ദുരിതത്തിനറുതി; ജെ ആന്‍ഡ് പി കമ്പനിയിലെ 496 ഇന്ത്യക്കാര്‍ കൂടി പെരുന്നാളിന് മുന്‍പ് നാട്ടിലെത്തും
റിയാദ്: ശമ്പളം മുടങ്ങിയതോടെ ഏറെ ദുരിതത്തിലായ സഊദിയിലെ ജെ ആന്‍ഡ് പി കമ്പനിയിലെ ബാക്കിയുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പെരുന്നാളിന് നാട്ടിലെത്താനാകുമെന്ന പ്രതീക്ഷ സഫലമാകുന്നു. റിയാദിലെ ക്യാംപിലെ 496 ഇന്ത്യക്കാര്‍ക്കാണ് ഫൈനല്‍ എക്സിറ്റ് ലഭിച്ചതോടെ നാട്ടിലേക്ക് പോകാനുള്ള അവസരം കൈവന്നത്. സഊദി തൊഴില്‍ മന്ത്രാലയം മുഴുവനാളുകള്‍ക്കും വിമാന ടിക്കറ്റും നല്‍കുന്നതോടെ പെരുന്നാളിന് മുന്‍പ് തന്നെ ഇവര്‍ക്ക് സ്വന്തം വീടുകളില്‍ എത്തിച്ചേരാനാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. കഴിഞ്ഞ നാല് മാസത്തിനിടെ ഇതേ കമ്പനിയിലെ വിവിധ ക്യാംപുകളില്‍ നിന്നും അഞ്ഞൂറോളം തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലെത്തിയിരുന്നു. സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ ആന്‍ഡ് പി ഗ്രൂപ്പിന് കീഴില്‍ റിയാദില്‍ ജോലി ചെയ്തിരുന്ന എഴുനൂറ് ഇന്ത്യക്കാരടക്കം 1200 വിദേശ തൊഴിലാളികളാണ് ദുരിതത്തില്‍ ഇപ്പോള്‍ കഴിയുന്നത്. ഇതില്‍ എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ 30 പേര്‍ മലയാളികളാണ്.
നിലവില്‍ ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും വിവിധ സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. കൂടാതെ, ഏതാനും പേര്‍ എക്സിറ്റ് ആവശ്യപ്പെടാതെ മറ്റു കമ്പനികളിലേക്ക് മാറി ജോലിയെടുക്കാന്‍ താല്‍പര്യപ്പെട്ടതിനെ തുടര്‍ന്ന് അതിനും അവസരം നല്‍കിയതിനാല്‍ ഏതാനും പേര്‍ അങ്ങിനെയും രക്ഷപ്പെട്ടിട്ടുണ്ട്. ഇതിനായി ഈ മാസം 15 വരെയായിരുന്നു സമയം നല്‍കിയിരുന്നത്. എന്നാല്‍, സമയം കഴിഞ്ഞിട്ടും സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ കഴിയാത്തവര്‍ ശ്രമം ഉപേക്ഷിച്ച് എക്സിറ്റിനു സമര്‍പ്പിക്കാന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കുള്ള ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ലെങ്കിലും കോടതി മുഖാന്തിരം അത് നല്‍കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിനായി തൊഴിലാളികളോട് അവര്‍ എക്സിറ്റില്‍ പോയാലും കേസ് നടത്താനായി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പോകുന്നവര്‍ക്ക് ആശ്വാസത്തിനായി ആയിരം റിയാല്‍ വീതം നല്‍കുന്നുണ്ട്. എന്നാല്‍, കേസ് തീര്‍പ്പായാല്‍ ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എംബസി മുഖേന നാട്ടിലേക്ക് അയച്ചുകൊടുക്കും.
സഊദി തൊഴില്‍ മന്ത്രാലയം തൊഴിലാളികള്‍ക്ക് സകല പിന്തുണയും നല്‍കുന്നത് ഏറെ ആശ്വാസകരമാണ്. ഇപ്പോള്‍ പോകുന്നവര്‍ക്കുള്ള ടിക്കറ്റ് നല്‍കുന്നതിന് പുറമെ ഇവര്‍ താമസിക്കുന്ന ക്യാംപുകളില്‍ രണ്ടര മാസമായി ഭക്ഷണം നല്‍കുന്നതും കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കുന്നതടക്കം നിയമാനുസൃതം നാട്ടിലേക്ക് പോകാനായുള്ള എല്ലാ കാര്യങ്ങളും നടത്താന്‍ മന്ത്രാലയം മുന്നിലുണ്ട്. അടിയന്തിര ചികിത്സയടക്കം ഇക്കാര്യങ്ങള്‍ക്കെല്ലാമായി മന്ത്രാലയം സ്വന്തം ഉദ്യോഗസ്ഥരുടെ ക്രൈസിസ് മാനേജ്മെന്റ് ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുതുതായി ചാര്‍ജെടുത്ത ഇന്ത്യന്‍ അംബാസിഡറും തൊഴിലാളികളെ നേരിട്ട് കാണായി ക്യാംപില്‍ എത്തിയിരുന്നു.
ഇവിടെയുള്ള വിവിധ രാജ്യക്കാരായ 1200 തൊഴിലാളികള്‍ക്കായി നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ അംബാസിഡര്‍ മുഖ്യാഥിതിയായിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലും മിറാത്ത് അല്‍ റിയാദും ചേര്‍ന്ന് നടത്തിയ ഇഫ്താര്‍ സംഗമത്തിന് ശിഹാബ് കൊട്ടുകാട്, നൗഷാദ് ആലുവ, സ്റ്റാന്‍ലി ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റിയാദിലെ വിവിധ ഹോട്ടലുകളാണ് ഇഫ്താര്‍ സംഗമത്തിന് ആവശ്യമായ ഭക്ഷണം സൗജന്യമായി എത്തിച്ചത്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."