ഇറാഖ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: പ്രതിഷേധക്കാര്‍ ഇറാന്‍ കോണ്‍സുലേറ്റ് ആക്രമിച്ചു
ബഗ്ദാദ്: ഇറാഖില്‍ സര്‍ക്കര്‍ വിരുദ്ധ പ്രക്ഷോഭകര്‍ ബസറയില്‍ ഇറാന്‍ കോണ്‍സുലേറ്റ് ആക്രമിച്ചു. കോണ്‍സുലേറ്റ് തകര്‍ത്ത പ്രക്ഷോഭകാരികള്‍ കെട്ടിടം അഗ്നിക്കിരയാക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ആക്രമണത്തിന് മുന്‍പ് ഉദ്യോഗസ്ഥര്‍ കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഇറാഖ് രാഷ്ട്രീയത്തിലെ ഇറാന്‍ ഇടപെടലുകള്‍ക്കെതിരേ പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. സുരാക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കോണ്‍സുലേറ്റ് ആക്രമണത്തെ ഇറാന്‍ അപലപിച്ചു. പ്രതിഷേധക്കാരുടെ ആക്രമണത്തിലൂടെ സുപ്രധാന രേഖകള്‍ കേടുപാടുകള്‍ സംഭവിച്ചുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ബഹ്‌റാം ഖസ്സമി പറഞ്ഞു.
എന്നാല്‍ കോണ്‍സുലേറ്റ് ആക്രമണത്തില്‍ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഉത്തരവിട്ടു. ആക്രമികള്‍ക്കെതിരേ ശക്തമായ നടപടികളെടുക്കണമെന്ന അദ്ദേഹം സുരാക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കോണ്‍സുലേറ്റിലേക്ക് പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയത് ദു:ഖകരമാണെന്ന് ഇറാഖ് വിദേശാകര്യ മന്ത്രാലയം പറഞ്ഞു. ബസ്‌റയില്‍ യു.എസ്, റഷ്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളുണ്ട്. കോണ്‍സുലേറ്റ് ആക്രമണത്തെ അപലപിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തി. സമാധാനപരമായി പ്രതിഷേധം നടത്തണമെന്നും നയതന്ത്രജ്ഞര്‍ക്ക് സംരക്ഷണമൊരുക്കണമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു.
അഴിമതിക്കും അവശ്യ സേവനങ്ങളുടെ അപര്യാപ്തതക്കുമെതിരേ തിങ്കളാഴ്ച മുതല്‍ ബസറയില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ ഇതുവരെ 12 പേര്‍ കൊല്ലപ്പെട്ടു.മെയില്‍ ഇറാഖില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നെങ്കിലും ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാത്തതിനാല്‍ രാജ്യത്ത് ശക്തമായ പ്രതിഷേധമുണ്ട്.
ഇറാഖ് ദേശീയ ചാനലായ ഇറാഖിയ ടിവിയുടെ കേന്ദ്ര ഓഫിസും ഭരണകക്ഷിയായ ദഅ്‌വ പാര്‍ട്ടിയുടെ ഓഫിസും പ്രതിഷേധക്കാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അഗ്നിക്കിരയാക്കിയിരുന്നു. മലിനമായ കുടിവെള്ളം വിതരണം ചെയ്തതിനാല്‍ 30,000 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈയില്‍ ബസറിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."