പകല്‍ പോലെ തിളങ്ങുന്ന രാത്രി
രാത്രിയുടെ നിറം ഇരുണ്ടതായിരുന്നു. കാലമിത്രയും ഇനിയുള്ള കാലവും അങ്ങനെതുടരാന്‍ സാധ്യതയില്ലെന്നാണ് ശാസ്ത്ര ലോകം വിളിച്ചു പറയുന്നത്. കറുത്ത രാത്രിയെ വര്‍ധിച്ച് വരുന്ന പ്രകാശമലിനീകരണം നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. രാത്രികാലങ്ങളിലെ അമിതഅളവിലുള്ള പ്രകാശമാണ് പ്രകാശ മലിനീകരണത്തിന് കാരണമാകുന്നത്. അനിയന്ത്രിതമായ നഗരവല്‍ക്കരണമാണ് പ്രകാശ മലിനീകരണത്തിന്റെ അടിസ്ഥാന ഘടകം.
ഉറക്കം വഴിമാറുമ്പോള്‍
ഇലക്ട്രിക് ബള്‍ബിന്റെ കണ്ടെത്തലോടു കൂടി സന്ധ്യമയങ്ങുമ്പോള്‍ തന്നെ ഉറങ്ങിയിരുന്ന മനുഷ്യരുടെ ശീലങ്ങള്‍ മാറിത്തുടങ്ങിയതെന്ന് പറയേണ്ടിയിരിക്കുന്നു. ആധുനിക ലോകത്ത് ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉറക്കത്തെ പാതിരാത്രിയിലേക്കെത്തിക്കുന്നു. ദീര്‍ഘകാലമുള്ള ഉറക്കക്കുറവ് തലച്ചോറിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുമെന്നാണ് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നത്.
ഉറക്കക്കുറവ് പൊണ്ണത്തടിക്കും ടൈപ്പ് 2 ഡയബെറ്റിസിനും കാരണമാകുമെന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പ്രകാശമാലിന്യത്തിന്റെ ഭാവി
നഗരങ്ങളിലെ അലങ്കാര ദീപങ്ങള്‍, സൈന്‍ ബോര്‍ഡുകള്‍, പരസ്യങ്ങള്‍, വാഹനങ്ങളില്‍ നിന്നുള്ള വെളിച്ചം, തെരുവ് വിളക്കുകള്‍ തുടങ്ങിയവ വര്‍ധിച്ച രീതിയിലുള്ള പ്രകാശമാലിന്യം ഉണ്ടാക്കുന്നു. വിവിധയിനം ശാരീരിക, മാനസിക രോഗങ്ങള്‍ സൃഷ്ടിക്കാന്‍ പ്രകാശമാലിന്യം കാരണമാകുന്നുണ്ട്. ആവശ്യമായ അളവില്‍ ആവശ്യത്തിന് മാത്രം വിളക്കുകള്‍ തെളിയിക്കുന്ന ശീലം സൃഷ്ടിക്കലാണ് പ്രകാശമാലിന്യം തടയാനുള്ള പ്രാഥമികവഴി. നഗരങ്ങളിലെ പ്രകാശത്തിന് നിയന്ത്രണമുണ്ടാക്കുന്ന രീതിയില്‍ നിയമം സൃഷ്ടിക്കുന്നതും അമിത അളവിലുള്ള പ്രകാശ സ്‌ത്രോതസുകള്‍ നിരോധിക്കുന്നതും പ്രകാശ മലിനീകരണം ഒരു പരിധി വരെ തടയും.
നിശാചാരികളുടെ താളം തെറ്റുന്നു
പ്രകാശ മലിനീകരണം മൂലം ഭൂമിയുടെ ജൈവിക ആവാസ വ്യവസ്ഥയുടെ താളം തെറ്റുന്നുണ്ട്. രാത്രിയില്‍ ഇരതേടുന്ന പല ജീവികളുടേയും ജീവിതത്തെ അമിത അളവിലുള്ള പ്രകാശം പ്രതികൂലമായി ബാധിക്കുന്നുണ്ട്. പല ദേശാടപ്പക്ഷികളുടേയും ദിശതെറ്റുന്നതും ചിലയിനം തവളകളുടെ പ്രത്യുല്‍പ്പാദനം തടസ്സപ്പെടുന്നതും പ്രകാശമലിനീകരണം മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാനനിരീക്ഷണ ശാലകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതിനാല്‍ തന്നെ ചില നിരീക്ഷണ ശാലകളും അടച്ചിടേണ്ടി വന്നിട്ടുണ്ട്.
വസന്തമാകുന്നതിനു മുമ്പുതന്നെ ചെടികള്‍ പൂവിടുന്നതായും പുഴുക്കളുടേയും പ്രാണികളുടേയും എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നതായും പഠനങ്ങളുണ്ട്. പല ഹൈമാസ് ലൈറ്റുകളില്‍നിന്നും ഭീമമായ അളവില്‍ ആകാശത്തേക്ക് വെളിച്ചം പരക്കുന്നതാല്‍ തന്നെ നഗരങ്ങള്‍ക്ക് ഇരുണ്ട രാത്രികള്‍ അന്യമായിക്കൊണ്ടിരിക്കുകയാണ്. കാഴ്ച്ചത്തകരാറുകളും ഊര്‍ജ്ജ നഷ്ടവും പ്രകാശ മലിനീകരണത്തിന്റെ അനന്തരഫലമാണ്.
ഇരുട്ടും മെലാറ്റോണും
തലച്ചോറിലെ പിനിയല്‍ ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മാണാണ് മെലാറ്റോണിന്‍. സൂര്യപ്രകാശം മങ്ങുന്ന സമയത്താണ് ഈ ഹോര്‍മേണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് നമുക്ക് ഉറങ്ങാനുള്ള പ്രേരണ വര്‍ധിക്കും. ഗാഢമായ ഉറക്കം ലഭിക്കുന്നവരുടെ ശരീരത്തില്‍ മെലാറ്റോണിന്റെ അളവ് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും. മെലാറ്റോണ്‍ ആന്തരിക ശരീര താപനില കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം മികച്ച ആന്റി ഓക്‌സിഡന്റായും പ്രവര്‍ത്തിക്കുന്നുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിനും ഈ ഹോര്‍മോണ്‍ ഗുണം ചെയ്യുന്നുണ്ട്. മെലാറ്റോണിന്റെ അഭാവം ഗുരുതരായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഉറക്കത്തിന്റെ ഹോര്‍മോണായി അറിയപ്പെടുന്ന മെലാറ്റോണിന്റെ അഭാവം ഉറക്കക്കുറവുണ്ടാക്കുകയും ഉറക്കക്കുറവ് ഹൃദ്രോഗവും മാനസിക സമ്മര്‍ദ്ദവുമടക്കമുള്ള രോഗങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു.
പ്രകാശമലിനീകരണ നിറഭേദങ്ങള്‍
പ്രകാശമലിനീകരണത്തില്‍ തന്നെ വൈവിധ്യമാര്‍ന്ന മലിനീകരണ രീതികളുണ്ട്. തെരുവുവിളക്കുകളില്‍നിന്നോ ഔട്ട് ഡോര്‍ ലൈറ്റുകളില്‍നിന്നോ വെളിച്ചം ആകാശത്തേക്ക് പരക്കുന്നതാണ് സ്‌കൈഗ്ലോ.
നമ്മുടെ കാഴ്ചയെ സാരമായി ബാധിക്കുന്ന പെട്ടെന്നുള്ള അമിത പ്രകാശമാണ് ഗ്ലെയര്‍. ആവശ്യത്തിലധികമുള്ള കൃത്രിമപ്രകാശ ഉപയോഗമാണ് ഓവര്‍ ഇല്യൂമിനേഷന്‍. കൃത്രിമ വിളക്കുകള്‍ തെറ്റായ രീതിയില്‍ ക്രമീകരിച്ചുണ്ടാകുന്ന പ്രകാശ മലിനീകരണമാണ് ക്ലട്ടര്‍.
കൃത്രിമ ചന്ദ്രനുമായി ചൈന
ഭൂമിയില്‍നിന്നു 500 കിലോമീറ്റര്‍ ദൂരത്തില്‍ ചൈന വിക്ഷേപിക്കുന്ന കൃത്രിമചന്ദ്രന്മാരുടെ കാര്യം ശാസ്ത്രലോകം വളരെ പ്രതീക്ഷയോടുകൂടിയാണ് കാണുന്നത്. 3600-6400 കിലോമീറ്റര്‍ പരിധിയിലുള്ള ഭൗമമേഖലയില്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് പ്രകാശം പരത്തുന്ന കൃത്രിമചന്ദ്രന്മാര്‍ ചൈനയിലെ നഗരങ്ങളില്‍ രാത്രിയിലും പകലിന്റെ പ്രതീതി ഉളവാക്കും. പ്രതിവര്‍ഷം 1.2 ബില്യണ്‍ യുവാന്‍ വൈദ്യുതി ചാര്‍ജ്ജ് ഇതിലൂടെ ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. സൂര്യപ്രകാശത്തിന്റെ എട്ടു മടങ്ങോളം പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന കൃത്രിമചന്ദ്രന് പ്രകാശമാലിന്യമുണ്ടാക്കാതെ ജീവജാലങ്ങളുടെ ജൈവഘടികാരത്തെ സംരക്ഷിക്കാനും സാധിക്കുമെന്നാണ് ചൈനീസ് ബഹിരാകാശ ഗവേഷകരുടെ അവകാശ വാദം.
ഡാര്‍ക്ക് സ്‌കൈ അസോസിയേഷന്‍
പ്രകാശ മലിനീകരണത്തിന്റെ ലോകത്ത് ഡാര്‍ക്ക് സ്‌കൈ അസോസിയേഷനെക്കുറിച്ച് പറയാതിരിക്കാനാവില്ല.
അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ രാജ്യാന്തര സംഘടനയുടെ മുഖ്യലക്ഷ്യം പ്രകാശ മലിനീകരണത്തില്‍ നിന്നുള്ള സംരക്ഷണമാണ്.
1988 ലാണ് സംഘടനയുടെ പിറവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."