ഉണ്ണിയുടെ കൊലപാതകം: അന്വേഷണം പെരുമ്പാവൂരിലെ ഗുണ്ടാനേതാവിലേക്ക്
പെരുമ്പാവൂര്‍: വെങ്ങോല സ്വദേശി ഉണ്ണിക്കുട്ടന് മംഗളൂരുവില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നീളുന്നത് ഉണ്ണിക്കുട്ടന്റെ ബോസ് ആയിരുന്ന പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിലേക്ക്. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് വിവരം. ഉണ്ണിക്കുട്ടന് കൊല്ലപ്പെട്ട സംഭവത്തില്‍ പാലക്കാട് സ്വദേശി മുഹമ്മദ് ഷംനാസ് (23), ആലുവ സ്വദേശി ഔറംഗസേബ് (37) എന്നിവരെ കഴിഞ്ഞ ദിവസം കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിലേക്ക് അന്വേഷണം നീളുന്നത്. ഇയാളെ പെരുമ്പാവൂര്‍ പൊലിസ് ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് വിവരം. എന്നാല്‍ നേതാവിന് ഇതില്‍ നേരിട്ട് പങ്കുണ്ടോ എന്നതിനെകുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
കൊലപാതകം നടന്നതിന് ശേഷം ഇയാള്‍ ഒളിവിലാണെന്നും സൂചനയുണ്ട്. പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തിന്റെ തലവനായ ഇയാളുടെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്നും പൊലിസ് സംശയിക്കുന്നുണ്ട്. കുഴല്‍പ്പണ റാക്കറ്റില്‍നിന്നു പണം തട്ടുന്നതിന് വേണ്ടിയാണ് ഉണ്ണിക്കുട്ടനും സുഹൃത്തുക്കളും കാസര്‍കോട്ടേക്കു പോയതെന്നാണ് പൊലിസിനു ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട ഉണ്ണി കുഴല്‍പ്പണ റാക്കറ്റിനെകുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് കൈമാറി പൊലിസിന്റെ വിശ്വാസ്യത പിടിച്ചുപറ്റാന്‍ പല പ്രാവശ്യം ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ച് സൂചന സംഘങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യവും, കവര്‍ച്ച ചെയ്ത് ലഭിക്കുന്ന പണം വീതം വയ്ക്കുന്നതിലുള്ള തര്ക്കവുമായിരിക്കാം കൊലപാതകത്തിലേക്ക് നയിക്കാന്‍ കാരണമായതെന്നാണ് പൊലിസില്‍ നിന്നും ലഭിക്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."