മഞ്ചേരിയില്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ വഴി വെള്ളമെത്തിക്കുന്ന നടപടികള്‍ ഇഴയുന്നു
മഞ്ചേരി: മഞ്ചേരിയില്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ച് വെള്ളമെത്തിക്കുന്ന നടപടികള്‍ എങ്ങുമെത്തിയില്ല. നഗരസഭയില്‍ നറുകര വില്ലേജിലെ പാക്കരത്ത് കോളനി, മഞ്ചേരി വില്ലേജിലെ വേട്ടേക്കോട്, പയ്യനാട് വില്ലേജിലെ കിളിയന്‍തൊടി എന്നിവിടങ്ങളിലാണ് വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ച് വെള്ളമെത്തിക്കാന്‍ തീരുമാനിച്ചിരുന്നത്.
ഇതില്‍ രൂക്ഷമായ കുടിവെള്ള പ്രതിസന്ധി നേരിടുന്ന പാക്കരത്ത് കോളനിയില്‍ കിയോസ്‌ക്കു സ്ഥാപിച്ചിട്ടില്ല. ഒരുമാസമായി വെള്ളം സംഭരിക്കുന്ന ടാങ്ക് ഇവിടെ എത്തിച്ചിരിക്കുകയാണന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടര്‍ നടപടികള്‍ കൈകൊണ്ടിട്ടില്ലെന്നും വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ് പറഞ്ഞു.
അതേസമയം, കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടന്നും വെള്ളമെത്തിക്കുകയാണ് ഇനി ചെയ്യേണ്ടതെന്നുമാണ് വില്ലേജ് അധികൃതര്‍ പറയുന്നത്. പയ്യനാട് വില്ലേജില്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടങ്കിലും വെള്ളമെത്തിയിട്ടില്ല. വെള്ളം ലഭ്യമാവുന്ന മുറക്കു ഉടന്‍ വിതരണം ചെയ്യുമെന്നാണ് അധികൃതരുടെ വിശദീകരണം. വാട്ടര്‍ അതോറിറ്റിയാണ് കിയോസ്‌ക്കുകളിലേക്ക് വെള്ളം നല്‍കേണ്ടത്. സാധാരണ പൈപ്പുലൈന്‍വഴി നല്‍കുന്ന വെള്ളവും ഇതിനു പുറമെ നല്‍കേണ്ടതുണ്ട്. എന്നാല്‍ രൂക്ഷമായ വെള്ളക്ഷാമം മൂലം വാട്ടര്‍ കിയോസ്‌കുകളില്‍ വെള്ളമെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
മഞ്ചേരി വില്ലേജിലെ വേട്ടേക്കോടാണ് മറ്റൊരു കിയോസ്‌ക്ക് സ്ഥാപിക്കുമെന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇതു രണ്ടാംഘട്ടമായി അനുവദിക്കാനിരിക്കുന്നതെയുള്ളു. വേട്ടേക്കോട് ഭാഗത്തു രൂക്ഷമായ കുടിവെളളക്ഷാമമാണ് നേരിടുന്നത്. ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷന്‍പോലും ഈ ഭാഗത്തേക്കില്ല. പൊതുവെ കോളനികളിലും മറ്റു ഗ്രാമപ്രദേശങ്ങളിലും ശക്തമായ കുടിവെള്ളക്ഷാമം മൂലം ജനം പൊറുതിമുട്ടുകയാണ്.
ചാലിയാര്‍ പുഴയില്‍ വെള്ളം ലഭ്യമാണങ്കിലും വേണ്ട രീതിയില്‍ ജനങ്ങള്‍ക്കു എത്തിച്ചുനല്‍കുന്നതില്‍ അധികൃതരുടെ ഭാഗത്തു നിന്നും ആത്മാര്‍ഥമായ ശ്രമങ്ങളുണ്ടാവുന്നില്ലന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.
സര്‍ക്കാര്‍ ഉറപ്പുനല്‍കിയ വാട്ടര്‍ കിയോസ്‌ക്കുകള്‍ വഴിയുള്ള വെള്ളം കാര്യക്ഷമമായി വിതരണം ചെയ്തു കഴിഞ്ഞാല്‍ നഗരസഭാ പരിധിയിലെ ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം നേരിടുന്ന പാക്കരത്ത് കോളനി, കിളിയന്‍തൊടി,വേട്ടേക്കോട് എന്നിവിടങ്ങളിലുളളവര്‍ക്കും പരിസരങ്ങളിലുള്ളവര്‍ക്കും ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."