നിയമസഭയിലെ കൈയാങ്കളി: നാല് ഇടതു മുന്‍ എം.എല്‍.എമാര്‍ ജാമ്യമെടുത്തു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളിക്കേസില്‍ നാല് ഇടതു മുന്‍ എം.എല്‍.എമാര്‍ ജാമ്യമെടുത്തു. കെ. അജിത്, സി.കെ സദാശിവന്‍, വി. ശിവന്‍കുട്ടി. കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
ഓരോരുത്തര്‍ക്കും 35,000 രൂപ വീതം ജാമ്യത്തുക കെട്ടിവച്ചാണ് ജാമ്യമെടുത്തത്. മന്ത്രിമാരായ കെ.ടി ജലീലും ഇ.പി ജയരാജനും ജാമ്യമെടുത്തിട്ടില്ല. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹരജി സി.ജെ.എം കോടതി തള്ളിയതിനെ തുടര്‍ന്നാണ് ജാമ്യമെടുത്തത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ വേണ്ടി പ്രതിപക്ഷം സഭയില്‍ നടത്തിയ ശ്രമങ്ങളാണ് ഈ കേസിനാസ്പദമായ സംഭവം.
സ്പീക്കറുടെ കസേര, എമര്‍ജന്‍സി ലാംപ്, നാലു മൈക്ക് യൂണിറ്റുകള്‍, സ്റ്റാന്‍ഡ് ബൈ മൈക്ക്, ഡിജിറ്റല്‍ ക്ലോക്ക്, മോണിറ്റര്‍, ഹെഡ്‌ഫോണ്‍ എന്നിവയെല്ലാം കൈയാങ്കളിക്കിടെ നശിപ്പിച്ചിരുന്നു. അന്ന് രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു എന്നായിരുന്നു പൊലിസിന്റെ കുറ്റപത്രം. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ശിവന്‍കുട്ടി നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ ആവശ്യം കോടതിയിലെത്തിയപ്പോള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പിയും തടസ്സവാദം ഉന്നയിച്ചിരുന്നു.
ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഇതില്‍ ആദ്യം വാദം കേട്ടത്. പിന്നീട് ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം സി.ജെ.എം കോടതിയിലേക്ക് കേസ് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ കോടതി കേസില്‍ വിശദമായ വാദം കേട്ടു.
തടസ്സവാദം ഉന്നയിച്ചവരുടെയും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകയുടെയും വാദം കേട്ട ശേഷമാണ് കോടതി സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."