എയ്റോ ഇന്ത്യാ പ്രദര്‍ശനം ബംഗളൂരുവില്‍ തന്നെ നടത്തുമെന്ന് കേന്ദ്രം
ബംഗളുരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ 'എയ്റോ ഇന്ത്യ-2019' ബംഗളൂരുവില്‍ തന്നെ നടക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം. 2019 ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് പ്രദര്‍ശനം.
എയ്റോ ഇന്ത്യ ബംഗളൂരുവില്‍നിന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രദര്‍ശനം ലഖ്നൗവില്‍വച്ച് നടത്തണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ സമീപിച്ചിരുന്നു. ഇത് കര്‍ണാടകയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.
നേരത്തേ എയ്റോ ഇന്ത്യയുടെ ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച് ഗുജറാത്ത്, രാജസ്ഥാന്, ഒഡിഷ, തമിഴ്നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രംഗത്ത് വന്നിരുന്നു.
എന്നാല്‍, പരമ്പരാഗതമായി ബംഗളുരുവില്‍ നടത്തിവരുന്ന എയ്റോ ഇന്ത്യയുടെ 12ാം പതിപ്പും ഇവിടെത്തന്നെ നടത്താന്‍ പ്രതിരോധമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. പ്രദര്‍ശനം ബംഗളൂരുവില്‍ നിന്ന് മാറ്റുമെന്ന അഭ്യൂഹം ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
പ്രദര്‍ശനത്തിന് മറ്റെവിടെയുമില്ലാത്ത സൗകര്യങ്ങള്‍ ബംഗളൂരുവിനുണ്ടെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു.
അതേസമയം, എയ്റോ ഇന്ത്യ പ്രദര്‍ശനം ബംഗളൂരുവില്‍ നിന്ന് മറ്റുമെന്നതു സംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതല്ലാതെ മറ്റൊരറിവും തനിക്കില്ലെന്ന് കേന്ദ്ര മന്ത്രി ഡി.വി സദാനന്ദഗൗഡ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."