ജലാശയം മലിനമാക്കിയാല്‍ പൊലിസ് പൊക്കും
തിരുവനന്തപുരം: ജലാശയങ്ങളില്‍ പ്ലാസ്റ്റിക്കും ജൈവവിഘടനം സംഭവിക്കാത്ത മറ്റു മാലിന്യങ്ങളും ഇലക്‌ട്രോണിക് വേസ്റ്റും വലിച്ചെറിയുന്നതിനെതിരേ പൊലിസ് കര്‍ശന നടപടിക്ക്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലിസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി.
ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ പൊലിസിനെ അധികാരപ്പെടുത്തുന്ന വിവിധ നിയമങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഡയരക്ടീവിലാണ് നിര്‍ദേശം. ജലാശയങ്ങള്‍ മലിനമാക്കുന്നതിനെതിരേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യൂ തുടങ്ങിയ വകുപ്പുകള്‍, ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, മറ്റു ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവയുമായി ഒത്തുചേര്‍ന്നു ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും പൊലിസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ ജലസേചന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2003ലെ കേരളാ ഇറിഗേഷന്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ടില്‍ 2018ല്‍ വരുത്തിയ ഭേദഗതി പ്രകാരം ഏതെങ്കിലും ജലനിര്‍ഗമന മാര്‍ഗത്തിലോ ജലവിതരണ സംവിധാനത്തിലോ മാലിന്യങ്ങള്‍ തള്ളുന്നതു പരമാവധി മൂന്നു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും അല്ലെങ്കില്‍ രണ്ടും ചേര്‍ത്തും ശിക്ഷ നല്‍കാവുന്ന കുറ്റമാണ്.
ഈ വകുപ്പിലെ സെക്ഷന്‍ 74 (3) പ്രകാരം ഈ കുറ്റത്തിന് ഒരു പൊലിസ് ഉദ്യോഗസ്ഥനു നേരിട്ടു കേസെടുക്കാം. പൊലിസിന്റെ വിവിധ നിയമങ്ങളില്‍ ക്രിമിനല്‍ കേസെടുക്കാമെന്നും വ്യവസ്ഥ ചെയ്യുന്നു. ആവശ്യമായ ബോധവല്‍ക്കരണം നടത്തണമെന്നും ജലാശയങ്ങളും നദികളും മലിനമാക്കുന്നവര്‍ക്കെതിരേ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."