കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: രണ്ടുവര്‍ഷത്തിനകം കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ പറഞ്ഞു. 355 കോടിയാണ് കെ.സി.സി നിര്‍മ്മാണത്തിന് ചെലവഴിക്കുന്നതെന്നും കെ. മുരളീധരന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു.
മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം ശക്തമാക്കും. ഇതിനായി 153 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മലബാര്‍ മേഖലയില്‍ നിന്നും ക്യാന്‍സര്‍ ചികിത്സ തേടി തിരുവനന്തപുരത്തെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇതു പരിഹരിക്കുന്നതിനാണ് എം.സി.സിയുടെ പ്രവര്‍ത്തനം ശക്തമാക്കുന്നത്. അത്യാധുനിക സംവിധാനങ്ങള്‍ എം.സി.സിയില്‍ സ്ഥാപിക്കും. കൂടാതെ സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളിലും പ്രത്യേക ക്യാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കും. ആര്‍ഗ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സെന്ററുകള്‍ സ്ഥാപിക്കുക.
കാന്‍സര്‍ സെന്ററുകളിലെ കേടുവന്ന യന്ത്രോപകരണങ്ങള്‍ നന്നാക്കാന്‍ ഒരു കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചു കഴിഞ്ഞു. തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സാ സൗകര്യത്തില്‍ കുറവൊന്നുമുണ്ടായിട്ടില്ല. പക്ഷെ, രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഇതിനു പരിഹാരമായി 1.74 ലക്ഷം ചതുരശ്ര വിസ്തീര്‍ണ്ണമുള്ള 10 നിലകെട്ടിടം പൂര്‍ത്തിയാക്കി തുറന്നിട്ടുണ്ട്. കൂടാതെ 182.22 കോടി ചെലവില്‍ 14 നിലയുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്.
ഇതില്‍ തിയേറ്ററുകള്‍, റേഡിയോ തെറാപ്പി, ബ്ലഡ് ബാങ്ക്, മൈക്രോ ബയോളജി, ഹോസ്റ്റല്‍, പേ വാര്‍ഡ്, ഒ.പി തുടങ്ങി എല്ലാ അത്യാധുനിക സൗകര്യങ്ങളും ഉണ്ടാകും. ആര്‍.സി.സിയില്‍ ബ്രസ്റ്റ് ക്യാന്‍സര്‍ ചികിത്സയ്ക്കാവശ്യമാ പ്രോട്ടോക്കോള്‍ കൊണ്ടുവരും. പുലയനാര്‍ കോട്ടയിലെ 11.68 ഏക്കര്‍ സ്ഥലം ആര്‍.സി.സി ഏറ്റെടുത്ത് കൂടുതല്‍ സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."