പ്രതികള്‍ക്കായി സര്‍ക്കാര്‍ചെലവില്‍ പ്രത്യേക അഭിഭാഷകനെ വരുത്തുന്നു: ഉണ്ണിത്താന്‍
കാസര്‍കോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകരായ പ്രതികള്‍ക്കു വേണ്ടി വാദിക്കാന്‍ സുപ്രിംകോടതിയില്‍ വാദിക്കുന്ന പ്രത്യേക വക്കീലിനെ സര്‍ക്കാര്‍ നിയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.
സുപ്രിംകോടതിയിലും ഹൈക്കോടതിയിലും സര്‍ക്കാരിനു വേണ്ടി വാദിക്കുന്ന നിരവധി അഭിഭാഷകരെ മാറ്റി നിര്‍ത്തിയാണ് പ്രതികള്‍ക്കു വേണ്ടി പ്രത്യേക അഭിഭാഷകനെ കേസ് വാദിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കാനൊരുങ്ങുന്നതെന്ന് ഉണ്ണിത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സര്‍ക്കാരിന്റെ നികുതി പണമെടുത്ത് കൊലക്കേസ് പ്രതികള്‍ക്കു വേണ്ടി വാദിക്കാന്‍ പ്രത്യേക അഭിഭാഷകനെ നിയോഗിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം. പ്രത്യേക അഭിഭാഷകനെ കൊണ്ടുവരുന്നതിന്റെ പണം എവിടെ നിന്നാണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് സുപ്രിംകോടതി വക്കീലിനെ പെരിയ ഇരട്ട ക്കൊലപാതക കേസിലെ പ്രതികള്‍ക്കു വേണ്ടി വാദിക്കാന്‍ എത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം.
അതീവരഹസ്യമുള്ള വിവരങ്ങള്‍ ഉണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ രഹസ്യങ്ങളൊക്കെ പൊതുജനം അറിയട്ടെ. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ അടിമുടി ദൂരുഹത നിലനില്‍ക്കുന്നതിനാല്‍ കേസിന്റെ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് കെ. കുഞ്ഞിരാമന്‍ എം.എല്‍.എയെയും മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനെയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ഡോ. വി.പി.പി മുസ്തഫയെയും രഹസ്യമായി ചോദ്യം ചെയ്തതെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.
ഇതില്‍ ഗൂഢാലോചനയുണ്ട്. ഇവരെ ചോദ്യം ചെയ്ത വിവരങ്ങള്‍ ക്രൈംബ്രാഞ്ച് പുറത്തുവിടണം. പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ 14 പ്രതികളും സി.പി.എമ്മുകാരാണ്. അതുകൊണ്ടു തന്നെ കേസ് അട്ടിമറിക്കേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ്.കൊലപാതകത്തില്‍ ബന്ധമില്ലെന്ന് പറയുന്ന സി.പി.എം നേതാക്കള്‍ എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.
അന്വേഷണസംഘത്തിന്
കോടതിയുടെ വിമര്‍ശനം
കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസില്‍ അന്വേഷണ സംഘത്തിന് കോടതിയുടെ വിമര്‍ശനം. കേസിലെ പ്രതികളായ സജി ജോസ്, രഞ്ജിത്, മുരളി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്.
പ്രതികളുടെ റിമാന്‍ഡ് റിപോര്‍ട്ടില്‍ ഇവര്‍ക്കെതിരേ വ്യക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നു കോടതി കണ്ടെത്തിയതിനെതുടര്‍ന്നാണ് വിമര്‍ശനമുണ്ടായത്. കേസില്‍ പാര്‍ട്ടി ഓഫിസില്‍ വച്ച് ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കേസിലെ ഗൂഢാലോചന ബസ് സ്റ്റാന്റില്‍ വച്ചു നിന്നതായാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.കുറ്റകൃത്യത്തിന്റെ കേസ് ഡയറി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ജസ്റ്റിസ് സുധീന്ദ്ര കുമാറാണ് ഹരജി പരിഗണിച്ചത്. ഹരജി അടുത്ത 28 ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."