ഭൗമ നിരീക്ഷണ ഉപഗ്രഹം 'റിസാറ്റ് 2ബി' വിക്ഷേപണം വിജയകരം
ചെന്നൈ: ഭൗമനിരീക്ഷണത്തിനുള്ള റഡാര്‍ ഇമേജിങ് ഉപഗ്രഹമായ 'റിസാറ്റ് 2ബി' ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആര്.ഒ. ശ്രീഹരിക്കോട്ട സതീഷ് ധവാന് ബഹിരാകാശനിലയത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് പുലര്‍ച്ചെ 5.27നായിരുന്നു വിക്ഷേപണം. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിസാറ്റ് ശ്രേണിയിലുള്ള ഒരു ഉപഗ്രഹം ഇന്ത്യ വിക്ഷേപിക്കുന്നത്.
പി.എസ്.എല്‍.വി. സി46 റോക്കറ്റാണ് ഉപഗ്രഹത്തെ 555 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത്. പി.എസ്.എല്‍.വി.യുടെ 48ാം ദൗത്യമാണിത്. വലിയ റോക്കറ്റുകളില്‍ ഘടിപ്പിക്കുന്ന സോളിഡ് സ്ട്രിപ്പ് ഓണ്‍ മോട്ടോറുകള്‍ ഉപയോഗിക്കാതെയുള്ള പി.എസ്.എല്‍.വി.യുടെ 14ാം ദൗത്യമെന്ന സവിശേഷതകൂടി ഇതിനുണ്ട്.
ഏത് കാലാവസ്ഥയിലും റഡാര്‍ ചിത്രങ്ങള്‍ ശേഖരിക്കാന്‍ കഴിവുള്ള ഉപഗ്രഹമാണ് റിസാറ്റ്. പുതിയ സാങ്കേതികവിദ്യകള്‍കൂടി ഉള്‍പ്പെടുത്തി ഒരുക്കിയ റിസാറ്റ് 2ബിക്ക് 615 കിലോഗ്രാം ആണ് ഭാരം. ആകാശനിരീക്ഷണം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ ഈ പുതിയ ദൗത്യത്തിലൂടെ രാജ്യാതിര്‍ത്തിയിലെ ഭീഷണികള്‍ നിരീക്ഷിക്കാനാവും.
വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുനല്‍കുന്നതിനൊപ്പം കൃഷി, വനവിസ്തൃതി എന്നിവ നിരീക്ഷിക്കാനും ഉപഗ്രഹം സഹായകമാകുമെന്നും ഐ.എസ്.ആര്.ഒ. അറിയിച്ചു.
2009 ഏപ്രില്‍ 20നാണ് ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."