വാഹനാപകടങ്ങള്‍ പെരുകി; പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു
പറവൂര്‍: പറവൂര്‍ നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിനായി നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സഭയില്‍ നിന്നിറങ്ങിപോയി.തുടര്‍ന്ന് പ്രതിപക്ഷ നേതാവ് കെ.എ വിദ്യാനന്ദന്റെ നേതൃത്വത്തില്‍ നഗരസഭ കാര്യാലയത്തിനു മുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തി.
ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചും അമിതവേഗതയില്‍ വാഹനം ഓടിച്ചും സമീപ കാലത്തു മൂന്നു മരണങ്ങള്‍ അടിക്കടി ഉണ്ടാവുകയും നിരവധി അപകടങ്ങള്‍ നഗരത്തില്‍ സംഭവിക്കുകയുണ്ടായിട്ടും ഭരണപക്ഷവും ചെയര്‍മാനും ഒരുനടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോക്ക് നടത്തിയത്.ഗതാഗത സംവിധാനങ്ങള്‍ നിയന്ത്രിക്കാനും പരിശോധിക്കാനും രൂപീകരിച്ചിട്ടുള്ള ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി കൂടിയിട്ട് നിരവധി മാസങ്ങളായി.മുന്‍ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി കൂടി പല തീരുമാനങ്ങളും എടുത്തിട്ടുണ്ട്.
നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള കേടായ നിരീക്ഷണ ക്യാമറകള്‍ പുന:സ്ഥാപിക്കുക, സര്‍വീസ് ബസ്സുകള്‍ യഥാര്‍ത്ഥ സ്റ്റോപ്പില്‍ തന്നെ കൃത്യമായി നിര്‍ത്തിക്കുക,അമിത വേഗതയില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക, നിയമം ലംഘിച്ചു റൂട്ട് മാറ്റി ഓടിക്കുന്ന ബസുകള്‍ക്കെതിരെ നടപടിയെടുക്കുക,നഗരത്തില്‍ വാഹന പാര്‍ക്കിങ്ങിനായി പ്രത്യേക പേ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കുക, റോഡരികിലുള്ള അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക,പ്രധാന സ്ഥലങ്ങളില്‍ സീബ്രാ ലൈന്‍ പുന:ക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് ഉള്‍പ്പെടെയുള്ള ഭരണ പക്ഷം നിഷേധത്മക നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അപകട മരണങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരുടെ വേര്‍പാടില്‍ അനുശോചനം പോലും ഉണ്ടായില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.
വിദ്യാലയങ്ങള്‍ തുറക്കാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ കെ.എം.കെ കവകല,മുന്‍സിപ്പല്‍ ജംങ്ഷന്‍,ചേന്ദമംഗലം കവല ഉള്‍പ്പെടുന്ന നഗര പരിധിക്കുള്ളില്‍ അനുഭവപ്പെടുന്ന ഗുരുതരമായ ഗതാഗതകുരുക്കിന് പരിഹാരം ഉണ്ടാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.കൗണ്‍സില്‍ യോഗത്തില്‍ പ്രധാന ഉദ്യോഗസ്ഥന്മാരെയും ഇമ്പ്‌ലിമെന്റ് ഓഫിസര്‍മാരെയും മാധ്യമ പ്രവര്‍ത്തകരെയും അറിയിക്കാത്തതില്‍ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി.എസ് ശ്രീകുമാരി,ടി.വി നിഥിന്‍ കെ സുധാകരന്‍ പിള്ള, കെ.ജെ ഷൈന്‍,സി.പി ജയന്‍, കെ.ജി ഹരിദാസ്, ജ്യോതി ദിനേശന്‍,സുനില്‍ സുകുമാരന്‍,ലൈജോ ജോയി,ഷൈത റോയി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."