നിലമ്പൂരില്‍ മദ്യശാലകള്‍ തുറന്നതിന് എതിരേ നഗരസഭ രംഗത്ത്
നിലമ്പൂര്‍: അധികൃതരെ തെറ്റിധരിപ്പിച്ച് നിലമ്പൂര്‍ നഗരസഭയില്‍ മദ്യഷാപ്പുകള്‍ തുറന്നതിനെതിരേ നഗരസഭാ കൗണ്‍സില്‍ പ്രമേയം പാസാക്കി. മുസ്‌ലിംലീഗിലെ മുജീബ് ദേവശ്ശേരിയാണ് പ്രമേയം അവതരിപ്പിച്ചത്. ഗിരീഷ് മേളൂര്‍മഠത്തില്‍ പിന്താങ്ങി.
നിലമ്പൂര്‍ മേഖലയില്‍ തിരുവമ്പാടിയില്‍ നിന്നുമടക്കമുള്ള മദ്യമെത്തിച്ച് വ്യാപക വില്‍പനയും ഉപയോഗവും നടക്കുന്നതിനാല്‍ ബോധവല്‍കരണം അടക്കമുള്ള കാര്യങ്ങള്‍ നടത്തണമെന്നും സ്വതന്ത്ര അംഗം പി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പൊതുമരാമത്ത് എ.ഇയുടെ റിപ്പോര്‍ട്ട് നിയമവിരുദ്ധമായി വളച്ചൊടിച്ചാണ് നിലമ്പൂരിലെ വീട്ടിക്കുത്ത് റോഡിലെയും കോടതിപ്പടിയിലെയും മദ്യഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്.
നിലമ്പൂര്‍-നായാടംപൊയില്‍ റോഡ് ജില്ലാ റോഡാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വടപുറം മുതലുള്ള റോഡും നിലമ്പൂര്‍- നായാടം പൊയില്‍ റോഡിന്റെ ഭാഗമാണെന്ന് അധികൃതരെ കണ്ണില്‍പൊടിയിട്ട് നേടിയ ഉത്തരവിന്റെ വെളിച്ചത്തില്‍ മദ്യശാലകള്‍ തുറന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആയതിനാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ നഗരസഭാ കൗണ്‍സില്‍ ഐക്യകണ്‌ഠേന തീരുമാനമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."