ കൊണ്ടുവരുന്നതുമാണ് കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശ. ഇതില്‍ മൂന്നു ശുപാര്‍ശകള്‍ ഈ അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമാണ് അധ്യാപക സംഘടനകളെ സമരസജ്ജമാക്കുന്നത്. ഹെഡ്മാസ്റ്ററും പ്രിന്‍സിപ്പലുമുള്ള സ്‌കൂളുകളിലെ സ്ഥാപന മേധാവി ചുമതല പ്രിന്‍സിപ്പലിന് നല്‍കാനും പൊതുവിദ്യാഭ്യാസ വകുപ്പും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റും വൊക്കേഷനല്‍ ഹയര്‍സെക്കന്റി ഡയരക്ടറേറ്റും തമ്മില്‍ ലയിപ്പിക്കാനും മൂന്ന് പരീക്ഷാ ബോര്‍ഡുകള്‍ ഒന്നിപ്പിച്ച് ഒരു ഡയരക്ടറേറ്റിനു കീഴിലാക്കാനുമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ആറു മുതല്‍ 14 വയസു വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചാണ് 2009ലെ ദേശീയ വിദ്യാഭ്യാസ അവകാശനിയമം പറയുന്നത്. ഈ നിയമം 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്കു ബാധകമല്ല. എന്നിരിക്കെ ഈ ക്ലാസുകളില്‍ കമ്മിറ്റി നിര്‍ദേശിച്ച ഘടനാപരവും അക്കാദമികവുമായ മാറ്റങ്ങള്‍ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറയുന്നത് തീര്‍ത്തും വാസ്തവ വിരുദ്ധമാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നു മുതല്‍ അഞ്ചു വരെ ലോവര്‍ പ്രൈമറിയും അഞ്ചു മുതല്‍ എട്ടുവരെ അപ്പര്‍ പ്രൈമറിയുമാണ്. ഇതു കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. എന്നാല്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒന്നു മുതല്‍ നാലുവരെ ലോവര്‍ പ്രൈമറിയും അഞ്ചു മുതല്‍ ഏഴുവരെ അപ്പര്‍ പ്രൈമറിയും എട്ടു മുതല്‍ പത്തുവരെ ലോവര്‍ സെക്കന്‍ഡറിയും 11 മുതല്‍ 12 വരെ സെക്കന്‍ഡറിയുമാണ്. ഇതു ദേശീയതലത്തില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണ്.
1964- 66ലെ ഇന്ത്യയിലെ ആദ്യത്തെ സമഗ്ര വിദ്യാഭ്യാസ റിപ്പോര്‍ട്ടായ കോത്താരി കമ്മിഷന്‍ തുടര്‍ന്നുവന്നതും മറ്റു റിപ്പോര്‍ട്ടുകള്‍ നിര്‍ദേശിച്ചതുമായ 10+2+3 എന്ന ഘടനയാണ് ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ പൊതുവെ തുടര്‍ന്നു വരുന്നത്. ഇതിനു വിപരീതമായ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രസക്തി വിദ്യാര്‍ഥികളെയും അധ്യാപകരെയും ബോധ്യപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കമ്മിറ്റി നിര്‍ദേശിക്കുന്ന പരീക്ഷാബോര്‍ഡുകളുടെ ഏകീകരണം പ്രായോഗികമായി നടപ്പിലാക്കാനും കഴിയില്ല. വിവിധ ടേം പരീക്ഷകളും വാര്‍ഷിക പരീക്ഷകളും ഒരു ബോര്‍ഡിനു തനിയെ നിര്‍വഹിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ മേഖലയെ ഗുണകരമായി പരിവര്‍ത്തിപ്പിക്കാനുള്ള നിര്‍ദേശങ്ങളൊന്നും റിപ്പോര്‍ട്ടില്‍ ഇല്ലതാനും. വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള നിര്‍ദേശം വിദ്യാഭ്യാസ നിലവാരത്തിന്റെ മേന്മ ഇല്ലാതാക്കും.
ഹയര്‍സെക്കന്‍ഡറിയുടെയും വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയുടെയും സംയോജനം രണ്ടു വിഭാഗങ്ങളുടെയും പരാജയത്തിലായിരിക്കും കലാശിക്കുക. ഗൗരവതരമായ വിഷയങ്ങള്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കാനുള്ള അവസരം ഉറപ്പുവരുത്തുക എന്നതാണ് ഹയര്‍സെക്കന്‍ഡറികൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ പരിഷ്‌കരണങ്ങളെ സമീപിക്കേണ്ടത് അക്കാദമികമായും കുട്ടികളുടെ മനഃശാസ്ത്രം അറിഞ്ഞുകൊണ്ടുമായിരിക്കണം. എല്ലാംകൂടി ഒരച്ചില്‍ വാര്‍ത്തെടുക്കാനുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിദ്യാഭ്യാസരംഗത്തെ തകര്‍ക്കും. അക്കാദമിക മികവിനെ ഇല്ലാതാക്കും. ഇങ്ങനെ നിരവധി പോരായ്മകളാണ് ഖാദര്‍ കമ്മിറ്റി ശുപാര്‍ശകളെക്കുറിച്ച് അധ്യാപക സംഘടനകള്‍ നിരത്തുന്നത്. അതേക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകളാണ് ഉണ്ടാകേണ്ടത്. ഈ മാസം 28ന് രാവിലെ 11ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥുമായി അധ്യപക സംഘടനകള്‍ നടത്തുന്ന ചര്‍ച്ചയില്‍ അക്കാദമിക മികവിനുതകുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
എന്തുതന്നെയായാലും ജൂണ്‍ മൂന്നിനു പണിമുടക്ക് ഉള്‍പെടെയുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്ന തീരുമാനത്തില്‍നിന്ന് അധ്യാപക സംഘടനകള്‍ പിന്മാറണം. പ്രതീക്ഷാനിര്‍ഭരമായ മനസ്സോടെ സ്‌കൂള്‍ അങ്കണത്തില്‍ പ്രവേശിക്കുന്ന കുട്ടികളുടെ മുമ്പില്‍ അധ്യാപകരില്ലാത്ത ക്ലാസ് മുറികളല്ല ഉണ്ടാകേണ്ടത്. അവരെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന അധ്യാപകരെയാണ് രക്ഷിതാക്കള്‍ അവിടെ പ്രതീക്ഷിക്കുന്നത്. സമരം ആവശ്യമാണെങ്കില്‍തന്നെ അത് ജൂണ്‍ മൂന്നിനു തന്നെ തുടങ്ങണമെന്ന നിര്‍ബന്ധബുദ്ധി എന്തിനാണെന്നു മനസ്സിലാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."