ഡല്‍ഹി വംശഹത്യ: പൗരത്വ സമരക്കാരെ കുടുക്കാന്‍ 15 അജ്ഞാത സാക്ഷികള്‍
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായി സമരം ചെയ്തവര്‍ക്കെതിരായുള്ള ഡല്‍ഹി വംശഹത്യാക്കേസില്‍ ഡല്‍ഹി പൊലിസിനുള്ളത് 15 അജ്ഞാത സാക്ഷികള്‍. കുറ്റപത്രത്തില്‍ ഈ സാക്ഷികള്‍ നല്‍കിയ മൊഴികളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. പകരം ബീറ്റാ, ഗാമ, ഡെല്‍റ്റ, എക്കോ, ഗോള്‍ഫ്, ഹെക്ടര്‍, ജൂപ്പിറ്റര്‍, ലീമ, മൈക്ക്, ഓസ്‌കാര്‍, ആല്‍ഫ, ബ്രാവോ, ഒമേഗ, വിക്ടര്‍, ചാര്‍ലി എന്നീ പേരുകളാണ് ഉപയോഹിച്ചിരിക്കുന്നത്.
15 സാക്ഷികളില്‍ നാലു പേര്‍ ഹിന്ദുക്കളും 11 പേര്‍ മുസ്‌ലിംകളുമാണെന്ന് പൊലിസ് പറയുന്നു. സാക്ഷികളുടെ ജീവനു ഭീഷണിയുണ്ടാകുമെന്നു പേടിച്ചാണ് ഇവരുടെ പേരുകള്‍ പുറത്തുവിടാത്തതെന്നും പൊലിസ് അവകാശപ്പെടുന്നു. അജ്ഞാത സാക്ഷികളുടെ കാര്യത്തില്‍ നിയമവിഗ്ധര്‍ സംശയമുന്നയിച്ചിട്ടുണ്ട്.
അജ്ഞാത സാക്ഷികള്‍ മൊഴി നല്‍കുന്നതിലുള്ള പേടി അറിയിച്ചതുകൊണ്ടാണ് അവരുടെ പേരുകള്‍ രഹസ്യമാക്കി വയ്ക്കുന്നതെന്നാണ് ഡല്‍ഹി പൊലിസിന്റെ വാദം. എന്നാല്‍ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് വേണ്ടതെന്നും സുപ്രധാന സാക്ഷികളാണെങ്കില്‍ അവരുടെ പേരുവിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ സാധിക്കില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മുസ്‌ലിം വിരുദ്ധ വംശീയ കലാപമാണ് നടന്നത്. സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത കലാപമായിരുന്നിട്ടും 17,000ത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ ആര്‍.എസ്.എസിനെതിരേയും കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരേയും ഒരു പരാമര്‍ശം മാത്രമാണുള്ളത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ സഹായത്തിനെത്തിയെന്നുള്ള പ്രതിയുടെ മൊഴിയാണ് പൊലിസ് ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പിന്നാലെ നല്‍കിയ അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഗോകുല്‍പുരിയില്‍ ഹാഷിം അലി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് മൊഴി. കട്ടര്‍ ഹിന്ദു ഏകത എന്ന പേരില്‍ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഗ്രൂപ്പിലെ ഒരംഗം കലാപത്തില്‍ സഹായത്തിനായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എത്തിയെന്ന് പറഞ്ഞെന്നാണ് മൊഴിയിലുള്ളത്.
കപില്‍ മിശ്രയ്‌ക്കെതിരായ പരാമര്‍ശവും ഈ ഗ്രൂപ്പിലുള്ളതാണ്. കപില്‍ മിശ്ര നടത്തിയ പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കഴിയുന്നതു വരെ തങ്ങള്‍ കാത്തിരിക്കുമെന്നും പിന്നാലെ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും പറഞ്ഞതായി വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നുവെന്ന് മാത്രമാണ് ഇതിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."