പ്രതികളെ വെറുതെവിട്ട മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി
കൊച്ചി:വിവിധ കേസുകളില്‍ പ്രതികളെ വെറുതെവിട്ട കൊല്ലം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് നമ്പര്‍ 3 കോടതിയുടെ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി.
ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് വിവിധ കേസുകള്‍ പുനര്‍വിചാരണക്ക് വിധേയമാക്കാന്‍ നിര്‍ദേശിച്ച് ഉത്തരവായത്. ജസ്റ്റിസ് രാജാവിജയരാഘവനാണ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവുകള്‍ റദ്ദാക്കിയത്. പ്രതികള്‍ക്കെതിരേ വാറന്‍ഡ് ഉണ്ടായിട്ടും പ്രോസിക്യൂഷന്‍ വീഴ്ച വരുത്തിയ കേസുകളിലെ പ്രതികളെയും വെറുതെവിട്ടിരുന്നു. വെറുതെ വിട്ടവയില്‍ അബ്കാരി നിയമപ്രകാരമുള്ളതും, എന്‍.ഡി.പി.എസ് കേസുകളും, അപകടകരമായി വാഹനമോടിച്ച കേസുകളും ഉള്‍പ്പെടുന്നു. പ്രതികള്‍ ഒളിവിലാണെന്ന കാരണം വച്ച് മാത്രം ക്രിമിനല്‍ നടപടി നിയമം 258 വകുപ്പു പ്രകാരം വെറുതെ വിടാനാവില്ലെന്നു കോടതി നിരീക്ഷിച്ചു.
പ്രോസിക്യൂഷന്റെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി പ്രതിയെ വെറുതെവിടരുതെന്നും കോടതി നിരീക്ഷിച്ചു. ഈ ഉത്തരവിനെ തുടര്‍ന്ന് വെറുതെവിട്ട എല്ലാ കേസുകളും പുനര്‍വിചാരണക്ക് വിധേയമാക്കി തീര്‍പ്പാക്കണമെന്നു മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."