വയനാട്ടിലിപ്പോള്‍ ഡെക്കാണ്‍ പീഠഭൂമിയിലെ കാലാവസ്ഥ
കല്‍പ്പറ്റ: പ്രളയത്തിന് ശേഷം വയനാട് നേരിടാന്‍ പോകുന്നത് കടുത്ത പ്രതിസന്ധികളെന്ന സൂചനയുമായി കാലാവസ്ഥയില്‍ മാറ്റം. പ്രളയം അവസാനിച്ചപ്പോള്‍ വയനാട്ടിലെ പകലിന്റെ ചൂടിന് ഇരട്ടി കടുപ്പമാണ്. രാത്രിയാകുമ്പോള്‍ ഇത് നേര്‍ വിപരീതത്തിലേക്ക് നീങ്ങി കടുത്ത തണുപ്പുമാകുന്നു. ഡെക്കാന്‍ പീഠഭൂമി പ്രദേശത്തെ കാലാവസ്ഥയാണിത്. ഡെക്കാണ്‍ കാലാവസ്ഥ പശ്ചിമഘട്ടത്തെ കടന്ന് വയനാട്ടിലേക്ക് കടക്കുന്നതിന്റെ പ്രകടമായ സൂചനയാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പെ പുല്‍പ്പള്ളി താലൂക്ക് ഈ കാലാവസ്ഥയിലേക്ക് മാറ്റപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ പ്രളയത്തിന് ശേഷമുണ്ടായത്. വയനാട് മരുവല്‍ക്കരണത്തിലേക്ക് കടന്നു കഴിഞ്ഞതായി ഏറെക്കാലമായി ആശങ്കകള്‍ ഉയരുന്നുണ്ട്. ഇതിനെ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍. വലിയതോതിലുള്ള ഖനവും കൈയറ്റങ്ങളുമാണ് നൂല്‍മഴ പെയ്തിരുന്ന നാടിനെ വരള്‍ച്ചയിലേക്ക് തള്ളിവിടുന്നത്.
മണ്ണിരകളുടെ കൂട്ടത്തോടെയുള്ള ചത്തൊടുങ്ങലും ഭൂമി വിണ്ടുകീറലും വരള്‍ച്ച പിടിമുറുക്കുന്നുവെന്ന ആശങ്കയാണ് ബാക്കിയാക്കുന്നതെന്ന് ജില്ലാ മണ്ണ് സംരക്ഷ ഓഫിസര്‍ പി.യു ദാസ് പറഞ്ഞു. മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് കൊടും വരള്‍ച്ചയുടെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കോരിച്ചൊരിഞ്ഞ മഴ മണ്ണിലെ ജൈവാംശത്തെ നഷ്ടപ്പെടുത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മണ്ണിലെ ഈര്‍പ്പവും ഇതുമൂലം നഷ്ടപ്പെടും. സൂക്ഷ്മ ജീവികളെ കൂടാതെ ദുര്‍ബല വേരുകളുള്ള സസ്യങ്ങളെയും ഇത് ബാധിക്കും. 80 ദിവസത്തിനുള്ളില്‍ 4825 മില്ലീമീറ്റര്‍ മഴയാണ് വയനാട്ടിലെ പല സ്ഥലങ്ങളിലും ലഭിച്ചത്.
ലോകത്തിലെ തന്നെ അതീവ സവിശേഷതയാര്‍ന്ന സൂക്ഷ്മ കാലാവസ്ഥ നിലനിന്നിരുന്ന പ്രദേശമാണ് വയനാട്. ചിറാപുഞ്ചി കഴിഞ്ഞാല്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന പ്രദേശമാണ് വയനാട്. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വയനാടന്‍ കാലാവസ്ഥ തകര്‍ന്ന്‌കൊണ്ടിരിക്കുകയാണ്. ഡെക്കാണിന് അതിരിട്ട് ഒഴുകുന്ന കബനി നദി 2004ല്‍ മണല്‍പ്പരപ്പായി മാറിയ കൊടും വരള്‍ച്ചയുണ്ടായിരുന്നു. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയെ പാടെ തകര്‍ത്ത വരള്‍ച്ചയായിരുന്നു അത്. ഡെക്കാണ്‍ പീഠഭൂമിയില്‍ നിന്നുള്ള ചൂടുകാറ്റ് വയനാടിനെ മരുവല്‍ക്കരണത്തിലേക്ക് നയിക്കുകയാണെന്ന ആശങ്ക അന്ന് മുതല്‍ വിദഗ്ധര്‍ പങ്ക് വെച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കേരളത്തിലെ നാല് കാലാവസ്ഥാ വ്യതിയാന ഹോട്‌സ്‌പോട്ടുകളില്‍ ഒന്നായി കണക്കാക്കപ്പെട്ട വയനാടിന്റെ ഇപ്പോഴത്തെ കാലാവസ്ഥാ മാറ്റവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."